കേൾക്കുക
"അവൻ വിളിച്ചിരുന്നു. സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. തിരക്കുകൾ പറഞ്ഞ് ഞാൻ ഒഴിഞ്ഞു മാറുകയായിരുന്നു. ഒരുപക്ഷേ അന്ന് ഞാൻ സംസാരിച്ചിരുന്നെങ്കിൽ അത്യാഹിതത്തിനവൻ മുതിരുമായിരുന്നില്ല!''
സുഹൃത്തിന്റെ മരണവാർത്ത കേട്ട അഭ്രപാളിയിലെ ഒരാളുടെ പ്രതികരണമാണിത്. പട്ടിണിപ്പാവങ്ങൾ മാത്രമല്ല, ഒരായിരം ആരാധകർ കാണാൻ തിക്കും തിരക്കും കൂട്ടുന്ന 'പ്രമുഖർ' പോലും ആരെങ്കിലും ഒരാൾ തന്നെ കാതോർത്തിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നുണ്ട്.
ആത്മഹത്യ മുനമ്പുകളിലേക്ക് ഏതൊരാളും നടന്നടുക്കുന്നത് ഏകനായാണ്. ആത്മഹത്യക്കൊരുങ്ങാത്ത ദു:ഖിതന്റെ നിശ്ശബ്ദ മരണത്തിലും ഏകാന്തതയുടെ കരിനിഴൽ നിഴലിച്ചു കാണാം.
കൂടുതലൊന്നും ഒരാളും നമ്മിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല. അവർ പറയുന്നതൊന്ന് കേട്ടാൽ മതി. വേദനകൾ പങ്കു വെക്കുമ്പോൾ സമാശ്വാസത്തിന്റെ ഒരു വാക്ക് മതി ദു:ഖ സന്ധ്യയിലും ഇനിയും ഏറെ നാൾ നമ്മുടെ പ്രിയപ്പെട്ടവർക്ക് ജീവിക്കാൻ....
ഒരു ചാൺ കയറു മുതൽ ലണ്ടൻ ബ്രിഡ്ജ് വരെ മരണം തേടി ആളുകൾ പോകുന്നത്. കേൾക്കാൻ ഒരാളില്ലാത്തത് കൊണ്ടാണ്. ഓസ്ട്രേലിയയിലെ ഡോഡ് റിച്ചിനെ കുറിച്ച് കേട്ടിട്ടുണ്ടോ..? നൂറുകണക്കിന് പേരെയാണ് ആത്മഹത്യയുടെ വക്കിൽ നിന്ന് അദ്ദേഹം രക്ഷപ്പെടുത്തിയിട്ടുള്ളത്. ഇപ്പോഴും തുടരുന്നു. അദ്ദേഹം കൂടുതലൊന്നും ചെയ്യുന്നില്ല. മരണം കൊതിച്ചെത്തുന്നവരെ തന്റെ വീട്ടിലേക്ക് ക്ഷണിച്ച് ഒരു ഗ്ലാസ് ചായ കുടിപ്പിച്ച് അവരുടെ സങ്കടങ്ങൾ കേൾക്കുന്നു. അദ്ദേഹത്തിന്റെ വീട്ടിലെത്തിയവർ പിന്നീട് ആത്മവിശ്വാസത്തോടെ തിരിച്ചുപോകുന്നു.
പ്രിയപ്പെട്ടവരെ... തിരക്കുകളുടെ ഭാണ്ഡക്കെട്ടുകൾ ഒരൽപ്പനേരത്തേക്കെങ്കിലും അഴിച്ചു വെച്ച് വേദനിക്കുന്നവന്റെ ഓരം ചേർന്നിരിക്കുക.. ആർദ്രമായി പൊഴിഞ്ഞു വീഴുന്ന വാക്കുകൾക്ക് കണ്ണും കാതും നൽകി ഒന്ന് കേട്ടു നോക്കൂ... ഒടുവിൽ സമാശ്വാസത്തിന്റെ വാക്ക് പറഞ്ഞ് പിരിഞ്ഞു പോകുമ്പോൾ അവരിൽ കണ്ട ഉന്മേഷത്തിന് ഒരു കാരണമേ ഉള്ളൂ. 'കേൾക്കാൻ ഒരാളുണ്ടായി ' എന്നത് മാത്രമാണത്.
Comments
Post a Comment