ഇരുപതുകളിൽ അറിയേണ്ടത്
കാലം ചില കൊത്തുപണികളാൽ മനോമണ്ഡലത്തെ മനോഹരമാക്കുന്നു. ജീവിത വഴിയിൽ കൈവന്ന അനുഭവങ്ങളാണവ. പ്രായം കൂടുംതോറും ചിന്തകൾ മാറുന്നു.
പിതാവിനെ കുറിച്ചുള്ള ഇരുപതുകാരന്റെ ചിന്തയെന്താകുമെന്ന് ഓർത്തു നോക്കൂ ..., ബാല്യത്തിലെ റോൾ മോഡലായിരുന്ന പിതാവ് കൗമാരത്തിലെ കാർക്കശ്യക്കാരനും യുവത്വത്തിലെ വില്ലനുമായിത്തീരുന്നു. അയാളുടെ വാക്കും പ്രവർത്തിയും പിന്നീടവന് ഇഷ്ടപ്പെടുന്നില്ല. കുറ്റം മാത്രം കണ്ടെത്തുന്ന പിതാവിനെ അവൻ വെറുക്കാൻ ശ്രമിക്കുന്നു.
ഇരുപതുകൾ പിന്നിട്ട് നാൽപതുകളുടെ പടവുകളിലെത്തുമ്പോൾ ചിന്താമണ്ഡലങ്ങൾ വികസിക്കുകയും പിതാവിനെ കുറിച്ചുള്ള ചിന്തകൾ ആപാദചൂഡം മാറുകയും ചെയ്യുന്നു. അനുഭവങ്ങളാൽ കാലം പലതും അവനെ പഠിപ്പിക്കുന്നു. ഉപ്പ തനിക്ക് എത്രമാത്രം പ്രിയപ്പെട്ടവനായിരുന്നുവെന്ന് തിരിച്ചറിയുന്നതാണ് ആ സമയം. ഉപ്പയുടെ ക്ഷമയും കരുതലും കാത്തുവെപ്പും തിരിച്ചറിയുമ്പോൾ അദ്ദേഹം ഒരു പക്ഷേ കൂടെയുണ്ടാകണമെന്നില്ല.
മുപ്പതുകളിലും നാൽപ്പതുകളിലുമാണ് ഒരാൾ പൂർണ്ണ മനുഷ്യനായി തീരുന്നത്.
ഒരാൾ മദ്ധ്യവയസ്കൻ ആകുന്നതോടെ തിരിച്ചറിവുകൾ ഉണ്ടാകുന്നു. ബാല്യകാല ചാപല്യവും യുവത്വത്തിന്റെ പ്രസരിപ്പിൽ ചെയ്ത അവിവേകവും അവനെ ബോധ്യപ്പെടുത്തുന്നതാണ് മദ്ധ്യവയസ്. ഇന്നലകളിൽ താൻ ചെയ്ത പ്രവർത്തനങ്ങളെ ഇരുത്തി ചിന്തിപ്പിക്കുന്നതുമാണത്. ദൂർത്തടിച്ച സമ്പാദ്യവും നഷ്ടപ്പെടുത്തിയ സമയവും ഓർത്ത് വിലപിക്കുന്നവരെ കണ്ടിട്ടില്ലേ..?
ഇരുപത്കാരന് നാൽപ്പതുകാരനെ പോലെയാകാൻ കഴിയില്ല. എന്നാൽ ഒന്നു ശ്രമിച്ചാൽ തന്റെ പ്രായത്തിന്റെ ചാപല്യങ്ങളും വിവേക ശൂന്യതയും തിരിച്ചറിയാനും നിയന്ത്രിക്കാക്കാനും സാധിക്കും. പ്രായം ചിന്തകൾക്ക് മാറ്റ്കൂട്ടുന്നു.
യുവത്വമേ.., നാൽപ്പതുകാരനാകാനല്ല, പ്രായത്തിന്റെ അവിവേകവും എടുത്തു ചാട്ടവും തിരിച്ചറിഞ്ഞ് ജീവിതം പക്വതയോടെ കെട്ടിപ്പെടുത്താൻ നിങ്ങൾക്ക് ആകേണ്ടതുണ്ട്. നാഥൻ അനുഗ്രഹിക്കട്ടെ ....
ആമീൻ
Comments
Post a Comment