ആഗ്രഹങ്ങളായി കാത്തിരിക്കാം



    എത്രയെത്ര ആഗ്രഹങ്ങളാണ് മനുഷ്യന്. ഭൗതിക വിഭവങ്ങൾ ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല. പൂതിവെക്കുന്നതിൽ തെറ്റില്ല. എന്നാൽ എല്ലാ പൂതിയും തീർന്നേ മതിയാകൂ എന്ന് ശഠിക്കുന്നത് മൗഡ്യമാണ്. ചിലതെല്ലാം നാളേക്ക് വേണ്ടിയും മാറ്റിവെക്കണം.
  ഒരിക്കൽ  കയ്യിലൊരു പൊതിയുമായി വരുന്ന സുഹൃത്ത് ജാബിറിനോട് ഉമർ(റ) തിരക്കി. ''എന്താണ് ജാബിറേ കയ്യിൽ.? ''   ''അൽപ്പം മാംസമാണ്. മാംസം കഴിക്കാൻ വല്ലാത്തൊരു ആഗ്രഹം തോന്നി അത് കൊണ്ടാണ്.''  ഇത് കേട്ട ഉമർ(റ) ഇപ്രകാരം പ്രതികരിച്ചു.
 ''ആഗ്രഹിക്കുന്നതെല്ലാം വാങ്ങി കൂട്ടരുത് നാളെ പരലോകത്ത് വെച്ച് നിന്റെ ആഗ്രഹങ്ങളെല്ലാം ഇഹലോകത്ത് തന്നെ പൂർത്തീകരിച്ചുവെന്ന് പറഞ്ഞ് റബ്ബ് മടക്കി അയക്കാതിരിക്കാൻ അതാണ് നല്ലത് ''
   മറ്റൊരിക്കൽ ഭൗതിക സുഖങ്ങളെ കുറിച്ച് പറഞ്ഞപ്പോൾ ഉമർ(റ) പറയുകയുണ്ടായി.  ''നാളെ പരലോകത്ത് വെച്ച് ചിലരോട് ഇപ്രകാരം പറയുമെന്ന് ഞാൻ കേട്ടിട്ടുണ്ട്. നിങ്ങളുടെ ആനുഗ്രഹങ്ങളെല്ലാം ഇഹലോകത്ത് വെച്ചു തന്നെ ആസ്വദിക്കുകയും പാഴാക്കുകയും ചെയ്തിരിക്കുന്നു. അക്കൂട്ടരിൽ ഉൾപ്പെടാൻ ഞാൻ ആഗ്രഹിക്കാത്തത് കൊണ്ടാണ് സുഖലോലുപത ഞാൻ ഇഷ്ടപ്പെടാത്തത്. അല്ലാതെ ആഡംബരപൂർവ്വം ഭക്ഷണം കഴിക്കാൻ ഉമറിന് അറിയാഞ്ഞിട്ടല്ല.''
 ഭൗതിക വിഭവങ്ങളുടെ ആസക്തി നമ്മെ വല്ലാതെ പിടികൂടിയിട്ടില്ലേ..? ആഗ്രഹിച്ചതെല്ലാം ഉടനടി കിട്ടിയേ നമുക്ക് മതിയാകു. എങ്കിലും എല്ലാം ലഭിച്ചാലും മനുഷ്യന്റെ ആഗ്രഹങ്ങൾക്ക് അറുതി വരുന്നില്ല. മോഹഭംഗങ്ങൾ അവനെ നിരാശയിൽ ആഴ്ത്തുന്നു.
   *ആഗ്രഹങ്ങളിൽ ചിലതെല്ലാം ക്ഷമയോടെ നാളേക്ക് വേണ്ടി മാറ്റി വെക്കാം. പഴകും തോറും വീഞ്ഞിന് വീര്യം കൂടുന്നത് പോലെ ആഗ്രഹങ്ങൾ അതിതീവ്രമാകട്ടെ..! റബ്ബിന്റെ സവിധത്തിൽ നമുക്കത് കൈപ്പറ്റാം...*
ഇനി നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് ചോദിക്കുമ്പോൾ സ്വർഗ്ഗവാസികളായ നിലയിൽ    ''റബ്ബേ... ഞങ്ങൾ തൃപ്തരാണ് എല്ലാ ആഗ്രഹങ്ങളും ഇവിടെ അവസാനിച്ചിരിക്കുന്നു'' എന്ന് നാം മറുപടി പറയുന്നത് വരെ നമുക്ക്  ആഗ്രഹങ്ങളുമായി കാത്തിരിക്കാം.
 നാഥൻ അനുഗ്രഹിക്കട്ടെ....!

  

Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

പദശുദ്ധികോശം

ആസിംക്കയുടെ ചായ മക്കാനി