തോൽപ്പിക്കാനാകുമോ വിശ്വാസിയെ...?



   തകർന്നടിഞ്ഞ മസ്ജിദുകളുടെ ഓരത്തിരുന്ന് നമസ്ക്കരിക്കുന്ന ഫലസ്തീനികളിൽ നിന്നു തന്നെയാണ് അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ നാം പഠിക്കേണ്ടത്. എത്രകാലമായി നിലക്കാത്ത പോരാട്ടങ്ങൾ തുടങ്ങിയിട്ട് ഇപ്പോഴും അവർ തളർന്നിട്ടില്ല. ഈ നോമ്പ് കാലത്തും കാഴ്ച്ചകൾ വ്യത്യസ്ഥമല്ല. അവർ തോക്കിൻ മുനയിൽ നോമ്പ് എടുക്കുകയും തുറക്കുകയും ചെയ്യുന്നു.
   ഫാസിസം അരങ്ങ് തകർത്ത് ഫണം വിടർത്തിയാടുന്ന ഈ  കാലത്ത്  ആധുനിക ഇന്ത്യയിലെ മുസ്ലീങ്ങളുടെ ഭാവിയെ കുറിച്ച് ആശങ്കപ്പെടുന്നവർ ഏറെയാണ്. അതിൽ മുസ്ലീങ്ങളും  ഇസ്ലാമിനോട് അനുഭാവം വെച്ച് പുലർത്തുന്ന അമുസ്ലീങ്ങളുമുണ്ട്. യഥാർത്ഥത്തിൽ ഇസ് ലാമിക ചരിത്രം ഒരാവർത്തി വായിച്ചാൽ ഈ ആശങ്കക്ക് ഇടമില്ല.. പ്രവാചക ചരിതമെങ്കിലും വായിച്ചാൽ മതി. മക്കയിൽ നീണ്ട 13 വർഷം നബിയും അനുചരരും കൊടിയ പീഢനങ്ങളും പ്രതിസന്ധികളും സഹിച്ചാണ് ജീവിച്ചത് എന്നിട്ടും ഇസ്ലാം കളങ്കപ്പെടുകയോ ഇസ് ലാം വളർന്നുവെന്നല്ലാതെ തകരുകയോ ചെയ്തില്ല. ലോകം കണ്ട എക്കാലത്തേയും വലിയ സ്വേച്ചാതിപതികളായ ഫറോവയുടെയും നബ്രൂതിന്റെയും കാലത്താണ് മൂസാ നബിയും  ഇബ്രാഹീം നബിയും ജീവിച്ചതെന്ന് കൂടി ഓർക്കണം.
  ആരുടെ മുമ്പിലും പതറാത്ത അത്മവീര്യമാണ് എക്കാലത്തും വിശ്വാസികൾക്ക് കരുത്തായിട്ടുള്ളത്. ചരിത്രത്തിൽ എത്രയോ മാതൃകകൾ നാം വേറെയും കാണുന്നു. മഹാനായ ഇബ്നുതൈമിയയെ ശത്രുക്കൾ കൽതുറങ്കിലടക്കാൻ പോയ സന്ദർഭത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇപ്രകാരമായിരുന്നു. :
   ''എന്റെ ശത്രുക്കൾക്ക് എന്നെ എന്താണ് ചെയ്യാനാവുക. അവർ എന്നെ തുറങ്കിലടച്ചാൽ എനിക്കത് സുഖദായകമായ ഏകാന്തവാസമാണ് (അദ്ദേഹം ഏറ്റവും കൂടുതൽ പുസ്തകങ്ങൾ രചിച്ചതും ജയിലറകളിൽ വെച്ചാണ്) അവരെന്നെ നാടുകടത്തിയാൽ എനിക്കത് മനോഹരമായ യാത്രകളാണ് അവരെന്നെ കൊന്നുകളഞ്ഞാലോ എനിക്ക് ശഹാദത്തും സ്വർഗത്തിൽ ഉന്നതമായ സ്ഥാനവുമാണ്''
   ഒരു വിശ്വാസിയെ ഒരിക്കലും പരാജയപ്പെടുത്താനാകില്ലയെന്നതിന്റെ നേർസാക്ഷ്യമാണ് അദ്ദേഹം. തൂക്കുമരത്തിലും ഒരു വിശ്വാസിയെ പരാജയപ്പെടുത്താൻ  സാധിക്കുകയില്ല നാഥൻ കൂടെയുണ്ടെന്ന ബോധ്യമവന്  വിട്ടകലാത്ത കാലമത്രയും അവൻ തികഞ്ഞ ആത്മനിർവൃതിയിലായിരിക്കും.
   വർത്തമാന ഇന്ത്യയുടെ പുതിയ വർത്തമാനങ്ങളിൽ ആശങ്കപ്പെടേണ്ടതില്ല. മതേതരത്വത്തിന്റേയും ചിതലരിക്കാത്ത ഭരണഘടനയുടേയും തണൽ ഇപ്പോഴും ഉണ്ടെന്നത് ഓർക്കുക. അതിന് വിരുദ്ധമായി ഇന്ത്യക്ക് ചിന്തിക്കാനാകില്ല.
ഇരുൾ കഠിനമാകുമ്പോഴാണ് പുതിയ പ്രഭാതം പൊട്ടി വിടരുന്നതെന്ന പോൽ പുതിയ പ്രഭാതത്തെ പ്രതീക്ഷയോടെ കാത്തിരിക്കാം

Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

ആസിംക്കയുടെ ചായ മക്കാനി

പദശുദ്ധികോശം