Island diary Part -08 തീപ്പെട്ടി


    കൽപൈനിക്ക്  അടുത്തുള്ള ആൾതാമസമില്ലാത്ത കൊച്ചു ദ്വീപാണ് ''ചെറിയൻ ദ്വീപ്''. ബോട്ടിൽ അവിടേക്ക് ഏകദേശം ഒരു മണിക്കൂർ യാത്രയുണ്ട്. 
  ഒരു ദിവസം രാത്രി സുഹൃത്ത് ഇത്തിഹാദ് പറഞ്ഞു. നാളെ നമ്മൾ പോകുന്നത് ജനവാസമില്ലാത്ത ദ്വീപിലേക്കാണ്. വൈകിയിട്ടേ മടങ്ങൊള്ളു.
    ഞങ്ങൾ മാത്രം തനിച്ച് ഒരു ദ്വീപിൽ എങ്ങനെ ആയിരിക്കും... ആകാംക്ഷ കൊണ്ട് കിടന്നിട്ട് ഉറക്കം വന്നില്ല.  സാഹസികനായി ലോകം ചുറ്റിക്കറങ്ങാനിറങ്ങിയ റോബിൻസൺ ക്രൂസോയെ കുറിച്ച് വായിച്ചതോർത്തു. വായിച്ചപ്പോൾ കോരിത്തരിപ്പുണ്ടാക്കിയ നോവലാണ്. കപ്പൽ കൊടുങ്കാറ്റിൽ പെട്ട് തകർന്ന് ക്രൂസോ കരീബിയൻ കടലിൽ ഒറ്റപ്പെട്ടു. പിന്നീട് അയാൾ എത്തിച്ചേർന്നത് മനുഷ്യവാസമില്ലാത്ത ഒരു ദ്വീപിലായിരുന്നു. പിന്നീടയാൾ അവിടെ ജീവിതം ആരംഭിച്ചതാണ് കഥ...
  ആഹ്... നാളെത്തെ യാത്രയിൽ അന്വർത്ഥങ്ങൾ ഉണ്ടായാൽ ക്രൂസ്സോയെ പോലെ ഏതെങ്കിലും ദ്വീപിൽ അലയേണ്ടി വരുമെല്ലോ എന്നോർത്തപ്പോൾ ചെറിയ പേടി തോന്നാതിരുന്നില്ല. എന്നാലും ഈ യാത്രയിലെ ഏറ്റവും വലിയ Advantage ഇതാണെല്ലോ എന്നോർത്തപ്പോൾ പോകാൻ തന്നെ തീരുമാനിച്ചു. ശരിയായിരുന്നു ആ യാത്രയെ കൂടുതൽ മനോഹരമാക്കിയത് അതായിരുന്നു.
     രാവിലെ തന്നെ ബോട്ട് വന്നു. യാത്രയിൽ വെയിൽ കൊണ്ട് നല്ല ക്ഷീണമുണ്ടായിരുന്നുവെങ്കിലും ചെറിയൻ ദ്വീപ് എത്തിയപ്പോൾ എല്ലാം മാറി. ചൂടുകായാൻ കരയിലിരിക്കുന്ന കടലാമകളെ കടലിലേക്ക് വലിച്ചിടുക, ഞണ്ടുകളുടെ പിന്നാലെകൂടി ഓടിക്കുക തുടങ്ങി പറ്റാവുന്ന വിക്രസുകളൊക്കെ അവിടെ ചെയ്ത് കൂട്ടി.
   ബോട്ടിൽ വരുമ്പോൾ ചൂണ്ടയിൽ പിടിച്ച മീൻ പാകം ചെയ്യാൻ ഒരുങ്ങുന്നതിനിടയിലാണ് ഞെട്ടലോടെ ഉമ്മ ഞങ്ങളോട് ഒരു സത്യം പറഞ്ഞത്. ''മക്കളേ എല്ലാം എടുത്തതാണ്. പക്ഷേ കത്തിക്കാൻ തീപ്പെട്ടി എടുക്കാൻ മറന്നു പോയി''
    ''തീപ്പട്ടിയുണ്ടോ എടുക്കാൻ..'' എന്തൊരു അസഹ്യമായൊരു ചോദ്യമാണത്...
   പച്ചമീൻ പച്ചക്ക് തിന്നേണ്ട അവസ്ഥയാണ്. നാല് ഭാഗവും പോയി തീപ്പെട്ടി തിരഞ്ഞു. ദ്വീപ് മുഴുവൻ ചുറ്റിയിട്ടും ഒരു ചുക്കും കിട്ടിയില്ല. പുരാതന മനുഷ്യരുടെ കഥ പറഞ്ഞ് ചില സാധുക്കൾ കല്ലുകൾ വരെ ഉരസി നോക്കി. ഒന്നും ഉണ്ടായില്ല.
      ഒടുവിൽ തെങ്ങിൽ കയറി കരിക്കിട്ടും പ്രഭാത ഭക്ഷണത്തിന് കൊണ്ടുവന്ന അവിൽ നനച്ചതും കഴിച്ച് വിശപ്പകറ്റി. നടന്നതൊന്നും വല്ലുപ്പയോട് പറയില്ലെന്ന് ഉമ്മാക്ക് വാക്ക് കൊടുത്ത്  വൈകുന്നേരം ചെറിയൻ ദ്വീപിൽ നിന്നും മടങ്ങി.


Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

ആസിംക്കയുടെ ചായ മക്കാനി

പദശുദ്ധികോശം