island diary part - 06
കുളം കര കടൽ
പുതിയ പുതിയ പ്രദേശങ്ങൾ തേടി സൈക്കിളിൽ പോവുക, നാട്ടുകാരുടെ സൽക്കാരങ്ങളിൽ പങ്കെടുക്കുക, കടലിലും പോരാത്തതിന് കുളത്തിലും നീരാടി ഇങ്ങനെ നടക്കുക.. ഇതൊക്കെയായിരുന്നു ദ്വീപിലെ നേരം പോക്കുകൾ.
ആദ്യമായി കടലിൽ കുളിച്ചപ്പോൾ കണ്ണിൽ ഒരു കടച്ചിൽ അനുഭവപ്പെട്ടെങ്കിലും പിന്നീടത് ശീലമായി. ഗർത്തങ്ങളോ കൂറ്റൻ തിരമാലകളോ പേടിക്കാതെ പ്രവിശാലമായ 'സിമ്മിംങ് പൂളി'ൽ യഥേഷ്ടം ഉല്ലസിക്കാവുന്നതാണ്. കടലിലെ കുളി കഴിഞ്ഞാൽ ചിലപ്പോഴൊക്കെ കുളത്തിൽ ചെന്ന് ശുദ്ധജലത്തിലും കുളിക്കാറുണ്ട്. കടലിലെ കുളികൊണ്ട് കിട്ടിയത് പിന്നീട് പറയാം.
ഞങ്ങൾ എത്തുമ്പോഴേക്കും തൊട്ടടുത്ത വീടുകളിൽ നിന്ന് ഞങ്ങൾക്ക് 'വിഹരിക്കാനുള്ള ' സൈക്കിളുകൾ റെഡിയായിരുന്നു. കൂടാതെ ചെറിയ കോയ എന്ന് വിളിക്കുന്ന ഇത്തിഹാദിന്റെ വല്ലിപ്പയുടെ സ്കൂട്ടിയും ഉണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം അവരുടെ തെങ്ങിൻ തോപ്പുകളിൽ പോകുമ്പോൾ ഞങ്ങൾക്ക് ഇളനീര് ഇട്ടു തരും. ദ്വീപിന്റെ ചരിത്രവും പഴം കഥകളും കേട്ട് ഇളനീര് നുകർന്ന് ഞങ്ങൾ ഇങ്ങനെ ഇരിക്കും.
ബ്രേക്കില്ലാത്ത സൈക്കിളുകളായിരുന്നു അധികവും. നിയന്ത്രണം വിട്ടാൽ ഇടിച്ചു നിർത്താൻ മതിലുകളോവേലിക്കെട്ടുകളോ ദ്വീപിലില്ല. ഇടതൂർന്ന തെങ്ങിൻ തോപ്പുകൾക്കിടയിലൂടെ സൈക്കിൾ ഓട്ടം തന്നെ സാഹസമാണ്. തലയിൽ ഏത് നിമിഷവും തേങ്ങ വീഴാം എന്ന പേടിയിൽ മാത്രമെ പുറത്തിറങ്ങാറൊള്ളു.
ദ്വീപുകാർ ആതിഥ്യമര്യാദയിൽ കേമന്മാരാണ്. സ്നേഹിക്കാൻ മാത്രമറിയുന്ന നിഷ്കളങ്കരാണവരെന്ന് ബോധ്യപ്പെടുത്തുന്നതാണവരുടെ ഓരോ ചലനങ്ങൾ പോലും. ഞങ്ങൾ വന്നതറിഞ്ഞത് മുതൽ അയൽവാസികളും ബന്ധുക്കളും വിളിച്ച് കൂട്ടുകാരെ കൂട്ടി വരാൻ പറയുമായിരുന്നു. 'സൗകര്യാർത്ഥം ' പോയി ഭക്ഷണം കഴിച്ച് പരിചയപ്പെടലായിരുന്നു ഞങ്ങളുടെ പണി. ആതിഥ്യമര്യാദയുടെ കാര്യത്തിൽ അവന്റെ ഉമ്മ ഹാജറോമ്മാബി പിന്നിലായിരുന്നില്ല. സ്നേഹമൂട്ടി ഞങ്ങളെ അവർ വാരിപ്പുണർന്നു കൊണ്ടിരുന്നു. ഉമ്മ ഇടക്കിപ്പോഴും വിളിക്കാറുണ്ട്. നീട്ടിയും ചെരിച്ചുമുള്ള എന്റെ തൃശ്ശൂർ ഭാഷയും അക്ഷരങ്ങൾ പകുതി വിഴുങ്ങി ലോപിച്ച് മനസ്സിലാകാൻ പ്രയാസമുള്ള അവരുടെ ദ്വീപ് ഭാഷയും തമ്മിൽ കലരാതെ സമദൂരം പാലിക്കുമ്പോൾ ഞങ്ങളുടെ സംസാരം വെറും മൂളലുകൾ മാത്രമായി ചുരുങ്ങാറുണ്ട്.
Comments
Post a Comment