ബാല്യകാലം



മുറ്റത്തെ തൈമാവിൻ കൊമ്പിലൂടെ
ഞാനിന്ന് എത്തി നോക്കിയെൻ്റെ ബാല്യകാലം.
ചക്കരമാവിലൂടെ ഊഴ്ന്നിറങ്ങുന്ന
ഓർമ്മകൾ ഊറുന്ന മധുരകാലം.
തുമ്പിക്ക് വിരുന്നുട്ടാൻ തുമ്പപ്പൂ തോരനും
പച്ചിലച്ചാറും മാവിലയിൽ
ഒരുക്കിയ  വിരുന്നുകാലം.
വനിയിൽ വിരിഞ്ഞ മലർചെണ്ടു 
പറിക്കാൻ കൊതിച്ച വസന്തകാലം.
വാനിൽ ചിറകിട്ട ചിത്രശലഭങ്ങൾക്ക് 
പിന്നാലെ പാഞ്ഞ ശോഭ കാലം.
പള്ളിപ്പറമ്പിലെ ഉറങ്ങാത്ത ജിന്നും
കൊന്നു തിന്നുന്ന കോക്കാൻ ഭൂതവും
വരുമെന്ന് പേടിച്ച് വിറപൂണ്ട ഭൂതകാലം.
പായ് വിരിച്ചു അമ്മ പഠിക്കാൻ ഇരുത്തു-
മ്പോൾ ചിണുങ്ങുന്ന കുസൃതി കാലം.
മുത്തശ്ശി മാവിൻ്റെ ചുറ്റിൽ ഇരുന്നു
മുത്തശ്ശി ഊട്ടുന്ന കഥാ കദനകാലം.
ഇനിയെന്ന് വരും എൻ്റെ ബാല്യകാലം...
നെറ്റിയിൽ തുടുത്ത മുഴകളും
മുട്ടിലെ ഉണങ്ങാത്ത മുറിവും
മനസ്സിലെ മായാത്ത മുദ്രയായി
നനവ് പടർത്തുന്നു  ശിഷ്ടകാലം.

Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

ആസിംക്കയുടെ ചായ മക്കാനി

പദശുദ്ധികോശം