ഇലകൾ പ്രാർത്ഥിച്ചത്
തെന്നലിൻ വികൃതിയിൽ വീഴാതെ ആഞ്ഞൊന്നുലഞ്ഞു നിന്നു. ഊഴ്ന്നു വീഴാതെ നിൽക്കാൻ തെല്ലൊന്ന് ചാഞ്ഞ് കെഞ്ചി കരം കൂപ്പി നിന്നു. വേർപ്പെട്ട ഗന്ധം പരത്തി വിട നൽകി പനിനീർ ദളം. നീരിറ്റു വീർപ്പിട്ടു മാതൃ കാണ്ഡം. തെന്നലിൽ ഞെട്ടിൽ നിന്ന് അറ്റുവീണു മെല്ലെ മെല്ലെ. നൊമ്പരം ചില്ലകൾ തൊട്ടുരുമ്മി. മൂപ്പെത്തിയില്ലെന്ന ഈർഷ്യമോടെ വിശാലപ്പരപ്പിൽ ചാഞ്ഞിറങ്ങി. കാത്തിരിപ്പിൻ അറുതിയായി ഭൂമി ഇടനെഞ്ചിൽ ഇടമേകി പുഞ്ചിരിച്ചു. പനിനീർ ദളങ്ങളെ പുൽകുവാൻ കാണ്ഡമേകുന്ന പാൽ ചുരത്തുവാൻ ചില്ലയിൽ വീണ്ടും ചേക്കേറണം പ്രാർത്ഥിച്ചു കാത്തിരുന്നു. ഭൂമി ചുംബിച്ചു. വേരുകൾ വാരിപ്പുണർന്നു.