Island diary part -03
കൊച്ചീ തീരം ഭേദിച്ചു ഉൾകടലിലേക്ക് മെല്ലെ മെല്ലെ കോറൽസ് നീങ്ങിത്തുടങ്ങി.. ചെളി കലർന്ന കറുപ്പ് നിറം മാറി നീലിമയാർന്ന കടലിലേക്ക് പ്രവേശിച്ചു തുടങ്ങി. കുറച്ച് സമയത്തിനുള്ളിൽ നാല് ഭാഗവും വെള്ളത്താൽ മൂടപ്പെട്ടു. എത്രയോ ആഴമുള്ള മഹാസമുദ്രത്തിലൂടെ കപ്പൽ എങ്ങനെ ഭാരം വഹിച്ച് സഞ്ചരിക്കുന്നതെന്ന ചോദ്യം അപ്പോൾ ഉത്തരം കിട്ടാതെ മുഴച്ചു നിന്നു. കോറൽസിന് ഉള്ളിൽ ഇരിക്കുമ്പോൾ സമയമോ കാലമോ ഒന്നും അറിയുന്നില്ല. അധികം പേരും ഫോണിൽ കളിച്ചു കൊണ്ടിരിക്കുകയാണ്. പുറത്തിറങ്ങുമ്പോൾ നേർത്ത് ഉപ്പ് കാറ്റ് മുഖത്തേക്ക് വീശും. പുറത്തിട്ടിരിക്കുന്ന ഇരിപ്പിടങ്ങളെല്ലാം ഉപ്പ് പൊതിഞ്ഞതു കാണാം.
പ്രഭാത സൂര്യൻ കൺമുന്നിൽ ധൃതിയിൽ ഉദിച്ചുപൊന്തുന്നതും അസ്ഥമയ സൂര്യൻ ചെഞ്ചായം ചൂടിയ കടലിൽ അലിഞ്ഞു ചേരുന്നതിനും സാക്ഷിയായി ഏകദേശം പതിനാറ് മണിക്കൂർ കപ്പലിൽ ചിലവഴിച്ചു. രാത്രിയിൽ കോറൽസ് ഒരു വർണ്ണ മത്സ്യത്തെപ്പോലെ വെട്ടിത്തിളങ്ങുന്നു. ലഗൂൺ ശോഭ അറബിക്കടലിൽ പ്രതിഫലിക്കുമ്പോൾ കാണാൻ പ്രത്യേക സൗന്ദര്യമാണ്. പറക്കുന്ന മത്സ്യങ്ങളും കുഞ്ഞൻ ഡോൾഫിനുകളും കന്നിയാത്രക്കാർക്ക് കൗതുകമുണർത്തുന്നവയാണ്.
ഭക്ഷണ സമയമായാൽ അനൗൺസ്മെന്റ് കേൾക്കുമ്പോൾ എല്ലാവരും മെസ്സിലേക്ക് പോകുന്നു. ഫസ്റ്റ് ക്ലാസ്റ്റ് സെക്കന്റ് ക്ലാസ്സ് ഉണ്ടെങ്കിലും കഫ്റ്റീരിയയുടെ സമയം കഴിഞ്ഞാൽ നടുക്കടലിൽ പട്ടിണിയാകുന്നത് കൊണ്ടാണ് ഈ കൂട്ടയോട്ടം.
മേശയുടെ വക്കുകളിൽ പലക വെച്ച് ഉയർത്തിയിട്ടുണ്ട്. കപ്പലിന്റെ ഇളക്കത്തിൽ ഭക്ഷണ സാധനങ്ങൾ താഴേക്ക് വീഴാതിരിക്കാനാണിത്.
നമസ്ക്കരിക്കാനും കപ്പലിൽ സൗകര്യമുണ്ട്. ഇളകുമ്പോൾ ഭക്ഷണം കഴിക്കുകയെന്ന പോലെ നമസ്ക്കാരവും ശ്രമകരമായ ഒന്നാണ്.
ലഗുണിന് പുറത്ത് വട്ടം കൂടിയിരുന്ന് രാക്കഥകൾ പറഞ്ഞിരിക്കുന്നതിനിടയിൽ എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു. കൽപ്പൈനി എത്തിയിരിക്കുന്നുവെന്ന അനൗൺസ്മെന്റ് കേട്ടാണ് ഞെട്ടി എഴുന്നേറ്റത്. ഭാണ്ഡക്കെട്ടുകൾ എടുത്തു വരി വരിയായി എക്സിറ്റ് ഡോറിലേക്ക് നീങ്ങി.
കടലിലേക്ക് നീണ്ട പാലത്തിന് ഓരം ചേർന്ന് കപ്പലുകൾ നങ്കൂരമിടുകയാണ് സാധാരണ പതിവ്. ആഴം നന്നേ കുറഞ്ഞ ദ്വീപുകളാണെങ്കിൽ ദുരെ ഉൾക്കടലിലാണ് നങ്കൂരമിടുക. കൽപൈനി ദ്വീപിന് അകലെയായി കപ്പൽ നങ്കൂരമിട്ടു. കുഞ്ഞൻ ബോട്ടുകൾ വന്ന് യാത്രക്കാരെ കയറ്റി കൊണ്ടു പോയി. ഒടുവിൽ ഞങ്ങളുടെ ഊഴമെത്തി. താഴെ ബോട്ട് വന്ന് കാത്തു നിൽക്കുന്നു. താഴേക്കിറങ്ങാൻ ആകെയുള്ളത് ഒരു വടം കയറാണ്. അതിൽ പിടിച്ച് വേണം താഴെയിറങ്ങാൻ. എന്ത് സംഭവിച്ചാലും രക്ഷപ്പെടുത്താൻ തയ്യാറായി നിൽക്കുന്ന ബോട്ടുകാരുടെ വിശ്വാസത്തിൻ രണ്ടും കൽപ്പിച്ച് താഴേക്ക് ചാടി.
ദ്വീപുകാർക്ക് ഇത് അത്ര പുത്തരിയൊന്നുമല്ല. എത്രയോ ദുർഘട പാതകൾ എടുത്തു ചാടിയാണ് ഓരോ ദ്വീപുകാരനും ജീവിതം കരക്കടിപ്പിക്കുന്നത്.
തുടരും..
Comments
Post a Comment