ബഷീറിനെ വായിക്കുമ്പോൾ ഭാഗം 3 പ്രേമലേഖനം
"പ്രിയപ്പെട്ട സാറാമ്മേ, ജീവിതം യൗവ്വനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭകാലഘട്ടത്തെ എന്റെ പ്രിയസുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു? ഞാനാണെങ്കില്‍ എന്റെ ജീവിതത്തിലെ നിമിഷങ്ങള്‍ ഓരോന്നും സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിക്കുകയാണ്. സാറാമ്മയോ? ഗാഢമായി ചിന്തിച്ച് മധുരോദാരമായ ഒരു മറുപടിയാല്‍ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട്, സാറാമ്മയുടെ കേശവന്‍ നായര്‍.....”
പ്രേമലേഖനം, ബഷീർ 1942-ൽ തിരുവനന്തപുരം സെന്‍ട്രൽ ജയിലിൽ വെച്ച് രാജ്യദ്രോഹക്കുറ്റത്തിന് തടവ് ശിക്ഷ അനുഭവിക്കുമ്പോൾ തടവുകാർക്ക് വേണ്ടി എഴുതിയ ചെറുനോവലാണ്. സഹതടവുകാരിൽ ആരുടെയോ അനുഭവത്തിൽ നിന്നായിരുന്നു കഥ പിറന്നത്. 1944 ൽ ദിവാൻ നിരോധിക്കാൻ മാത്രം തീവ്രമായിരുന്നു അത്.
ഒറ്റത്തടിയായി കഴിയുന്ന കേശവന്‍ നായരും രണ്ടാനമ്മയുടെ ഭരണത്തിൽ മനംനൊന്ത് കഴിയുന്ന സാറാമ്മയുമാണ് നായികാനായകന്മാർ.
സാഹിത്യം എക്കാലത്തും പെൺ വർണനകളാൽ നിബിഢമായിരുന്നു. സ്ത്രീസൗന്ദര്യത്തെ അതിവർണ്ണനയിൽ ഉല്ലേഖനം ചെയ്ത് അനുവാചകരെ ത്രസിപ്പിക്കാൻ എഴുത്തുകാർ ശ്രമിക്കുമ്പോൾ, ബഷീർ കണ്ടതും വർണിച്ചും സ്ത്രീത്വത്തെയായിരുന്നു. സഹോദരി പാത്തുമ്മ മുഖ്യകഥാപാത്രമായി എത്തുന്ന പാത്തുമ്മയുടെ ആടിൽ പോലും ആരാണ് പെണ്ണെന്ന് ബഷീർ പറയുന്നുണ്ട്. പെണ്ണൊളിപ്പിക്കുന്ന നിഗൂഢ രഹസ്യങ്ങളാണ് മറ്റ് കഥകളിലെന്നപോലെ പ്രേമലേഖനത്തിലും അദ്ദേഹം വിഭാടനം ചെയ്യുന്നത്.
സ്ത്രീകളുടെ തലയ്ക്കുള്ളില്‍ 'നിലാവെളിച്ചം' മാണെന്ന് പറഞ്ഞുകൊണ്ടാണ് കഥയാരംഭിക്കുന്നത്. കേശവൻ നായരുടെ സ്നേഹത്തെ നിസ്സംഗതയോടെ കണ്ടില്ലെന്ന് നടിക്കുകയാണ് സാറാമ്മ. അയാളുടെ പ്രേമലേഖനം ചുരുട്ടിക്കൂട്ടിക്കളഞ്ഞ് "വേറെ വിശേഷമൊന്നുമില്ലല്ലോ" എന്ന് ക്രൂരമായി പറഞ്ഞ് അവൾ തിരിഞ്ഞു നടന്നു. പ്രിയതമക്കായി എന്തും ചെയ്യാന്‍ തയ്യാറാണെന്നയാൾ പറയുമ്പോൾ ശീര്‍ഷാസനം ചെയ്തുകാണിക്കാനാണ് സാറാമ്മ ആവശ്യപ്പെടുന്നത്. കേശവന്‍ നായര്‍ അതനുസരിക്കുകയും ചെയ്യുന്നുണ്ട്. അവളിൽ എപ്പോഴും അവഗണനയും പരിഹാസവും മാത്രമായിരുന്നു. എന്നിട്ടും അയാൾ അവളെ അളവറ്റം സ്നേഹിച്ചുകൊണ്ടിരുന്നു.
ഒരുപക്ഷേ സ്നേഹിക്കുന്നതിന് വേതനം പോലും ചോദിച്ചു വാങ്ങിയ സാറാമ്മ കഠിനഹൃദയയായി അനുവാചകർക്ക് തോന്നിയേക്കാം. എന്നാൽ ബഷീർ എന്ന വിശ്വസാഹിത്യകാരൻ എല്ലാം ഒളിക്കുകയും സഹിക്കുകയും ചെയ്യുന്ന പാവം പെണ്ണിനെയാണ് സാറാമ്മയിലൂടെ അവതരിപ്പിക്കുന്നതെന്ന് തുടർവായനയിൽ ബോധ്യപ്പെടും.
റെയിൽവെ സ്റ്റേഷനിൽ ഇരുവരും ഒരുമിക്കുമ്പോൾ പ്രണയജോലിക്ക് പറ്റിയ വേതനം കേശവൻ നായർക്ക് തിരിച്ചേൽപ്പിച്ച് താൻ അടക്കിപ്പിടിച്ച സ്നേഹം മുഴുവൻ അയാളിൽ അവൾ പെരുമഴയായി ചൊരിയുമ്പോൾ നാം ചോദിച്ചു പോകും അവരിൽ ആരാണ് കൂടുതൽ സ്നേഹിച്ചതെന്ന്....
Comments
Post a Comment