അച്ഛന്റെ പെട്ടി shot story



   അന്നവിടെ പതിവിലും കൂടുതൽ ആളുകൾ ഉണ്ടായിരുന്നു. "മേമ തോക്ക് കണ്ടിട്ടുണ്ടോ..? നോക്ക്.. അച്ഛൻ കഴിഞ്ഞ തവണ ലീവിന് വന്നപ്പോൾ കൊണ്ടുവന്നതാ... നോക്ക്...   നല്ല രസുണ്ട്ലേ..."
ഉണ്ണി കളിത്തോക്ക് നീട്ടി. "ഉണ്ണീ ഇത് നല്ല ചന്തമുണ്ടല്ലോ" അവന്റെ തോളിൽ തട്ടി പ്രശംസിച്ചു കൊണ്ടവർ പറഞ്ഞു. 
മിഠായിയിൽ കൂനനുറുമ്പുകൾ അരിക്കാൻ വരും കണക്കെ ആളുകൾ ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടിരുന്നു. 
    ബന്ധുക്കളേയും കൂട്ടുകാരെയും കണ്ടവൻ തുള്ളിച്ചാടി. ചില്ലലമാരയിൽ ഇരിക്കുന്ന മിലിറ്ററി ഷർട്ട് അമ്മ കൊടുക്കാത്തതിൽ അവന് പരിഭവമുണ്ടെങ്കിലും അച്ഛൻ തന്ന തോക്കിൽ ഒടുവിലവൻ സമാധാനപ്പെട്ടു. സമപ്രായക്കാരായ കൂട്ടുകാരെ കിട്ടിയപ്പോൾ അവൻ ആഹ്ലാദത്തോടെ വാതോരാതെ പറഞ്ഞു തുടങ്ങി. "നിങ്ങൾക്ക് അറിയ്യോ എന്റെ അച്ഛൻ പട്ടാളത്തിലാണ്. അതിർത്തിയിൽ നമ്മളെ നാട് കാക്കണ ധീരനായ ജവാനാണ് ഇന്റെ അച്ഛൻ. നിങ്ങൾ തോക്കു കണ്ടിട്ടുണ്ടോ...?" അവർ മിഴിച്ചു നിന്നു.  മിണ്ടാതിരിക്കാൻ അമ്മ അവശയായി കണ്ണുരുട്ടിയെങ്കിലും അതൊന്നും കാര്യമാക്കാതെയവൻ വീണ്ടും വാചാലനായി. "അച്ഛന്റെ പെട്ടിയിൽ വലിയ തോക്കുണ്ട്. ഞാനത് കണ്ടിട്ടുമുണ്ട് ഒരിക്കൽ 'ശൂം' അതിൽ തൊട്ടിട്ടുമുണ്ട്. ഇനി അച്ഛൻ വരുമ്പോൾ ..."
       പെട്ടെന്ന് ചില പട്ടാളക്കാർ ഔദ്യോഗിക വേഷത്തിൽ  വലിയ പെട്ടിയുമായി വന്നു. അവന്റെ കുഞ്ഞു വാക്കുകൾ മുറിച്ചു പോയി. ത്രിവർണ്ണ പതാക ചുറ്റിയ പെട്ടി തുറന്നപ്പോൾ നിലവിളികൾ ഉയർന്നു. മുറിഞ്ഞു പോയ അക്ഷരങ്ങൾക്ക് പിന്നാലെ അവന്റെ ചുണ്ടുകൾ നിശ്ചലം മരവിച്ചു നിന്നു.

Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

ആസിംക്കയുടെ ചായ മക്കാനി

പദശുദ്ധികോശം