അനുഭവം എന്റെ നോമ്പ്കാല സ്മരണകൾ ഭാഗം: മൂന്ന്


നോമ്പ്കാല സ്ക്കൂൾ ദിനങ്ങൾ
    നോമ്പിന്റെ വിശപ്പും ദാഹവും എന്താണെന്നറിഞ്ഞത് അന്നത്തെ നോമ്പുകളിലാണ്.  വിശപ്പ്, ഭക്ഷണം, ഉറക്കം ഇവ മൂന്നുമാണ് നോമ്പിന്റെ പ്രധാന ഘടകമെന്നാണന്ന് ധരിച്ചിരുന്നത്. ഇവ മൂന്നിനും നോമ്പിൽ കാര്യമായ റോളൊന്നുമില്ലന്ന് മനസ്സിലായത് പിന്നീടാണ്.
    സുബ്ഹി നമസ്ക്കരിച്ചയുടൻ വീട്ടിലേക്കോടും തലേ ദിവസത്തെ തറാവീഹിന് ഉറക്കമൊഴിച്ചതിന്റെ കടം വീട്ടാനുണ്ട്. കടങ്ങൾ അന്നന്നു തീർത്തു പോകും. ചിലപ്പോൾ പലിശ സഹിതം തന്നെ. ഒഴിവു ദിവസങ്ങൾ പലിശ സഹിതം ഉറങ്ങിത്തീർക്കുന്ന ദിനങ്ങളായിരുന്നു.
രാവിലെ മദ്രസയില്ലാത്തത് വലിയ ആശ്വാസമാണ്. സ്ക്കൂളിൽ പോകാൻ ഉമ്മ വിളിക്കുന്നത് വരെ ഉറങ്ങാമല്ലോ.... ഉറങ്ങുന്നതോ ഉറക്കമൊഴിച്ചിരിക്കുന്നതോയെല്ല ഉറക്കമുണരുന്നതാണ് എറ്റവും വലിയ 'എടങേറ്' പ്രത്യേകിച്ച് ഉച്ചയുറക്കങ്ങൾ.  അതന്നുമിന്നും അങ്ങിനെ തന്നെയാണ്. ഒരു പക്ഷേ എന്റെ ജീവിതത്തിൽ ഞാനേറ്റവും വെറുത്തത് ഇത്തരം "ഉണർത്തലു"കളായിരിക്കും.
    9 മണിയുടെ ഘടികാരത്തിന്റെ സൈറൺ മുഴങ്ങുമ്പോൾ ഉറക്കത്തിനോ ഉറക്കച്ചടവിനോ യാതൊരു സ്ഥാനവുമില്ല. കുളിക്കാൻ പോവുക മാത്രമാണ് ഏകമാർഗം. അവശേഷിക്കുന്ന ഉറക്കം ഇനി ക്ലാസിലാക്കാമല്ലോയെന്ന് സ്വയം സമാശ്വസിച്ച് കിടക്ക വിടും. നേരെ ബാത്ത് റൂമിലേക്ക്....
    സ്കൂളിലേക്കുള്ള നടത്തത്തിൽ കാര്യമായ ക്ഷീണമോ ദാഹമോ തോന്നിയിരുന്നില്ല. അത്താഴം നൽകുന്ന കരുത്തിനാൽ സാധാരണ ദിവസങ്ങളേക്കാൾ കരുത്തരായിരുന്നു ഞങ്ങൾ.
      സ്കൂളിലെത്തിയാൽ കാര്യമായി പഠിക്കാനോ എഴുതാനോ അധ്യാപകർ തരാറില്ല. പകൽ മുഴുവൻ ഒന്നും കഴിക്കാതെയിരിക്കുന്ന മുസ്ലിം കുട്ടികളായ ഞങ്ങളെ കണ്ട് അധ്യാകരും സഹപാഠികളും അത്ഭുതപ്പെട്ടിരുന്നു. ഇന്നുമീ കൗതുകം നിലനിൽക്കുന്നുണ്ടോയെന്ന് കണ്ടറിയണം. പകൽ പട്ടിണി കിടന്ന് രാത്രി മുഴുവൻ ഉറക്കമൊഴിച്ച് നാം ഭക്ഷണം കഴിക്കുന്ന വിവരം പുറത്ത് വന്നതോടെ ഉള്ള ബഹുമാനം പോയിക്കാണും.
    ഉച്ചഭക്ഷണത്തിനായി ബെല്ല് മുഴങ്ങുമ്പോൾ ഭക്ഷണ പൊതികൾ പുറത്തേക്കെടുക്കുന്നത് കാണുന്നോൾ പലപ്പോഴും സങ്കടം തോന്നാറുണ്ട്. ഈ കാഴ്ച്ച കാണാതിരിക്കാനാണ് ബെല്ലടിക്കും മുമ്പേ പള്ളിയിലേക്കോടുന്നത്. അതേ നമസ്ക്കരിക്കാനും വിശ്രമിക്കാനും പിന്നെയാ 'ക്രൂരകൃത്യം' കാണാതിരിക്കാനും വേണ്ടി....
   പകൽ മുഴുവൻ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് വിശപ്പിനെ അധിജയിക്കാൻ സാധിക്കുന്ന ധീരരാണെല്ലോ ഞങ്ങളെന്ന് ബോധ്യപ്പെടുമ്പോൾ അഭിമാനവും തോന്നാറുണ്ട്...

Comments

  1. സുന്ദരമായ ആവിഷ്ക്കാരം

    ReplyDelete

Post a Comment

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

പദശുദ്ധികോശം

ഗാന്ധിജി മോഹിച്ച ഭരണാധികാരി