നാളെയവർ Lakshadweep

അവർ ദ്വീപുകാരാണ്, ലക്ഷദ്വീപുകാർ. വർണ്ണ മത്സ്യങ്ങളുടെ കൂട്ടുകാർ. നെറ്റ്‌വർക്ക് ഇപ്പോഴും 2Gയിൽ തന്നെ. നിങ്ങൾ എപ്പോൾ വിളിച്ചാലും അവരെ കിട്ടണമെന്നില്ല. വാർത്തകൾ പുറത്തറിയാൻ അവർക്ക് വാർത്താ ഏജൻസികളില്ല. ഉണ്ണാനും ഉടുക്കാനും ഓടങ്ങളെ കാത്തിരിക്കുന്നവർ. മാറിമറയുന്ന ഋതുഭേദങ്ങളെ നിസ്സഹായരായി നോക്കി നിൽക്കുന്നവർ. ഇന്നവർ, കരിനിയമത്തിൻ കീഴിലാണ്. അവരുടെ ഭക്ഷണം, ഭാഷാ, വേഷം എന്നിവ തീരുമാനിക്കപ്പെട്ടിരിക്കുന്നു. ചിലർ പറയുന്നതേ അവർ ഇനി കേൾക്കാവൂ... ചിലർ പറയുന്നതേ ഇനിയവർ തിന്നാവൂ... ചിലർ പറയുന്നതേ ഇനിയവർ ചിന്തിക്കാവൂ.. നാളെയവർ, തീവ്രവാദികളാണ് , നാളെയവർ രാജ്രദ്രോഹികളാണ് അപരിഷ്കൃതരെന്നും വികസന വിരോധികളെന്നും അവരെ ചാപ്പ കുത്തിയേക്കാം. ആ കുഞ്ഞൻ ദ്വീപുകൾ ആയുധപുരകളായി മാറിയേക്കാം. മാരക ആയുധങ്ങളും ലഹരിദ്രവ്യങ്ങളും കണ്ടു കിട്ടിയേക്കാം. മത വർഗ്ഗീയ വാദികളെന്ന് ചിലർ വാദിച്ചേക്കാം. പാക്കിസ്ഥാൻ ഏജന്റുകളെന്ന് സൈറൺ മുഴങ്ങിയേക്കാം. അതെ, നാളെയവർ കുടിയേറ്റക്കാരായി തീർന്നിരിക്കും. അപ്പോൾ, നിങ്ങളുടെ കണ്ണുകളെ അവിശ്വസിക്കാതിരിക്കൂ ... ചരിത്രവും വർത്തമാനവും കളവാക്കാതിരിക്കൂ ...