പെയ്തൊഴിയുക
പുഴ ശാന്തമാണെങ്കിലും ചിലപ്പോഴെല്ലാം കരകവിഞ്ഞൊഴുകാറുണ്ട്. ഉള്ളം ഉൾകൊള്ളാനാവാത്ത വിധം നിറയുമ്പോഴാണ് ഒരോ പുഴയും അണപൊട്ടിയൊഴുകുന്നത്. ഉള്ളിൽ സങ്കടം അലതല്ലുകയാണെന്ന കവിഭാവനയുമുണ്ട്.
പുഴ കരയുന്നുവെങ്കിൽ, മഴ കരഞ്ഞു തീർക്കുന്നുവെങ്കിൽ നമുക്ക് എന്ത് കൊണ്ട് കരഞ്ഞു കൂടാ..? പൗരുഷം അലിഞ്ഞ് തീരുന്ന ഒന്നായി കാണുന്ന സമൂഹം സ്ത്രീയെ യഥേഷ്ടം കരയാൻ അനുവദിക്കുമ്പോൾ പുരുഷൻ കരയരുതെന്ന് ശഠിക്കുന്നു. *ഉള്ളിലെ സങ്കടം കരഞ്ഞു തീർക്കയല്ലാതെ മറ്റെന്താണവർക്കാവുക..!*
പ്രവാചകൻ(സ്വ) കരഞ്ഞിരുന്നില്ലേ..? നാഥന് മുന്നിൽ എത്രയോ വട്ടം അവിടുത്തെ മിഴി നിറഞ്ഞിരിക്കുന്നു. ചെയ്തു പോയ പാപങ്ങളോർത്ത് കരയാൻ ഇനിയെന്താണ് നമുക്ക് തടസ്സം..? റബ്ബിനെയോർത്ത്കരഞ്ഞവൻ കറന്നെടുത്ത പാൽ അകിടിലേക്ക് തിരിച്ച് പോകുന്നവരെ നരകത്തിൽ പ്രവേശിക്കുകയില്ലെന്ന തിരുവചനം ഓർമ്മിക്കുക..
പേരക്കുട്ടിയുടെ ചലനമറ്റ ശരീരം ഏറ്റു വാങ്ങുമ്പോൾ അവിടുത്തെ മടിശ്ശീല നനഞ്ഞിരുന്നു. പ്രിയപ്പെട്ടവരുടെ വേർപാടിലും അവിടുന്ന് കരഞ്ഞിരുന്നു. പ്രവാചകൻ(സ്വ) കരഞ്ഞ നിമിഷങ്ങളെന്ന പേരിൽ പുസ്തകങ്ങൾ വരെ കാണാം.
കരയുക... നാഥന് മുന്നിൽ പരിധികളില്ലാതെ. ദു:ഖം അണപൊട്ടി ഒഴുകുമ്പോഴും മടിക്കാതെ കരഞ്ഞു തീർക്കുക..
വീണ്ടും പുഴയാവർത്തനത്തിലേക്ക് മടങ്ങാം, പുഴ പിൻവലിഞ്ഞിട്ടും, മഴ പെയ്തൊഴിഞ്ഞിട്ടും മരങ്ങൾ പോലെ പലരും ഇപ്പോഴും തോരാതിരിക്കുന്നു. വിഷാദനായ കവി മഴയോട് പറഞ്ഞത് പോലെ, ''നീ പെയ്തൊഴിഞ്ഞിട്ടും തോരാത്തതിപ്പോഴും ഞാനല്ലേ..?''
കലങ്ങിയ വെള്ളം തെളിയുന്ന പോലെ കാർമേഘം പെയ്തൊഴിഞ്ഞ് തെളിമാനം രൂപപ്പെടുന്നതു പോലെ ദു:ഖങ്ങളെല്ലാം പെയ്തൊഴിഞ്ഞ് പൂർവ്വാധികം ശക്തിയോടെ ജീവിതത്തിലേക്ക് തിരിച്ചുവരാനും നമുക്കാവണം. പരാജയം കരയുന്നതല്ല, തോരാതിരിക്കലാണ്. ഉള്ളിൽ തെളിമാനം രുപപ്പെടുത്തുന്നതാവട്ടെ നമ്മുടെ കണ്ണീർ....
Comments
Post a Comment