ബഷീർ: ജീവിതവും എഴുത്തും
ആദിൽ മജീദും അബ്ദുൽ ഹാദിയുമായുള്ള സംഭാഷണം
അബ്ദുൽ ഹാദി: നമസ്കാരം. ഇന്ന് ജൂലൈ 5, ബഷീർ ഓർമ്മദിനം. സാർ, നമ്മുടെ ഇടയിൽ ബഷീറിനെപ്പോലത്തെ ഒരുപാട് സാഹിത്യകാരന്മാർ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ബഷീറിനെപ്പറ്റി ആളുകൾ കൂടുതൽ സംസാരിക്കുകയും കേൾക്കുകയും ചെയ്യുന്നത്?
ആദിൽ മജീദ്: നമസ്കാരം. ശരിയാണ്, നമുക്ക് ഒരുപാട് സാഹിത്യകാരന്മാരുണ്ട്. പക്ഷേ അവരെക്കാളൊക്കെ കൂടുതലായിക്കൊണ്ട് നമ്മൾ സംസാരിക്കുന്നതും ചർച്ച ചെയ്യുന്നതും സാധാരണക്കാർപോലും വായിക്കുന്ന രചനകളാണ് ബഷീറിൻ്റേതായിട്ടുള്ളത്. അതിൻ്റെ പ്രധാന കാരണം, ബഷീർ സംസാരിച്ചത് പച്ചയായ മനുഷ്യരോടും അവരുടെ ജീവിതത്തെക്കുറിച്ചുമാണ്.
ബഷീറിൻ്റെ രചനകൾ വായിക്കുമ്പോൾ നമ്മളും അതിലെ കഥാപാത്രമായി മാറുന്നു. പ്രേമലേഖനം വായിക്കുമ്പോൾ കേശവനായരായി മാറുന്നു, ബാല്യകാലസഖി വായിക്കുമ്പോൾ മജീദായി മാറുന്നു. വലിയ ഇതിഹാസങ്ങളെക്കുറിച്ചോ പ്രമുഖരെക്കുറിച്ചോ ഒന്നുമല്ല, നമുക്ക് ഉൾക്കൊള്ളാൻ കഴിയുന്ന, നമുക്ക് പരിചിതരായ ആളുകളെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. അതുകൊണ്ടാണ് വായനക്കാർക്ക് ബഷീറുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ (Relate & Connect) കഴിയുന്നത്.
അബ്ദുൽ ഹാദി: ബഷീർ രചനകളിൽ ഒരുപാട് അർത്ഥമില്ലാത്ത വാക്കുകൾ കാണാറുണ്ട്. അത് ശരിക്കും സാഹിത്യത്തിനെതിരല്ലേ?
ആദിൽ മജീദ്: സാഹിത്യത്തിൻ്റെ എല്ലാ രൂപങ്ങളും ഉൾക്കൊള്ളുന്നതാണ് ബഷീറിൻ്റെ രചനകൾ. പക്ഷേ, അദ്ദേഹം എഴുതുമ്പോൾ വലിയ കടുകട്ടിയുള്ള വാക്കുകളോ ആർക്കും മനസ്സിലാവാത്ത പ്രയോഗങ്ങളോ അല്ല ഉപയോഗിച്ചത്. വളരെ ലളിതമായി, പച്ചയായ രൂപത്തിൽ ആർക്കും മനസ്സിലാകുന്ന ഭാഷയിലാണ് അദ്ദേഹം ജീവിതത്തെ ആവിഷ്കരിച്ചത്. ഈ ലളിതമായ ഭാഷ സാഹിത്യത്തിന് പുറത്തല്ല, അതുതന്നെയാണ് സാഹിത്യം.
നർമ്മരൂപേണ ഒരിക്കൽ ബഷീർ പറഞ്ഞ ഒരു കാര്യമുണ്ട്: സുകുമാർ അഴീക്കോടിൻ്റെ കത്ത് വായിച്ച് മനസ്സിലാകാത്തതിനാൽ അത് മെഡിക്കൽ ഷോപ്പിൽ കൊടുത്തപ്പോൾ അവർ വയറിളക്കത്തിനുള്ള മരുന്ന് നൽകിയത്രേ! അതായത്, എല്ലാവർക്കും മനസ്സിലാക്കാൻ കഴിയുന്ന ലളിതമായ ഭാഷയിലാണ് ബഷീർ സംസാരിച്ചത്.
അബ്ദുൽ ഹാദി: അദ്ദേഹത്തിൻ്റെ രചനകൾ വെറും ഭാവന മാത്രമാണോ, അതോ അതിന് അദ്ദേഹത്തിൻ്റെ ജീവിതവുമായി സാമ്യമുണ്ടോ?
ആദിൽ മജീദ്: അദ്ദേഹത്തിൻ്റെ രചനകൾ പരിശോധിക്കുമ്പോൾ ജീവിതം മുഴുവനായിട്ട് അവിടെ നിഴലിച്ചു നിൽക്കുന്നതായി നമുക്ക് കാണാം. ഭാവനയോടൊപ്പം തീക്ഷ്ണമായ അനുഭവങ്ങളുടെ ചൂട് കൂടി കടന്നുവരുമ്പോഴാണ് അത് ലക്ഷണമൊത്ത സാഹിത്യമായി മാറുന്നത്.
ഉദാഹരണത്തിന്, പോക്കറ്റടിക്കാരൻ്റെ കഥ ബഷീറിൻ്റെ സ്വന്തം അനുഭവമാണ്. ഭക്ഷണം കഴിച്ച ശേഷം പണം കൊടുക്കാൻ നേരത്ത് പോക്കറ്റടിക്കപ്പെട്ട അപമാനഭാരത്തിൽ നിൽക്കുന്ന ബഷീറിനെ സഹായിക്കാൻ ഒരാൾ കടന്നു വരുന്നു. പിന്നീട് ഇദ്ദേഹം (പോക്കറ്റടിക്കാരൻ) ബഷീറിൻ്റെ പേഴ്സ് തിരികെ നൽകി. സംഭാഷണത്തിനിടയിൽ പേര് ചോദിക്കാൻ മറന്നുപോയെന്നും, ഒരുപക്ഷേ അദ്ദേഹത്തിൻ്റെ പേര് 'ദയ' എന്നായിരിക്കും എന്നും ബഷീർ കുറിച്ചതായി പറയുന്നു.
അബ്ദുൽ ഹാദി: ബഷീർ സാഹിത്യത്തിൽ പ്രകടമാകുന്ന മൂല്യങ്ങൾ എന്തൊക്കെയാണ്?
ആദിൽ മജീദ്: ബഷീർ സാഹിത്യത്തിൽ പ്രകടമാകുന്ന ഏറ്റവും പ്രധാനപ്പെട്ട മൂല്യങ്ങൾ സ്നേഹവും ദയാവായ്പ്പുമാണ്. ഞാൻ വായിച്ചതിൽ ഏറ്റവും മനോഹരമായി സ്നേഹത്തെ ആവിഷ്കരിച്ചത് ബഷീർ തന്നെയാണ്.
'പാത്തുമ്മയുടെ ആട്': ചോര ഊറ്റിക്കുടിച്ച അട്ടയെ പോലും കൊല്ലാൻ തുനിയാതെ, അതിന് ഉമ്മയും വാപ്പയും കുടുംബവും ഉണ്ടാകില്ലേ എന്ന് കരുതി വെറുതെ വിടുന്ന പാത്തുമ്മയുടെ സ്നേഹം.
'ഭൂമിയുടെ അവകാശികൾ': ഭൂമിക്ക് മനുഷ്യർ മാത്രമല്ല, മൃഗങ്ങൾ, പാമ്പുകൾ, അട്ട, മൂട്ട ഉൾപ്പെടെ എല്ലാ ജീവജാലങ്ങൾക്കും അവകാശമുണ്ട് എന്ന തിരിച്ചറിവ്.
മാനുഷിക മൂല്യം: അപമാനിക്കപ്പെടുന്നവനോട് ദയാവായ്പ്പ് കാണിക്കുന്ന പോക്കറ്റടിക്കാരനെയും, തൻ്റെ കുഞ്ഞിൻ്റെ വിശപ്പകറ്റാൻ മോശപ്പെട്ട ജോലിക്ക് പോകുന്ന അമ്മയായ വേഷ്യയെയും അദ്ദേഹം അവതരിപ്പിച്ചു.
മാതൃത്വം: ബഷീർ എന്നും വരുമെന്ന് പ്രതീക്ഷിച്ചു ചോറ് കരുതി വെക്കുന്ന ഉമ്മയുടെ സ്നേഹം.
അബ്ദുൽ ഹാദി: കുട്ടികൾ എന്ന നിലയ്ക്ക് ഞങ്ങൾ ബഷീറിൽ നിന്ന് എന്താണ് പഠിക്കേണ്ടത്?
ആദിൽ മജീദ്: ബഷീർ പ്രകടിപ്പിക്കുന്ന സ്നേഹം എല്ലാ അർത്ഥത്തിലും മനസ്സിലാക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട പാഠം.
പിന്നെ, ബഷീറിൻ്റെ ഭാഷ ലളിതമാണ്. എങ്കിലും, അദ്ദേഹത്തിൻ്റെ രചനകൾ നിരവധി വെട്ടിത്തിരുത്തലുകൾക്ക് ശേഷമാണ് പൂർത്തിയാക്കിയത്. 'പ്രേമലേഖനം' ആദ്യം വലിയ കട്ടിയുള്ള ഒരു രചനയായിരുന്നു. അത് എഴുതി വെട്ടിയും തിരുത്തിയും കാച്ചിക്കുറുക്കിയാണ് ഇന്നത്തെ രൂപത്തിലാക്കിയത്.
പാഠം: എഴുതാൻ താൽപ്പര്യമുള്ളവർ ഒരുപാട് എഴുതാനും, എഴുതിയത് തിരുത്താനും ശ്രമിക്കണം. എങ്കിൽ മാത്രമേ നല്ലൊരു എഴുത്തുകാരനാകാൻ സാധിക്കൂ.
അബ്ദുൽ ഹാദി: ബഷീറിനെക്കുറിച്ചുള്ള ചർച്ചകൾ ഇവിടെ അവസാനിക്കുകയാണ്. പ്രിയപ്പെട്ട സാറിനും പ്രിയപ്പെട്ട സുഹൃത്തുക്കൾക്കും നന്ദി.
Comments
Post a Comment