Island Diary Part-02 കോറൽസ്
ഇത്തിഹാദിന്റെ അല്ലറ ചില്ലറ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പെർമിറ്റ് ശരിപ്പെടുത്തി. പെർമിറ്റ് കിട്ടലാണ് ദ്വീപിൽ പോകാനുള്ള ആദ്യ കടമ്പ. ടിക്കറ്റ് കഷ്ടിച്ചേ ഉണ്ടായിരുന്നൊള്ളു. വളരെ പ്രയാസപ്പെട്ട് വെളുപ്പാൻ കാലത്ത് തന്നെ ബേപ്പൂര് പോയി മാറി മാറി ക്യൂ നിന്ന് അവസാനം ടിക്കറ്റ് ഒപ്പിച്ചു.
തലേ ദിവസം തന്നെ കൊച്ചിയിലേക്ക് പുറപ്പെട്ടു. വെല്ലിങ്‌ടൺ ഐലന്റിൽ നിന്നാണ് കപ്പൽ പുറപ്പെടുന്നത്. കപ്പൽ പുറപ്പെടുന്നതിന്റെ 3 മണിക്കൂർ മുമ്പേ നാവിക സേനയുടെ പരിശോധനക്കും സ്കാനിങിനും വിധേയമാകേണ്ടതുണ്ട്. കേന്ദ്ര ഭരണ പ്രദേശം (UT) ആയതുകൊണ്ട് പരിശോധന വളരെ കടുത്തതാണ്. ഉന്നത റാംഗുള്ള മൂന്നാല് ഉദ്യോഗസ്ഥരാണ് വ്യത്യസ്ത ഘട്ടങ്ങളിലായി തിരിച്ചും മറിച്ചും പരിശോധിക്കുന്നത്. വിദേശയാത്രക്ക് പോലും ഇല്ലാത്ത ഈ കടുത്ത പരിശോധനയും, പെർമിറ്റ് കിട്ടാനുള്ള കടമ്പയും കണ്ടപ്പോൾ ദ്വീപ് എന്താ ഇന്ത്യയിലെല്ലേ എന്ന് കുഞ്ഞുമണി അമർഷത്തോടെ ചോദിച്ചു.
ഒടുവിൽ പരിശോധനകളൊക്കെ കഴിഞ്ഞ് കപ്പലിൽ കയറി. 400 യാത്രക്കാരെ ഉൾകൊള്ളാൻ കഴിയുന്ന 'കോറൽസ്' എന്ന കപ്പലിലായിരുന്നു ഞങ്ങളുടെ കന്നിയാത്ര. ജീവനക്കാരിൽ അധികവും വ്യത്യസ്ഥ ദ്വീപുകാർ ആയിരുന്നു. കപ്പലിനുള്ളിൽ പരിശോധനകൾ ഒന്നും ഉണ്ടായിരുന്നില്ല. നങ്കൂരമിട്ടിരുന്ന കപ്പൽ സൈറൺ മുഴക്കി പുക തുപ്പി മണിക്കൂറുകളോളം പിന്നെയും അതേ അവസ്ഥയിൽ തിരകളെ മുത്തമിട്ടങ്ങനെ കിടന്നു.
സീറ്റ് കണ്ടു പിടിക്കലായിരുന്നു ആദ്യത്തെ പണി. നീണ്ടു നിവർന്ന് ഉറങ്ങാൻ കഴിയുന്ന ബങ്ക് ക്ലാസ്സ് ബെർത്തുകളായിരുന്നു ലഭിച്ചിരുന്നത്. ഒരാൾക്ക് ടിക്കറ്റിന് ഏകദേശം 500 രൂപയാണ്. ദ്വീപുകാർക്ക് നേർ പകുതിയും. ടിക്കറ്റിലെ സീറ്റ് നമ്പർ നോക്കി ബങ്ക് ക്ലാസ്സ് തേടിപ്പിടിച്ചവസാനം ബാഗും മറ്റും വെച്ച് പുറത്തേക്ക് നടന്നു.
പുറമെ നിന്ന് നോക്കുന്നതിനേക്കാൾ വിശാലമായിരുന്നു കപ്പലിന്റെ ഉൾഭാഗം. ഒരുപാട് നിരകളിലായി കടൽപ്പരപ്പ് പോലെ കപ്പലിങ്ങനെ പരന്നു കിടക്കുന്നു. ഇരിപ്പിടത്തിൽ നിന്ന് പുറത്ത് കടന്നാൽ പിന്നെ തിരിച്ച് പോകലായിരുന്നു പ്രയാസം. എല്ലാം ഒരു പോലെ ആയതിനാൽ വഴിതെറ്റുന്നു. അടയാളങ്ങൾ ഓരോന്നും ഓർത്ത് വെച്ചാലും അവസ്ഥ ഇത് തന്നെ. പോരാത്തതിന് ഓളങ്ങൾക്കനുസരിച്ച് കപ്പൽ ഇളകുമ്പോൾ കണക്ക് കൂട്ടലുകളൊക്കെ തെറ്റുന്നു. മദ്യപിച്ച് മദോന്മത്തരായി മദ്യപന്മാർ വീട് അന്വേഷിച്ച് അലയുന്നത് പോലെ സ്വീറ്റ് അന്വേഷിച്ച് ചാഞ്ഞും ചെരിഞ്ഞും ഒരുപാട് അലഞ്ഞത് ഒരു അനുഭവം തന്നെ ആയിരുന്നു.
Comments
Post a Comment