രാത്രിമഴ പെയ്തൊഴിഞ്ഞു.
കോളേജ് ആർട്ട്സ്- കവിതാപാരായണ മത്സരത്തിന് തിരഞ്ഞെടുത്ത കവിത സുഗതകുമാരി ടീച്ചറുടേതായിരുന്നു.
"ഇരുട്ടിൽ, തിരുമുറ്റത്ത്
കൊണ്ടു വെയ്ക്കുകയാണു ഞാൻ
പിഴച്ചു പെറ്റൊരീക്കൊച്ചു
പൈതലെ;ക്കാത്തു കൊള്ളുക"
പെൺകുഞ്ഞ് 90 എന്ന കവിത പാടുമ്പോൾ അനാഥയായി തെരുവിൽ അലയുന്ന പെൺകുട്ടിയുടെ മുഖമായിരുന്ന മനസ്സിൽ .
"പെണ്ണാണ്, കൊന്നൊഴിച്ചീടാൻ
കഴിഞ്ഞീല, പൊറുക്കുക
നിൻമടിത്തട്ടിൽ ജീവിക്കാൻ
ഇവൾക്കുമിടമേകുക"
എന്ന് ടീച്ചർ എഴുതുമ്പോൾ പെൺ നോവുകൾ അനുവാചകരുടെ മനസ്സിൽ തറച്ചു കയറുകയായിരുന്നു.
"ഒരു പാട്ടു പിന്നെയും പാടി നോക്കുന്നിതാ
ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി
മഴുതിന്ന മാമര കൊമ്പില്‍ തനിച്ചിരുന്നൊ-
ടിയാ ചിറകു ചെറുതിളക്കി
നോവുമെന്നോര്‍ത്തു പതുക്കെ അനങ്ങാതെ
പാവം പണിപ്പെട്ടു പാടിടുന്നു
ഇടരുമീ ഗാനമോന്നേറ്റു പാടാന്‍ കൂടെ
ഇണയില്ല കൂട്ടിനു കിളികളില്ല"
ഇത്തരം കവിതകളിലൂടെ പ്രകൃതി സൗഹൃദത്തിലേക്കൊരു പാലം തീർക്കുകയായിരുന്നു അക്ഷരാർത്ഥത്തിൽ ടീച്ചർ. നാം പ്രകൃതിയോടു ചെയ്ത ക്രൂരതകളോർത്ത് ചിറകൊടിഞ്ഞ പക്ഷിയെ പോലെ കുറ്റബോധം പേറി മാറി നിൽക്കാൻ തോന്നും കവിത വായിക്കുമ്പോൾ .
ടീച്ചറുടെ കവിതകളിൽ ഏറ്റവും പ്രിയം ഏതെന്ന ചോദ്യത്തിനൊരുത്തരം നൽകുക പ്രയാസമാണെങ്കിലും, അങ്ങനെയൊരു ഉത്തരമുണ്ടെങ്കിൽ അത് 'രാത്രിമഴ' എന്നാകും. മനസ്സിൽ ഇപ്പോഴും തോരാതെ പെയ്തിറങ്ങുന്നുണ്ട് ആ നോവിൻ രാത്രി മഴ.
"രാത്രിമഴ,ചുമ്മാതെ
കേണും ചിരിച്ചും
വിതുമ്പിയും നിര്‍ത്താതെ
പിറുപിറുത്തും നീണ്ട
മുടിയിട്ടുലച്ചും
കുനിഞ്ഞിരിക്കുന്നോരു
യുവതിയാം ഭ്രാന്തിയെപ്പോലെ."
ജീവിതം ദു:ഖത്തിൻ കയത്തിലൂടെ പോകുമ്പോൾ താൻ എഴുതിയ കവിതയാണ് രാത്രി മഴയെന്ന് കവയത്രി തന്നെ പറയുന്നുണ്ട്. തീക്ഷ്ണമായ വികാരങ്ങളുടെ ബഹിർസ്ഫുരണമാണ് കവിതയെന്ന യാഥാർത്ഥ്യത്തെ അരക്കെട്ടുറപ്പിക്കുന്നതും കവിയും കവിതയും രണ്ടെല്ലന്ന സത്യത്തെ ശരിവെക്കുന്നതുമാണ് സുഗതകുമാരിക്കവിതകൾ. കവി കവിതയായി മാറുകയാണ്.
"തനിച്ചുള്ള
തേങ്ങിക്കരച്ചിലും
പുലരിയെത്തുമ്പോള്‍
മുഖം തുടച്ചുള്ള നിന്‍
ചിരിയും തിടുക്കവും
നാട്യവും ഞാനറിയും;
അറിയുന്നതെന്തുകൊ-
ണ്ടെന്നോ?സഖീ,ഞാനു-
മിതുപോലെ"
എന്ന് പാടി കൊണ്ടാണല്ലോ 'രാത്രി മഴ' അവർ അവസാനിപ്പിക്കുന്നത്.
കവിയുടെ വിയോഗത്തോടെ സുഗതകുമാരി കവിതകളുടെ പെയ്ത്ത് അവസാനിച്ചെങ്കിലും പാടി വെച്ച വരികൾ ഇപ്പോൾ തോരാതെ പെയ്ത് കൊണ്ടിരിക്കുന്നു.
"ഇത്തിരി സ്നേഹം നൽകുക, അത് മാത്രം മതി"യെന്ന രണ്ട് വരി മാത്രം മതി സുഗതകുമാരിയെന്ന കവയത്രിയെ വേണ്ടുവോളം ഓർമ്മിക്കാൻ...
Comments
Post a Comment