ബഷീറും ദൈവവും
മതത്തോടുള്ള സമീപനങ്ങളിൽ പലപ്പോഴും ഏറ്റക്കുറച്ചിലുകൾ ഉണ്ടായിരുന്നെങ്കിലും, ബഷീർ ഒരു മതവിശ്വാസിയായിരുന്നുവെന്നത് അവിതർക്കിതമായ ഒന്നാണ്. ഒരു സൂഫീയുടെ ദൈവത്തോടുള്ള സമീപനം അവതരിപ്പിക്കുന്ന കവിതാരൂപമായിരുന്നു അദ്ദേഹത്തിന്റെ 'യാ ഇലാഹി'. ഇപ്പോഴായിരുന്നെങ്കിൽ അത്തരമൊരു രചന താൻ നിർവഹിക്കില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞതായി എവിടെയോ വായിച്ചതോർക്കുന്നു.
ബഷീർ സർവ്വശക്തനായ ദൈവത്തെ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്. ''എല്ലാ ലോകങ്ങളെയും മനുഷ്യന്റെ ഭാവനയ്ക്കും ബുദ്ധിക്കും എത്തും പിടിയും കിട്ടാത്ത അമ്പരപ്പിക്കുന്ന അത്ഭുത രഹസ്യമായി നിലകൊള്ളുന്ന ഭീതിജനകമായ അന്തമില്ലാത്ത മഹാപ്രപഞ്ചങ്ങളെയും സൃഷ്ടിച്ച്.. ഭയാനകമായ ശൂന്യതയി നിർത്തിയിരിക്കുന്ന... സങ്കൽപ്പങ്ങൾക്കതീതനായ... രൂപരഹിതനായ.. പരമകാരുണികനായ പ്രപഞ്ച ചൈതന്യമായ അല്ലാഹുവിൽ ഞാൻ വിശ്വസിക്കുന്നു.''
മതത്തിന്റെ നൂലിൽ പറ്റിയ അന്ധവിശ്വാസങ്ങളെ കുറിച്ചും ബഷീർ ബോധവാനായിരുന്നു. 'വിശുദ്ധരോമം' അന്ധവിശ്വാസങ്ങളെ കണക്കിന് പരിഹസിക്കുന്ന ഒന്നായിരുന്നല്ലോ... ഏറെക്കുറെ ഒട്ടുമിക്ക രചനകളിലും സമുദായത്തിലെ അന്ധവിശ്വാസ അനാചരങ്ങളെ അദ്ദേഹം പരാമർശിക്കുന്നതായി കാണാം.
മുസ്ലിം സമുദായത്തിലെ മഹാഭൂരിപക്ഷത്തേയും ബാധിച്ച 'പുണ്യ പുരുഷ്യ ഇടയാൾ, മധ്യവർത്തി' സങ്കൽപ്പത്തോടും അദ്ദേഹത്തിന് നീരസമുണ്ടായിരുന്നു. അദ്ദേഹം പറയുന്നു: 'പ്രപഞ്ചങ്ങളായ എല്ലാ പ്രപഞ്ചങ്ങളേയും സ്യഷ്ടിച്ച അല്ലാഹ് എന്റെ തൊട്ടടുത്തുണ്ട്. ഞാൻ നിന്റെ പിടലി ഞരമ്പിനേക്കാൾ അടുത്താകുന്നു സ്ഥിതി ചെയ്യുന്നത്. അല്ലാഹു കുർആനിലൂടെ പറയുന്നു. എനിക്ക് നേരിട്ട് അല്ലാഹുവിനോട് പറയാം. എന്റെ കാര്യം പറയാൻ മുഹ്‌യുദ്ദീൻ ശൈഖ് വേണ്ട.''
Comments
Post a Comment