ബഷീർ_അനുസ്മരണം

   
   ഉണങ്ങിയ കമ്പിൽ പ്രണയത്തെ സുന്ദരമായി അടയാളപ്പെടുത്തിയ സാഹിത്യകാരനാണ് ബഷീർ. അനുവാചകരുടെ ചിന്തകളേയും സങ്കൽപ്പങ്ങളേയും പ്രപഞ്ചത്തോളം വിശാലമായ കാൻവാസിലേക്ക് കൊണ്ടുപോകാൻ ഈ വിശ്വസാഹിത്യകാരന് നിമിഷങ്ങൾ മതി. ചോരക്കുഞ്ഞിനെ ഉറുമ്പരിക്കുന്നതും നോക്കി നിൽക്കെ വിശപ്പകറ്റാൻ വേശ്യാവൃത്തിയിൽ ഏർപ്പെടുന്നവളെ ബഷീർ അവതരിപ്പിക്കുമ്പോൾ നമ്മുടെ 'അമ്മ' എന്ന സങ്കൽപ്പത്തിന് പുതിയൊരുമാനം കൂടി കൈവരികയാണ്. പാവപ്പെട്ടവരുടെ വേശ്യ എന്ന കഥ വായിക്കുമ്പോൾ വേശ്യകളേയും അസാന്മാർഗ്ഗിക പ്രവർത്തനങ്ങൾ നടത്തുന്നവരേയും കൂടി മനുഷ്യത്വത്തിന്റെ തണലിലേക്ക്  ചേർത്തുവെക്കാൻ നമുക്ക് സാധിക്കുന്നു. 
   ബഷീർ എഴുതിയത് മുഴുവൻ അദ്ദേഹത്തിന്റെ അനുഭവങ്ങളായിരുന്നു. ''ചുട്ടുനീറുന്ന കുറേ അനുഭവങ്ങളും പേനയുമല്ലാതെ മറ്റുള്ളതൊന്നും ഉണ്ടായിരുന്നില്ല'' എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ടല്ലോ...   മറ്റുള്ള എഴുത്തുകാരെ പോലെ സ്വന്തം അനുഭവങ്ങളെ വ്യത്യസ്തമായ രീതിയിലാണ് അദ്ദേഹവും അവതരിപ്പിക്കുന്നത്. എങ്കിലും കഥ പിറക്കുന്നത് പൊള്ളുന്ന അനുഭവങ്ങളിൽ നിന്നു തന്നെയാണ്. 
   തീക്ഷ്ണമായ അനുഭവങ്ങളാണ് ഒരു എഴുത്തുകാരനെ രൂപപ്പെടുത്തുന്നത് എന്ന യാഥാർത്ഥ്യത്തെ അരക്കെട്ടുറപ്പിപ്പിക്കുകയാണ് ബഷീർ.  ജയിലനുഭവങ്ങൾ മതിലുകളായും വിശപ്പും പട്ടിണിയുമെല്ലാം 'ബാല്യകാല സഖിയും', 'ആ മനുഷ്യൻ' ആയുമൊക്കെ മാറിയത് അങ്ങനെയാണ്.


Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

ആസിംക്കയുടെ ചായ മക്കാനി

പദശുദ്ധികോശം