അവൾ
''ഇത്തിരിയൊക്കെ കള്ളം പറഞ്ഞില്ലെങ്കിൽ ഞാനൊരു പെണ്ണാകുമോ..?''
പ്രശസ്ത സാഹിത്യകാരി കമലാ സുരയ്യയുടെ ഈ വാക്കുകളോട് നമുക്ക് യോജിപ്പും വിയോജിപ്പും ഉണ്ടാകാം. എങ്കിലും അൽപ്പം കൊഞ്ചലും ചിണുങ്ങലും ഉണ്ടാകുമ്പോൾ മാത്രമാണ് സ്ത്രീസൗന്ദര്യം പൂർണ്ണമാകുകയെന്നത് ഒരു യാഥാർത്ഥ്യമാണ്. പിണക്കവും ഇണക്കവും എല്ലാം അവളുടെ സ്ത്രൈണതയിൽ ഇഴചേർന്നതാണെന്ന് ഓരോ ആണും തിരിച്ചറിയേണ്ടതുണ്ട്.
ആയിശ ബീവിയെ തന്നെ നോക്കു...
എത്രയോ വട്ടമാണ് തിരുമേനിയോടവർ ചിണുങ്ങിയത് . ആ ചിണുങ്ങലും പരിമൊഴികളും അവരുടെ ദാമ്പത്യ ജീവിതം കൂടുതൽ മനോഹരമാക്കി.
ഒരിക്കൽ അബ്സീനിയക്കാരുടെ മദീനാ പള്ളിയിലെ അഭ്യാസം കാണാൻ അവർക്കും അവസരമുണ്ടായി.തിരുമേനിയുടെ തോളിൽ താങ്ങി നിന്നാണ് അവർ അഭ്യാസം ആസ്വദിച്ചത്. ഒരുപാട് നേരം തുടർന്നപ്പോൾ തിരുമേനിക്ക് വേദനിച്ചു. മതിയായില്ലേ ആയിശാ എന്ന തിരുമേനിയുടെ ചോദ്യത്തിന് ഇല്ല ഇനിയും കാണണമെന്ന് മഹതി മറുപടി പറഞ്ഞു. പൂതി മാറുവോളം കണ്ട ശേഷം അവർ തിരിച്ചു പോയി വേദനിക്കുന്നുവെന്ന് അറിഞ്ഞിട്ടും നിർത്താതിരുന്നത് തന്റെ പ്രിയതമൻ തന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് അറിയാനായിരുന്നു എന്നാണ് പിന്നീട് ഈ കുസൃതിയെ കുറിച്ച് മഹതി പറഞ്ഞത്.
പ്രിയപ്പെട്ടവൾ തന്നെ പരീക്ഷിക്കുകയാണെന്ന് അറിഞ്ഞിട്ടു തന്നെയാകണം അവിടുന്ന് അതിന് അനുവദിച്ചതും. ഭർത്താവെന്ന നിലയിൽ പ്രവാചക ജീവിതം ശോഭനമായതിന്റെ ഒരു ചെറിയ ഉദാഹരണം മാത്രമാണിത്.
പ്രവാചകൻ(സ്വ) യോട് തന്റെ മകൾ ഹഫ്സ (റ) സംസാരിക്കുന്നത് കണ്ട് ഉമർ(റ) ശകാരിക്കുന്നുണ്ട്. ഇങ്ങനെയാണോ അദ്ദേഹത്തോട് സംസാരിക്കുന്നതെന്ന പിതാവിന്റെ ചോദ്യത്തിന് അദ്ദേഹത്തോട് വേണ്ടുവോളം സംസാരിക്കാനും എന്തിന് തർക്കിക്കാൻ വരെ അദ്ദേഹം ഞങ്ങൾക്ക് സ്വാതന്ത്ര്യം നൽകിയിട്ടുണ്ടല്ലോ എന്നാണ് ഉമ്മുൽ മുഅ്മിനീൻ മറുപടി നൽകിയത്.
എല്ലാ ആണുങ്ങളും നബിയെ പോലെ സ്ത്രീയെ സ്ത്രീയായി തന്നെ കണ്ടിരുന്നെങ്കിൽ എത്ര സുന്ദരമാകുമായിരുന്നു അല്ലേ നമ്മുടെ ദാമ്പത്യം!
Comments
Post a Comment