അധ്യയനം
വർണ്ണക്കുട കാണാത്തതിൽ
പുതുമഴ ചിണുങ്ങി.
കുട്ടികൾ എത്താതെ
സ്കൂൾ മുറ്റവും.
മഴയറിയാതെ
സ്ക്രീനിനു മുന്നിൽ
കുട്ടികൾ ഒതുങ്ങി.
നനയാതെയും
പുസ്തകം ചിതലരിച്ചു.
ചെളിയില്ല കറയില്ല
പുതുവസ്ത്രങ്ങളില്ല.
പാത്രക്കാരൻ മമ്മദ് ചോറ്റു-
പാത്രം കൊട്ടി വിളിച്ചില്ല.
കൈലും തവിയും ഉച്ചയൂണ്
വിളമ്പാതെ ഉച്ചമയക്കത്തിനില്ലെന്ന്.
ജനലഴികളിലൂടെ രാഘവൻ
മാഷിന്റെ മഴഗീതം കേട്ട്
പരൽമീൻ നൃത്തം വെച്ചു.
ഫോൺ കിട്ടാത്തതിൽ
കൊച്ചമ്മമാരുടെ പിറുപിറുപ്പും
ഹൈട്ടെക്ക് കുടിലുകളിൽ
അപ്പന്റെ നെഞ്ചിടിപ്പും കൂടി.
ചിമ്മിണി വിളക്കിൻ
എണ്ണ തീർന്നിടങ്ങളിൽ
അമ്മ ഡാറ്റ തിരയാറില്ല.
അധ്യയനം ആധിയാണവർക്ക്.
പട്ടിണിക്കാരൻ ബാലന്റെ മകൻ
ഒന്നും അറിയാതെ മഴയത്ത്
ഇപ്പോഴും കളിച്ചുകൊണ്ടിരിക്കുന്നു.
Comments
Post a Comment