Island diary part-07ലക്ഷദ്വീപിലെ രുചി ഭേദങ്ങൾ
ദ്വീപിലെ പ്രധാന വിഭവമാണ് മത്സ്യം. മീൻ കൊണ്ടുള്ള വ്യത്യസ്ത വിഭവങ്ങൾ ഉണ്ടാക്കുന്നതിൽ അവരുടെ കരവിരുത് ഒന്ന് വേറെ തന്നെയാണ്.
ദ്വീപ് വിഭവങ്ങളിൽ ഏറ്റവം ഇഷ്ടപ്പെട്ട വിഭവം 'ഇട്ടുബെന്തത്' ആയിരുന്നു. കാണാൻ മജ്ബൂസിനെ പോലെയാണെങ്കിലും രുചി തികച്ചും വ്യത്യസ്തമാണ്. മറ്റൊരു വിഭവം തേങ്ങാച്ചോറാണ്. മട്ടാഞ്ചേരി കായിക്കാടെ ഹോട്ടലിലൊക്കെ കിട്ടുമെങ്കിലും രണ്ടും രണ്ടാണ്.
നിറം കണ്ട് രുചിച്ചു നോക്കാൻ ഭയന്നൊരു കറിയാണ് 'കായം'. കായത്തിന് നല്ല ചുവന്ന നിറമാണ്. കളർ ചേർത്തിട്ടുണ്ടോന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ ഒക്കില്ല. കാശ്മീരി ചില്ലി ഇട്ടത് കൊണ്ടാണത്രേ ഇത്രയും ചുവന്നിരിക്കുന്നത്. മീനച്ചാറിലും ഈ ചില്ലി തന്നെയാണ് ഇടുന്നത്.
നാട്ടിൽ നിന്ന് തിരിച്ചു വരുമ്പോൾ ഇത്തിഹാദിന്റെ പെട്ടിയിലെ പ്രധാന സാധനം ഈ മീനച്ചാറാണ്. ഹോസ്റ്റൽ മുറിയിൽ വട്ടം കൂടിയിരുന്നു ബ്രഡ് മുതൽ കൈയ്യിൽ കിട്ടുന്നതൊക്കെയും കൂട്ടി മീനച്ചാറ് അകത്താക്കും. ട്യൂണ ഫിഷാണ് അച്ചാറിന് ഉപയോഗിക്കുന്നത്.
ട്യൂണ കൊണ്ടുള്ള വേറൊരു പ്രധാന ഐറ്റം 'മാസ്സ്' ആണ്. വല്ലാത്തൊരു മരണ മാസ്സാണ് ഈ സാധനം. എവിടെ പോയാലും ഇത് ഉണ്ടാകും. ദ്വീപുകാരുടെ ദേശീയ ഭക്ഷണമെന്ന് പറഞ്ഞാലും അധികമാവില്ല.
ട്യൂണയുടെ ഒരു പ്രത്യേക ഭാഗമെടുത്ത് ഉപ്പ് വെള്ളത്തിൽ പുഴുങ്ങി, വെയിലത്തിട്ട് ഉണക്കിയാണ് മാസ്സുണ്ടാക്കുന്നത്. ഇതു ചേർത്താണ് ഏറെക്കുറെ എല്ലാ വിഭാവങ്ങളും ഉണ്ടാക്കുക. കഴിഞ്ഞ വർഷം പോയപ്പോൾ ഇത്തിഹാദിന്റെ ഉമ്മ തന്ന മാസ്സ് സന്തോഷത്തോടെയാണ് വീട്ടിൽ കൊണ്ടുപോയതെങ്കിലും പ്രതീക്ഷിച്ച പോലെ അച്ചാറിന് കിട്ടിയ 'മാർക്കറ്റ്' ഒന്നും അതിന് കിട്ടിയില്ല. അയൽക്കാർക്കും ബന്ധുക്കൾക്കും കൊടുത്തപ്പോൾ കിട്ടിയ ചീത്ത മിച്ചം.
നല്ല കട്ടിയുള്ള മാസ്, ചിലരത് പുഴുങ്ങി നോക്കി. മറ്റു ചിലർ വാട്ടിയും പൊരിച്ചും ഉരുട്ടിയും പറ്റാവുന്നതൊക്കെ ചെയ്ത് നോക്കി. അതിനൊരു കുലുക്കവും ഉണ്ടായില്ല. അവസാനം കൂട്ടാൻ കലത്തോടെ കളഞ്ഞവരുമുണ്ട്. ഒടുവിൽ ഇത്തിഹാദിന്റെ ഉമ്മയെ വിളിച്ച് മാസ്സ് ചെമ്മീന്റെ റെസിപ്പി ചോദിച്ച് ഉണ്ടാക്കി സമാധാനിച്ചു..
ലക്ഷദ്വീപിലെ പരമ്പരാഗതവും വ്യത്യസ്തവുമായ ഒരു പലഹാരമാണ് 'ദ്വീപ് ഉണ്ട' അഥവാ 'ദ്വീപ് അലുവ'. തേങ്ങയും ദ്വീപ്
ശർക്കരയും ഉരുളിയിലിട്ട് ഇളക്കി വേവിച്ചു പതം വരുത്തി ഏലക്കയും പൊടിയും മറ്റു
ചില ചേരുവകളും ചേർത്ത് ഇളക്കിയാണ് ദ്വീപ് ഉണ്ട ഉണ്ടാക്കുന്നത്. മീര എന്ന തെങ്ങിന്
പാനീയം കുറുക്കി ദ്വീപ് ശർക്കരയും
ഉണ്ടാക്കുന്നു.
പോകുന്നതിന്റെ തലേന്ന് അയൽവാസികൾ കൂടി ചേർന്നാണ് ഞങ്ങൾക്കുള്ള വിഭവങ്ങൾ ഉണ്ടാക്കിയത്. വറവുകളും ദ്വീപിലെ പ്രധാന വിഭവങ്ങളും തന്നാണ് ഇത്തിഹാദിന്റെ ഉമ്മ ഞങ്ങളെ യാത്രയാക്കിയത്. അവരെ ഓർക്കുമ്പോൾ കടലോളം സ്നേഹവും, രുചിഭേദങ്ങളുടെ നിറക്കൂട്ടുകൾ ഓർക്കുമ്പോൾ വായിൽ കപ്പലോടിക്കാനുള്ള വെള്ളവും ഊറുന്നു.
fb post /
Comments
Post a Comment