മുന്തിരിവള്ളികൾ തളിർക്കട്ടെ



     എപ്പോഴൊക്കെ നാം അട്ടഹസിക്കുന്നുവോ അപ്പോഴെല്ലാം ഒരു നേർത്ത മർമരം ആരുടെയോ ഹൃദയത്തിൽ നിന്നുയരാറുണ്ട്. ഒരുപക്ഷേ അടക്കിപ്പിടിച്ച തേങ്ങലോടെ അവർ നമ്മെ സന്തോഷിപ്പിക്കാൻ ശ്രമിക്കുമ്പോഴും. 
    *സുഹൃത്തിന്റെ വീഴ്ച്ചകളിൽ നിന്നാണ് കൂട്ടച്ചിരികൾ ഉയരുന്നത്.* സഹപാഠി വീഴുമ്പോൾ, അവനൊരക്ഷരം പിഴക്കുമ്പോൾ ആർത്തലച്ച് ചിരിക്കാൻ എന്തൊരുത്സാഹമാണ്!.
    ഈ പരിഹാസച്ചിരികൾ സ്വാഭാവികമാണെന്ന് പറഞ്ഞ് തളളിക്കളയാനാകില്ല. ഉള്ളിൽ എല്ലാം തികഞ്ഞവനെന്ന ഭാവമാണ് പരിഹാസങ്ങൾക്ക് പിന്നിലെ ചേതോവികാരം.
    തിരുമേനിയുടെ സന്നിധിയിൽ ഒരിക്കൽ ഒരു പാവം പെൺകുട്ടി ഒരു കുല മുന്തിരിയുമായി വന്നതോർമ്മയില്ലേ..?   തിരുമേനി(സ്വ) ഏറെ ഇഷ്ടത്തോടെ അത് ഏറ്റുവാങ്ങി ഓരോന്നായി മുഴുവനും ഭക്ഷിച്ചു.  സന്തോഷത്താൽ മുഖം മുന്തിരി പോലെ തുടുത്തു കൊണ്ടാണ് പെൺകുട്ടി മടങ്ങിയത്. ''എല്ലാം ഞങ്ങളുമായി പങ്കിടുന്ന അങ്ങുന്ന് എന്തേ ഞങ്ങൾക്ക് ഇത് തന്നില്ല'' എന്ന  സ്വഹാബത്തിന്റെ ചോദ്യത്തിന്  തിരുമേനി(സ്വ) മറുപടിപറഞ്ഞു: ''നല്ല പുളിയുള്ള മുന്തിരിയാണവൾ കൊണ്ടുവന്നത്. ഞാനത് നിങ്ങൾക്ക് തന്നിരുന്നെങ്കിൽ നിങ്ങൾ അവളെ കുറ്റപ്പെടുത്തുമായിരുന്നു.അത് ഞാൻ ഇഷ്ടപ്പെടുന്നില്ല." അനിഷ്ടം പ്രകടിപ്പിച്ചില്ലെന്ന് മാത്രമല്ല തന്റെ അനുചരർ അവളെ വേദനിപ്പിക്കാതിരിക്കാൻ  ശ്രമിക്കുക കൂടിയാണ് ഇവിടെ പ്രവാചകൻ ചെയ്തത്. 
    നോക്കൂ..  പൂത്തുലയേണ്ട എത്രയോ പുഞ്ചിരികളാണ് നാം കാരണം കൊഴിഞ്ഞത്..? പാതി  മുറിഞ്ഞ എത്രയോ വാക്കുകൾ...
പരിഹാസത്തിന്റെ ക്രൂരശരങ്ങൾ ഓർത്ത്  നമ്മുടെ സദസ്സിൽ നിന്ന് ഉൾഭയത്താൽ ഉൾവലിഞ്ഞവർ എത്ര പേരുണ്ടെന്നോ.. സ്നേഹത്തിന്റെ മുന്തിരിവള്ളികൾ ഉള്ളിൽ പടർന്നിരുന്നെങ്കിൽ പ്രിയപ്പെട്ടവരുടെ പുഞ്ചിരികൾ നമുക്ക് മായാതെ നിലനിർത്താമായിരുന്നു...
നാഥൻ അനുഗ്രഹിക്കട്ടെ..

Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

ആസിംക്കയുടെ ചായ മക്കാനി

പദശുദ്ധികോശം