'കറുപ്പ് 'കലരാത്ത മതം



    'കറുപ്പ്'(Opium) ഒരു ലഹരിയാണ്. മനുഷ്യനെ അബോധാവസ്ഥയിൽ എത്തിക്കുന്ന ഒരുതരം ലഹരി പദാർത്ഥമാണത്. മനസ്സിനെ കറുപ്പ് ബാധിക്കുമ്പോഴാണ് കറുത്ത മനുഷ്യരോട് അറപ്പും വെറുപ്പും ഉണ്ടാകുന്നത്. കഴിഞ്ഞ വാരം അമേരിക്കയിലെ മിനിയപോളിസിൽ ജോർജ് ഫ്ലോയ്ഡിനെ ചവിട്ടിയരച്ച് നിഷ്കരണം കൊല്ലാൻ വെള്ളക്കാരൻ പോലീസുകാരനെ പ്രേരിപ്പിച്ചതും സഹസ്രാബ്‌ധങ്ങളായി കറുത്ത വർഗക്കാരെല്ലാം തങ്ങളുടെ അടിമകളും ചൊൽപ്പടിക്ക് നിൽക്കേണ്ടവരാണെന്നുമുള്ള ഭാവം  ചിലരിൽ നിലനിൽക്കുന്നതും  ഈ 'കറുപ്പ്' ഹൃദയത്തിൽ പടരുന്നതു കൊണ്ടുമാണ്. വർഗീയതയുടേയും വർണ്ണവെറിയുടെയും ലഹരി ബാധിച്ചൊരാൾക്ക് എങ്ങനെയാണ്  "എനിക്ക് ശ്വാസം മുട്ടുന്നു "എന്ന ഒരു ജീവന്റെ ദയനീയ രോദനം കേൾക്കാനാവുക...? ഇന്നും അമേരിക്ക പ്രക്ഷുബ്ധമാണ്, "എനിക്ക് ശ്വാസം മുട്ടുന്നു " എന്ന ഫ്ലോയിഡിന്റെ വാക്കുകൾ അമേരിക്കൻ അതിർത്തികൾ കടന്ന് ലോക മാനവികത ഏറ്റെടുക്കുകയും വംശീയ വർണവെറിയുടെ അധികാര രൂപങ്ങളെ ശക്തമായി വെല്ലുവിളിക്കുകയും ചെയ്യുന്നു.
     കറുപ്പ് ഇസ് ലാമിന് ഒരു വർഗ്ഗമല്ല, വർണ്ണമാണ്. ശ്രേഷ്ഠതക്ക് ആധാരം ബാഹ്യ വർണ്ണങ്ങളല്ല.
"ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.(വി.ഖു 49:13)
    കറുത്തവനെ വെറുക്കുന്ന മനോഭാവത്തിനെതിരെ ശക്തമായ താക്കീതും ഇസ്ലാം നൽകുന്നുണ്ട്. പ്രവാചകൻ(സ്വ) ക്ഷുഭിതനായ ചുരുക്കം ചില സന്ദർഭങ്ങൾ മാത്രമെ ചരിത്രത്തിൽ കാണാൻ സാധിക്കൂ. അതിലൊന്ന് ബിലാൽ(റ) മായി ബന്ധപ്പെട്ട സംഭവമാണ്. ഒരിക്കൽ ഉന്നതകുലജാതനായ അബൂദ്ദർ(റ) ബിലാൽ(റ) നെ  'കറുത്തവളുടെ മകനെ' എന്ന് വിളിച്ചു. അദ്ദേഹം പ്രവാചകൻ(സ്വ)യോട് പരാതി ബോധിപ്പിച്ചു. തിരുമേനിയുടെ മുഖം ചുവന്നു. ''അബൂദർ..., താങ്കളിൽ ഇപ്പോഴും ജഹാലത്ത്(അന്ധത ) അവശേഷിക്കുന്നുണ്ടല്ലോ'' എന്നാണ് തിരുമേനി അദ്ദേഹത്തോട് ചോദിച്ചത്. അവിടുന്ന് അബൂദർ(റ) നോട് മാപ്പ്  പറയാൻ കൽപ്പിക്കുകയും ചെയ്തു.  ജാഹിലിയ്യത്തിന്റെ നീചമായ ശേഷിപ്പുകളിൽ പെട്ടതാണ് വർണ്ണവെറിയുടെ പേരിലുള്ള ആക്ഷേപങ്ങൾ പോലും.
   ആട്ടിൻ കുട്ടിയും നരിയും ഒരേ പാത്രത്തിൽ നിന്ന് വെള്ളം കുടിക്കുന്നത് എത്രമാത്രം അസാധ്യമാണോ അത്രമാത്രം അസാധ്യമായി കറുത്തവരും വെളുത്തവരും ഒരുമിച്ചിരിക്കുന്നതിനെ കണ്ടവരാണ് അറബികൾ. അവർക്കിടയിലാണ് കറുത്തവനായ ബിലാലും വെളുത്തവനായ മിസ്അബ് ഇബ്നു ഉമൈറും ഒരേ പത്രത്തിൽ നിന്നും ഭക്ഷിച്ചത്. പരസ്പരം സ്നേഹിച്ചും സഹകരിച്ചും അവർ ഇസ്ലാമിക സമൂഹത്തിൽ ജീവിച്ചു.
    അടിമയെ കൂടെയിരുത്തി ഭക്ഷിപ്പിക്കുക, അമിതമായ ജോലിഭാരം ഏൽപ്പിച്ചാൽ അവനെ സഹായിക്കുക തുടങ്ങിയ  പ്രവാചക കൽപ്പനകൾ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ 'ആധുനിക ജനാധിപത്യ സങ്കൽപ്പ'ത്തിന് പോലും പൊള്ളുന്ന അധ്യാപനങ്ങളാണ്. 
   ഇസ് ലാമിക നാഗരികത കെട്ടിപ്പടുത്തത് കറുത്തവർ കൂടിയായിരുന്നു. ഈ വർണ്ണ, വർഗ്ഗഭേദം ഇസ്ലാമിക ചരിത്രത്തിലൊരിക്കലും കാണാൻ സാധിക്കില്ല. ഇസ്ലാമിലെ ആദ്യ രക്തസാക്ഷിയെ കുറിച്ചു ഓർത്തു നോക്കൂ.. പീഡനമുറകൾ ഏറ്റുവാങ്ങിയ സുമയ്യാ(റ) യാണത്. ലാദ്യമായി മസ്ജിദിന്റെ മച്ചിൽ കയറി ഉച്ചത്തിൽ തൗഹീദിന്റെ ധീര ശബ്ദമായ ബാങ്ക് ആദ്യം മുഴക്കിയത് കറുത്തവനായ ബിലാൽ(റ) ആയിരുന്നു.  പ്രവാചകൻ(സ്വ)യുടെ ആത്മമിത്രവും സന്തത സഹചാരിയും കൂടിയായിരുന്നു ബിലാൽ.
    കറുത്ത കാൽപ്പാദങ്ങൾ നടന്നിടങ്ങൾ ദൈവീക ചിഹ്നങ്ങളായ ചരിത്രം പോലും ഇസ്ലാമിന് പറയാനുണ്ട്. ഓരോ ബലിപെരുന്നാളിനും വിശ്വാസികൾ നിർബന്ധമായും ഓർക്കുന്നതും,  ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നുമായ ഹജ്ജിൽ ഹാജിമാർ ഓർത്തെടുക്കുന്ന ചരിത്രവും ഹാജറയുടേതാണ്. കറുകറുത്ത അടിമസ്ത്രീയായ ഹാജറിന്റെ ചരിത്രം!
   മകന് കുടിനീര് തേടി ആ ഉമ്മയലഞ്ഞ കുന്നിൻ ചെരുവുകളാണ് പിന്നീട് പ്രപഞ്ച സ്രഷ്ടാവിന്റെ ചിഹ്നങ്ങളായത്. "തീര്‍ച്ചയായും സഫായും മര്‍വയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതില്‍ പെട്ടതാകുന്നു.'' (വി.ഖു 2:158)
ഇപ്പോഴും ഹാജറയുടെ കറുത്ത പാദങ്ങൾ പതിഞ്ഞ മണ്ണിലൂടെ ഹാജിമാർ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഹാജറയിലൂടെ പാനം ചെയ്യപ്പെട്ട പുണ്യജലമാണ് സംസം. ഇപ്പോഴും നിലക്കാതെ സംസം പ്രവഹിച്ചു കൊണ്ടിരിക്കുന്നു.
  അതികായനായ ഇബ്രാഹീം നബി(അ)ക്ക് അടിമയായ ഹാജറയെ വിവാഹം കഴിക്കാനും സന്താനങ്ങൾ ഉണ്ടാവാനും തടസ്സമാകാതിരുന്നത് ഇസ്ലാമിൽ 'കറുപ്പ്' ഒരു പ്രശ്നമല്ലാത്തത് കൊണ്ടാണ്. കറുപ്പിനോട് 'അറപ്പ്' മാറണമെങ്കിൽ ഹൃദയത്തിൽ നിന്ന് 'വെറുപ്പ്' നീങ്ങേണ്ടിയിരിക്കുന്നു. മനുഷ്യനായി പിറന്നവരേവരും ഒരേ മാതാപിതാക്കൾക്ക് പിറന്നവരാണെന്നും ഏവരും ഏകനായ സ്രഷ്ടാവിന്റെ സൃഷ്ടികളാണെന്നുമുള്ള ബോധമാണ് അതിനാവശ്യം.
”മനുഷ്യരേ നിങ്ങളുടെ സ്രഷ്ടാവ് ഒന്നാണ്, നിങ്ങളുടെ പിതാവും ഒന്നാണ്. നിങ്ങളെല്ലാം ആദമില്‍നിന്നുള്ളവരാണ്; ആദമാകട്ടെ, മണ്ണില്‍ നിന്നാണ് പടക്കപ്പെട്ടത്!" (അഹ്മദ്‌)

Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

ആസിംക്കയുടെ ചായ മക്കാനി

പദശുദ്ധികോശം