Island Diary -01
കോറന്റയിനിൽ കഴിയുന്ന സുഹൃത്ത് മുഹമ്മദ് ആദിലാണ് ഞങ്ങളുടെ പഴയ ഫോട്ടോ അയച്ച് ലക്ഷദ്വീപ് യാത്രയെ കുറിച്ച് എഴുതാൻ പറഞ്ഞത്. (കോറന്റയിനിൽ ആയതോണ്ട് പഴയത് ഓരോന്ന് കുത്തിപ്പൊക്കലാണ് അവന്റെ ഇപ്പോഴത്തെ പ്രധാന വിനോദം)
നാല് വർഷങ്ങൾക്ക് മുമ്പ് നടത്തിയ യാത്ര എങ്ങനെയാണ് എഴുതുകയെന്നതിന് വലിയ നിശ്ചയമൊന്നുമില്ല. സത്യത്തിൽ നാടിനെ കുറിച്ച് സവിസ്തരം എഴുതും എന്ന് ദ്വീപിലേക്ക് കൊണ്ടു പോകുന്നതിന് മുമ്പേ ഇത്തിഹാദിനോട് പറഞ്ഞിരുന്നതാണ്. പക്ഷേ എന്ത് കൊണ്ടോ ആ വാക്ക് പാലിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ വർഷം കവരത്തിയിൽ പോയപ്പോൾ ആധികാരികമായി തന്നെ എഴുതാൻ ഇത്തിഹാദിന്റെ 'ഇളയോൻ' (അനിയൻ) ഇഹ്സാൻ ദ്വീപ് സംസ്ക്കാരത്തേയും പൈതൃകത്തേയും നാടൻ കലകളേയും കുറിച്ച് പറയുന്ന പുസ്തകങ്ങൾ സമ്മാനിച്ചു. എന്നിട്ടും എഴുത്ത് എവിടെയുമെത്തിയില്ല.
'കരയോട്'( കേരളത്തോട്) ഏറെ അടുത്തും നമ്മുടെ സംസ്ക്കാരത്തോടും ഭാഷയോടും അതിലേറെ അടുത്തും സ്ഥിതി ചെയ്യുന്ന ദ്വീപിനെ കുറിച്ച് പലർക്കും ഇപ്പോഴും വലിയ അറിവില്ല. ദ്വീപ് ഏവർക്കും ഒരു അത്ഭുതമാണ്. അതുകൊണ്ട് അവിടേക്ക് പോകുന്നതിനെ കുറിച്ചും പലരും ചോദിക്കുന്നു. ലക്ഷദ്വീപിൽ കൊണ്ടുപോകാൻ പറഞ്ഞിട്ട് പലരും ചായ വാങ്ങി തന്ന അനുഭവവും ഉണ്ട്. 🤭
ദ്വീപിനെ കുറിച്ചെഴുതുകയാണ്.... മുന്നാം ക്ലാസ്സിലാണെന്ന് തോന്നുന്നു. വർണ്ണ മത്സ്യങ്ങളുടേയും താഴ്ഭാഗം കാണുന്ന ചില്ലു ബോട്ടുകളുടെയും പാഠത്തിലാണ് ലക്ഷദ്വീപിനെ കുറിച്ച് ആദ്യമായി കേട്ടത്. ''ഫാ ചായ കുടിച്ച് ഫോ...'' എന്ന അവരുടെ മലയാളം കലർന്ന 'ജസരി' ഭാഷ ഞങ്ങൾ കുട്ടികൾ പരസ്പരം കൗതുകത്തോടെ അന്ന് പറഞ്ഞ് നടന്നിരുന്നു. പിന്നീട് കോളേജിൽ എത്തിയപ്പോൾ അതാ പാഠപുസ്തകത്തിൽ പഠിച്ച ദ്വീപുകാരൻ മുന്നിൽ നിൽക്കുന്നു. സാക്ഷാൽ ഇത്തിഹാദ് !
പിന്നീട് നീണ്ട ഏഴുവർഷം അവന്റെ കൂടെ തന്നെ ആയിരുന്നു. ദ്വീപുകാരന്റെ എല്ലാ നന്മയും നിഷ്കളങ്കതയും അവനിൽ ഒത്തുചേർന്നിരുന്നു. 🥰LLB എടുക്കാൻ നിരന്തരം ഉപദേശിച്ച് പിണങ്ങിപ്പോയ ഉപദേശകൻ, ഫസ്റ്റ് ബിസിനസ്സ് പങ്കാളി, കറക്കം മുതൽ പുറംതീറ്റ വരെ പഠിപ്പിച്ച കോഴിക്കോട് നഗരത്തിന്റെ വളർത്ത് പുത്രൻ, ഫോക്കസ് മാളിലെ നിത്യ സന്ദർശകൻ, കോളേജിൽ ചേർന്ന വർഷം ഞങ്ങളെ കൂട്ടത്തിലെ ആദ്യ താടിക്കാരനും ഖത്തീബും അങ്ങനെ ഒരുപാടുണ്ട് പ്രിയപ്പെട്ട കൂട്ടുകാരനെ കുറിച്ച് പറയാൻ
വർണ്ണ മത്സ്യങ്ങളുടെ നാട്ടിൽ എത്തുമ്പോൾ ബാക്കി പറയാം...
Comments
Post a Comment