പ്രിയമുണ്ടെനിക്കു നിന്നോടെടോ
''പോയ മധുവിധു കാലത്തേക്കാളും
ഇന്നു പ്രിയമുണ്ടെനിക്കു
നിന്നോടെടോ''
ആറ്റൂരിന്റെ അതിമനോഹരമായ വരികളാണ്. ഓരോ നിമിഷം തോറും ബന്ധങ്ങളുടെ ആഴവും പരപ്പും വർദ്ധിക്കേണ്ടതാണ്. ദാമ്പത്യമാണെങ്കിലും, സൗഹൃദമാണെങ്കിലും.
*കാലദൈർഘ്യം സൗഹൃദങ്ങളെ കൂടുതൽ ഈടുറ്റതാക്കുമ്പോൾ പലപ്പോഴും ദാമ്പത്യത്തിൽ എന്തുകൊണ്ടത് സാധ്യമാകുന്നില്ല...?* മധുവിധുനാളുകൾക്കപ്പുറം വാർധക്യത്തിൽ നമുക്ക് എന്തുകൊണ്ടാണ് ഒരുമിച്ചിരിക്കാൻ കഴിയാതെ പോകുന്നത്..? ഭാര്യയുടെ പാദരക്ഷകൾ ഒരു കൈയ്യിലും മറുകൈയ്യിൽ അവരുടെ കൈയും പിടിച്ച് റോഡ് മുറിച്ചുകടക്കുന്ന വയോധികന്റെ ചിത്രം അപൂർവ്വ കാഴ്ച്ചയായി പത്രത്തിൽ കണ്ടപ്പോഴാണ് മൂളലും കൂർത്ത മൗനവുമല്ലാതെ വാർധക്യത്തിലൊന്നും ഇന്ന് അവശേഷിക്കുന്നില്ലല്ലോ എന്നോർത്തത്. കാലദൈർഘ്യം നഷ്ടപ്പെടുത്തേണ്ടതല്ല ദാമ്പത്യത്തിലെ രുചിയും ചൂരും.
മഹതി ഖദീജ(റ) തിരുമേനി (സ്വ) വിവാഹം കഴിക്കുമ്പോൾ അവർക്ക് പ്രായം നാൽപ്പതായിരുന്നു. രണ്ട് കുട്ടികളുടെ മാതാവും വിധവയും കൂടിയായിരുന്നു അവർ. നീണ്ട കാലം അവർ തിരുമേനിയോടൊപ്പം ജീവിച്ചു. ജബലു നൂറിലെ ഹിറാ ഗുഹയിൽ അവിടുന്ന് ഉപവസിക്കുമ്പോൾ ഭക്ഷണമൊരുക്കി കുന്നും മലയും കടന്ന് പ്രയതമന് എത്തിച്ചു കൊടുത്തത് സ്നേഹത്തിന്റെ സുന്ദര പാതയിലൂടെയായിരുന്നു അവർ ഇരുവരും സഞ്ചരിച്ചിരുന്നത് എന്നതുകൊണ്ടു മാത്രമാണ്. ഹിറാ ഗുഹ കണ്ടവർക്കറിയാം ആ സ്നേഹത്തിന്റെ ആഴം.
ജലാനരകൾ ബാധിച്ചിട്ടും, തൊലികൾ ചുക്കിച്ചുളിഞ്ഞിട്ടും പ്രണയമിപ്പോഴും ഉള്ളിൽ കെടാതെ സൂക്ഷിക്കുന്നവരുണ്ട്. വേർപ്പെട്ട് പോകാൻ കഴിയാത്തവണ്ണം അവർ ഒന്നായി തീർന്നിരിക്കുന്നു. ചിലപ്പോൾ ഒരാൾ യാത്ര തിരിച്ച ശേഷം മറ്റയാൾ അതേ വഴിയെ പോകുന്നത് കണ്ടിട്ടില്ലേ..? റൂഹിന്റെ പാതി നഷ്ടപ്പെട്ട് അവർക്ക് ഈ ഭൂമിയിൽ ജീവിക്കാൻ കഴിയാത്തത് കൊണ്ടാവാം അതൊരുപക്ഷേ. വ്യദ്ധ ദമ്പതിമാരെ ഇരു കരയിലാക്കാതിരിക്കാൻ മക്കളും ശ്രദ്ധിക്കേണ്ടതുണ്ട്.
പല്ലില്ലാത്ത മോണകാട്ടിച്ചിരിക്കുന്ന ഖദീജയെ അങ്ങ് ഇപ്പോഴും ഓർക്കുന്നതെന്തിനെന്ന് മഹതി ആയിശ(റ) കൊണ്ടുചോദിപ്പിച്ചത് ഈ ബന്ധമായിരുന്നു. തിരുമേനി അവരെ ഓർത്തെടുക്കുമ്പോൾ മഹതിയെ ചൊടിപ്പിച്ചതും അസൂയാവഹമായ ബന്ധം തിരുമേനിക്കും ഖദീജാബീവിക്കും ഇടയിലുണ്ടായിരുന്നത് കൊണ്ടാണ്. ദാമ്പത്യത്തിന് വാർധക്യമില്ല, എന്നും നിത്യഹരിത യൗവ്വനം മാത്രം. സ്നേഹം മാത്രം!
ബന്ധങ്ങൾ മങ്ങാതെ, മുറിയാതെ നിലനിൽക്കണം.
നാഥൻ അനുഗ്രഹിക്കട്ടെ....
Comments
Post a Comment