കളയില്ല വിളയൊള്ളു


    എം.ടിയുടെ ചെറുനോവൽ 'മഞ്ഞി'ലെ വല്ലാതെ ആകർഷിച്ച മനോഹരമായ വാചകം ഇതാണ്.
''ഈ വഴിവിളക്കിനപ്പുറം നമുക്ക് കാണാൻ കഴിയില്ല.'' 
   ഇന്ന് കണ്ട് നാളെയെ കണക്കുകൂട്ടുന്നവരാണ് മനുഷ്യർ. ഭാവി നമുക്ക് അജ്ഞാതമാണെങ്കിലും നാളെ ഇന്നതേ നടക്കുകയൊള്ളൂവെന്ന് നാം കണക്ക് കൂട്ടുന്നു. അത്കൊണ്ടാകാം ചിലരെ നാം ഒഴിയുന്നതും  ചിലരെ ചേർക്കുന്നതും. ശരിക്കും നാളെ എന്താകും..? വിളയേതാകും കളയേതാകും..?
   വിളയും കളയും എങ്ങിനെയാണ് തിരിച്ചറിയാനാവുക. എന്നിട്ടും ഒരു ഉപകാരമില്ലാത്തവനെന്ന് പലരേയും നാം ചാപ്പകുത്തുന്നു. ഇന്ന് പഠനത്തിൽ പിന്നാക്കമെന്ന് പറഞ്ഞ വിദ്യാർത്ഥികൾ നന്നാകില്ലെന്ന് ആരു കണ്ടു.!  പ്രശസ്ത ശാസ്ത്രജ്ഞനായിത്തീർന്ന ഐൻസ്റ്റീനെ കൊള്ളരുതാത്തവനെന്ന് പറഞ്ഞ് സ്കൂളിൽ നിന്ന് പുറത്താക്കിയത് കേട്ടിട്ടില്ലേ..? ക്ലാസ്സിലെ തല്ലുകൊള്ളിയായ പയ്യനാണ് പിന്നീട് തന്നെ ഒരാപത്ത് ഘട്ടത്തിൽ സഹായിച്ചതെന്ന് സഹദ്ധ്യാപകൻ പറഞ്ഞത് ഓർക്കുന്നു.
   മക്കളിൽ ആരാകും നമുക്ക് തുണയാവുക..? മൂത്തവനോ ഇളയവനോ എങ്ങിനെ പറയും..? ശരിക്കും ആരാണ് നമുക്ക് ഉപകരിക്കുകയെന്നതും
ആരാണ് കൈയൊഴിയുകയെന്നതും ആർക്കും പറയാനാവില്ല. കളയെന്ന് കരുതി ആരെയും കൈയൊഴിയാതിരിക്കുക.
    കായ്ക്കാത്ത മരങ്ങൾ വെട്ടിനിരത്താൻ മുതലാളി പറഞ്ഞപ്പോൾ കുറച്ച് നാൾ കൂടി കാക്കാമെന്ന് പറഞ്ഞ തോട്ടക്കാരനെ കുറിച്ച് ബൈബിളിലുണ്ട്.
   പുഴു വളർന്ന് സുന്ദരമായ ചിത്രശലഭമാകുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ലല്ലോ!! എന്നിട്ടും ദുർഘട പാതകൾ പലതും താണ്ടി മനോഹരമായ ചിത്രശലഭങ്ങൾ ഉണ്ടാകുന്നു. നമുക്ക് ചുറ്റുമുള്ള കുഞ്ഞു മനുഷ്യരെ ചിത്രശലഭങ്ങളാകാൻ അനുവദിക്കാം..

Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

ആസിംക്കയുടെ ചായ മക്കാനി

പദശുദ്ധികോശം