ബഷീർ: ജീവിതവും എഴുത്തും
ആദിൽ മജീദും അബ്ദുൽ ഹാദിയുമായുള്ള സംഭാഷണം അബ്ദുൽ ഹാദി: നമസ്കാരം. ഇന്ന് ജൂലൈ 5, ബഷീർ ഓർമ്മദിനം. സാർ, നമ്മുടെ ഇടയിൽ ബഷീറിനെപ്പോലത്തെ ഒരുപാട് സാഹിത്യകാരന്മാർ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ബഷീറിനെപ്പറ്റി ആളുകൾ കൂടുതൽ സംസാരിക്കുകയും കേൾക്കുകയും ചെയ്യുന്നത്? ആദിൽ മജീദ്: നമസ്കാരം. ശരിയാണ്, നമുക്ക് ഒരുപാട് സാഹിത്യകാരന്മാരുണ്ട്. പക്ഷേ അവരെക്കാളൊക്കെ കൂടുതലായിക്കൊണ്ട് നമ്മൾ സംസാരിക്കുന്നതും ചർച്ച ചെയ്യുന്നതും സാധാരണക്കാർപോലും വായിക്കുന്ന രചനകളാണ് ബഷീറിൻ്റേതായിട്ടുള്ളത്. അതിൻ്റെ പ്രധാന കാരണം, ബഷീർ സംസാരിച്ചത് പച്ചയായ മനുഷ്യരോടും അവരുടെ ജീവിതത്തെക്കുറിച്ചുമാണ്. ബഷീറിൻ്റെ രചനകൾ വായിക്കുമ്പോൾ നമ്മളും അതിലെ കഥാപാത്രമായി മാറുന്നു. പ്രേമലേഖനം വായിക്കുമ്പോൾ കേശവനായരായി മാറുന്നു, ബാല്യകാലസഖി വായിക്കുമ്പോൾ മജീദായി മാറുന്നു. വലിയ ഇതിഹാസങ്ങളെക്കുറിച്ചോ പ്രമുഖരെക്കുറിച്ചോ ഒന്നുമല്ല, നമുക്ക് ഉൾക്കൊള്ളാൻ കഴിയുന്ന, നമുക്ക് പരിചിതരായ ആളുകളെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. അതുകൊണ്ടാണ് വായനക്കാർക്ക് ബഷീറുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ (Relate & Connect) കഴിയുന്നത്. അബ്ദുൽ ഹാദി: ബഷീർ രചനകളിൽ ഒരുപാട് അർത്ഥമില്ലാത്ത വ...