ഗുഹാവാസികൾ


   അവർ യുവാക്കളായിരുന്നു. മനസ്സിൽ ശാന്തിയും സമാധാനവും ഊട്ടിയുറപ്പിക്കുന്ന വചനമാണ് അന്ന് ആ ഗുഹാവാസികൾ ഉരുവിട്ടിത്. ക്രൂരനായ ഭരണാധികാരിയിൽ നിന്ന് ഓടിയണഞ്ഞ് ഘോരവനത്തിലെത്തിയ അവർ  തെല്ലും ഭയമില്ലാതെ പ്രഖ്യാപിച്ചു. *"ഞങ്ങളുടെ റബ്ബ് ആകാശഭൂമികളുടെ റബ്ബാണ്! ''*
   എന്റെ റബ്ബ് ആകാശ ഭൂമികളുടെ റബ്ബാണെന്ന്  ഹൃദയം കൊണ്ടൊരാൾ പ്രഖ്യാപിച്ചാൽ, ആകാശഭൂമിക്കിടയിലെ ഏത് കാര്യമാണ് അവനെ അലട്ടുക..?
    വിശുദ്ധ ഖുർആൻ ഒരുപാട് തവണ പ്രവിശാലമായ ആകാശത്തെ കുറിച്ച് പ്രതിപാതിക്കുന്നുണ്ട്. തെളിഞ്ഞ മാനം കലുഷിതമായ മനസ്സിനെ ശാന്തമാക്കുമെന്ന്  മാത്രമല്ല, *അവയുടെ സങ്കീർണ്ണമായ സൃഷ്ടിപ്പ് നിഷ്പ്രയാസം നിർവഹിച്ച പ്രപഞ്ചനാഥന് അവക്കിടയിലെ ഏതൊരു കാര്യവും നിസ്സാരമാണെന്നും നമ്മെ ബോധ്യപ്പെടുത്തുന്നു.* 
   ഓരോ നിമിഷവും വികസിച്ച് കൊണ്ടിരിക്കുകയാണ് ഈ മഹാപ്രപഞ്ചം. ഏഴ് ആകാശങ്ങളെ കുറിച്ച് പറയുമ്പോഴും, അതിലൊന്ന് പോലും മനുഷ്യന് ഇതുവരെ പൂർണ്ണമായും മനസ്സിലാക്കാൻ സാധിച്ചിട്ടില്ലെന്ന് ശാസ്ത്രം സമ്മതിക്കുന്നു.     ആകാശമേൽക്കൂരയെ തൂണുകളില്ലാതെ താങ്ങുകയും ഭൂമിയെ ബന്ധനങ്ങളില്ലാതെ സന്തുലമാക്കുകയും ചെയ്ത റബ്ബിന് നമ്മുടെ പ്രശ്നങ്ങളും പ്രതിസന്ധികളും എത്രമാത്രം നിസാരമാണ്. 
  ഗുഹാവാസികളുടെ ഈ പ്രഖ്യാപനത്തിലൂടെ ക്രൂരനായ ഭരണാധികാരിയെ കുറിച്ചുള്ള ഭയം നീങ്ങിയെന്ന് മാത്രമെല്ല, തങ്ങളുടെ റബ്ബിന് മുമ്പിൽ അവരെ ആട്ടിയോടിച്ച ഭരണാധികാരി എത്രമാത്രം നിസ്സാരനാണെന്നോർത്ത് ഒരുപക്ഷേ ചിരിച്ചു കാണും.
    റബ്ബിന്റെ വഴിയെ നടന്നവരെ അവൻ കൈവിടില്ലെന്ന അവന്റെ വാഗ്ദാനം പുലരുന്നതാണ് ഗുഹാവാസികളുടെ ചരിത്രത്തിൽ തുടർന്ന് നാം കാണുന്നത്. സൂര്യകിരണങ്ങളേൽക്കാതെ അല്ലും പകലും അല്ലലില്ലാതവരുറങ്ങി. ദീർഘ ശയനം എല്ലുകളെ വലിഞ്ഞ് മുറുക്കാതിരിക്കാൻ ഉരുണ്ടും ചെരിഞ്ഞും അവർ പോലും അറിയാതെയാണവർ ഉറങ്ങിയത്. സൂര്യതാപം സ്പർശിക്കാതിരിക്കാൻ റബ്ബ് ചെയ്ത അത്ഭുതത്തെ കുറിച്ച് വിശുദ്ധ ഖുർആൻ പറയുന്നത് നോക്കൂ..
"സൂര്യന്‍ ഉദിക്കുമ്പോള്‍ അതവരുടെ ഗുഹവിട്ട് വലതുഭാഗത്തേക്ക് മാറിപ്പോകുന്നതായും, അത് അസ്തമിക്കുമ്പോള്‍ അതവരെ വിട്ട് കടന്ന് ഇടത് ഭാഗത്തേക്ക് പോകുന്നതായും നിനക്ക് കാണാം. അവരാകട്ടെ അതിന്‍റെ (ഗുഹയുടെ) വിശാലമായ ഒരു ഭാഗത്താകുന്നു. അത് അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ."(വി.ഖു 18:17)
   പ്രാപഞ്ചിക നിയമങ്ങളെ വരുതിയിലാക്കി നൽകിയത് ഏതാനും ചില വിശ്വാസികൾക്ക് വേണ്ടി മാത്രമെന്ന് കൂടി നാം ഓർക്കണം. അവന്റെ മുന്നിൽ സൂര്യനും ചന്ദ്രനും നിസ്സാരമായ സൃഷ്ടികൾ മാത്രമല്ലേ.... റബ്ബിന്റെ ഔന്നിത്യം തിരിച്ചറിഞ്ഞവർക്ക് എത്രയോ അത്ഭുതങ്ങൾ നാഥൻ സമ്മാനിച്ചിരിക്കുന്നു. 
   കുന്നിക്കുരുവോളം വരുന്ന നമ്മുടെ പ്രശ്നങ്ങളും പ്രതിസന്ധികളും കുന്നോളം കാരുണ്യമുള്ള പ്രപഞ്ചനാഥനോട് പറയാം. ചക്രവാളസീമകൾ ഭേദിക്കുമാറ് അത്ഭുതങ്ങൾ പുലരുന്നതും കാത്തിരിക്കാം, ആകാശഭൂമികളുടെ റബ്ബ് കൂടെയുണ്ട്....

Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

ആസിംക്കയുടെ ചായ മക്കാനി

പദശുദ്ധികോശം