Island diary Part-05 Coral paradise
പുറംകടലിലെ കൂറ്റൻ തിരമാലകളിൽ നിന്ന് ദ്വീപിനെ സംരക്ഷിക്കുന്നത് പ്രകൃതിദത്തമായി നിർമ്മിക്കപ്പെട്ട പവിഴപ്പുറ്റുകളാണ്. മനോഹരമായ ഈ പവിഴപ്പുറ്റുകൾ (corals ) ദ്വീപിന് ചുറ്റും ഒരു സംരക്ഷിത വലയം തീർക്കുന്നു. തീരത്തോട് അടുത്ത് കിടക്കുന്ന ഈ ഉൾകടലിനെയാണ് 'ബില്ലം' എന്ന് വിളിക്കുന്നത്.
ദ്വീപിന്റെ മുഖ്യ ആകർഷണം പവിഴപ്പുറ്റുകളാണ്. Coral paradise of India എന്ന വിശേഷണം ലക്ഷദ്വീപ് എന്ത് കൊണ്ടും അർഹിക്കുന്നതാണ്. താഴ്ഭാഗം ചില്ലുപോലെ കാണുന്ന തെളിമയാർന്ന കടലിൽ ഉപ്പുണ്ടാവില്ലെന്ന് പോലും ഒറ്റനോട്ടത്തിൽ സംശയിച്ചു പോകും. ശുദ്ധവും വെട്ടിത്തിളങ്ങുന്നതുമായ വെള്ളം ഉള്ളം കയ്യിൽ കോരിയെടുക്കുമ്പോൾ പ്രത്യേക അനുഭൂതിയാണ്. നീന്തിത്തുടിക്കുന്ന വർണ്ണ മത്സ്യങ്ങളും ലഗൂൺ ഫിഷും തൊട്ടടുത്തായി കണ്ണാടിക്കൂടു പോലെ കാണാം. ഓക്സിജൻ സിലിണ്ടർ വെച്ച് സ്കൂബ ഡ്രൈവിങ്ങിന് ഇറങ്ങിയാൽ വർണ്ണരാശികളുടെ മഹാപ്രപഞ്ചത്തിലേക്കാണ് പ്രവേശിക്കുന്നതെന്ന് പറയേണ്ടതില്ല. 2500 രൂപയോ മറ്റോ ആണ് ഫീസ്. സീസണിൽ കൂടാനും ചാൻസുണ്ട്. ഇത് വരെ കാണാത്ത ചെറുതും വലുതുമായ മനോഹരമായ മീനുകളാണ് കിന്നാരം പറയാനും തൊട്ട് നോക്കാനും നമ്മോടടുത്തു വരുന്നത്. പണ്ട് കാർട്ടൂണുകളിൽ കണ്ട് ഉറ്റമിത്രമായിത്തീർന്ന 'നിമോ' കുഞ്ഞുമീനെ വീണ്ടും കണ്ടു.
ആദ്യമായി കടലിലിറങ്ങിയ രാത്രി ഉറങ്ങാൻ കിടന്നപ്പോൾ കണ്ണിൽ മുഴുവൻ വലിയ മീനുകളായിരുന്നു. ഞാൻ മാത്രമല്ല, എന്റെ സുഹൃത്തുക്കളും 'അക്വോറിയ'ത്തിലാണ് ഉറങ്ങിയതെന്ന് പിറ്റേന്ന് നേരം വെളുത്തപ്പോൾ അവർ പറഞ്ഞിരുന്നു.
കടൽ പോലെ കരയും മനോഹരമാണ്. കടലോ കരയോ കൂടുതൽ മനോഹരമെന്ന് പറയാൻ കഴിയില്ല, ചിലപ്പോൾ നുരഞ്ഞുപൊന്തി കാലിൽ മുത്തമിട്ടു മടങ്ങുന്ന തിരയുമാകാം. അക്വോറിയത്തിലിടുന്ന ശംഖും മുത്തുമെല്ലാം ജീവനോടെ വെള്ളാരം കല്ലുകൾക്കിടയിലൂടെ പോകുന്നത് എത്ര ഹൃദ്യമാണ്. കുഞ്ഞു ജീവൻ തന്നേക്കാൾ ഭാരമുള്ള ഉടലുകൾ ചുവന്നു പോകുന്ന കാഴ്ച്ച നമ്മുടെ കണ്ണിനെ കവർന്നെടുക്കും.
കടലിലെ ചെറിയ ആന്ദോളനങ്ങൾ മുതൽ ഓഖിയെന്നും സുനാമിയെന്നും കേൾക്കുമ്പോൾ വരെ ദ്വീപുകാരെ ഓർക്കാറുണ്ട്. ഓടിക്കയറാൻ തുരുത്തുകൾ പോലും അവർക്ക് ഇല്ലല്ലോ.... പ്രകൃതിക്ഷോഭങ്ങളുടെ മുൾമുനയിലാണെങ്കിലും മറ്റെന്തിനേക്കാളും ദ്വീപുകാരന് പ്രിയം ജനിച്ച മണ്ണും, കടലും കടൽക്കാറ്റും ബില്ലവും ഓടവുമൊക്കെ തന്നെയാണ്. അവർക്ക് വലിയ ഭയമുള്ളതായൊന്നും തോന്നിയിട്ടില്ല.
Comments
Post a Comment