തസ്ബീഹ് അതൊരു അത്ഭുതമാണ്


     സ്വർഗ്ഗവാസികളുടെ ഹൃദയരാഗവും സദ് വൃത്തരുടെ വിജയമന്ത്രമാണ് തസ്ബീഹ്. എത്രയെത്ര അത്ഭുതങ്ങളാണെന്നറിയുമോ തസ്ബീഹ് സമ്മാനിച്ചിട്ടുള്ളത്..? അത് എത്രയോ ദുർഘടങ്ങളിൽ നിന്നും വിശ്വാസികളെ രക്ഷിച്ചിരിക്കുന്നു.
   മത്സ്യത്തിന്റെ വായിലകപ്പെട്ട യൂനുസ് നബി (അ) രക്ഷപ്പെട്ടത് അത്ഭുതമാണെങ്കിൽ അതിനു കാരണം തസ്ബീഹ് ആയിരുന്നു. "അല്ലാഹുവിന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നവരുടെ കൂട്ടത്തിലായിരുന്നില്ലെങ്കില്‍ ജനങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ അതിന്‍റെ വയറ്റില്‍ തന്നെ അദ്ദേഹത്തിന് കഴിഞ്ഞ് കൂടേണ്ടി വരുമായിരുന്നുവെന്ന്'' സുറത്ത് സ്വാഫാത്തിൽ അല്ലാഹു പറയുന്നുണ്ട്. (വി.ഖു 37:143)
   തസ്ബീഹ് ഒരൽഭുതമന്നെന്നു പറയാൻ  മറ്റൊന്നും ഉദ്ധരിക്കേണ്ടതില്ലാത്തവണ്ണം സമൃദ്ധമാണ് ഇമാം അഹമ്മദിന്റെ കഥ.
 ഇറാഖിലെ മഹാ പണ്ഡിതനായിരുന്നു ഇമാം അഹമ്മദ്. അറിവു കൊണ്ടും കഴിവ് കൊണ്ടും ദേശ, രാഷ്ട്രങ്ങളുടെ അതിരുകൾ ഭേദിച്ച് ഇമാമിന്റെ കീർത്തി പരന്നു. വിശ്രുതനായ ആ പണ്ഡിതനെ ഒന്ന് കണ്ടിരുന്നെങ്കിലെന്ന് ആളുകൾ കൊതിച്ചിരുന്നു. 
 ഒരിക്കൽ ഇമാം ഷാമിലെത്തി. അദ്ദേഹത്തെ തിരിച്ചറിയാതെ മുഅദ്ദിൻ പള്ളിയുടെ വാതിലടച്ചു.  വരാന്തയിൽ ചുമട് ചായ്ച്ചുറങ്ങാൻ ഒരുങ്ങിയപ്പോഴും അവർ അദ്ദേഹത്തെ തടഞ്ഞു. താൻ ആരാണെന്നു വെളിപ്പെടുത്താതെ അദ്ദേഹം തിരിഞ്ഞു നടന്നു. ഒടുവിൽ ഒരു റൊട്ടിക്കച്ചവടക്കാരൻ അദ്ദേഹത്തിന് അഭയമേകുകയും ചായ്ക്കാൻ ഇടമേകുകയും ചെയ്തു. 
   റൊട്ടി പരത്തുന്നതിനിടയിൽ കച്ചവടക്കാരൻ തസ്ബീഹ് ആവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഇമാം താങ്കൾ ഒരുപാട് വട്ടം തസ്ബീഹ് ആവർത്തിക്കുന്നുവല്ലോ പുലരാൻ വല്ല ആഗ്രഹവും താങ്കൾക്ക് ഉണ്ടോയെന്ന് ഇമാം തിരക്കി. ഇറാഖിലെ വിശ്രുത പണ്ഡിതൻ ഇമാം അഹമ്മദിനെ ഒന്ന് കാണാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് അദ്ദേഹം മറുപടി പറഞ്ഞു. ഇമാം സ്വയം പരിചയപ്പെടുത്തിയപ്പോൾ തസ്ബീഹ് സ്തുതി കീർത്തനത്തോടൊപ്പം അവർ ഇരുവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി.
 ഇറാഖിൽ നിന്ന് അദ്ദേഹത്തെ  പീടികത്തിണ്ണയിൽ എത്തിച്ചത് എന്തായിരുന്നു..? സ്വയം അഭയമേകാനും ഒരു നോക്ക് കാണാനും ആ കച്ചവടക്കാരന് അവസരം നൽകിയത് അതെന്തായിരുന്നു..?
ആ അത്ഭുതത്തിന്റെ പേരാണ് തസ്ബീഹ്!
സുബ്ഹാനല്ലാഹ്......

Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

പദശുദ്ധികോശം

ആസിംക്കയുടെ ചായ മക്കാനി