പ്രതീക്ഷയുടെ മഴമേഘങ്ങൾ

  

     നിങ്ങൾ കേട്ടതാണ്.. എങ്കിലും ഒരു ഉണർത്തലായെടുക്കാം ആ ഇടയ ബാലന്റെ കഥ. മലമുകളിൽ മഴക്കായ് പ്രാർത്ഥിക്കാൻ പോകുമ്പോൾ, കയ്യിൽ ഒരു കുടയെടുത്തതിന്റെ പേരിൽ പുരോഹിതൻ വരെ ആ പാവത്തെ ക്രൂശിക്കുന്നുണ്ട്. മഴക്കാറ് കാണാത്ത ഈ നേരത്ത് കുടയെടുത്താൽ ആരും പരിഹസിക്കില്ലേയെന്ന് അവർക്ക് ന്യായവും പറയാം.  "മഴക്കായ് പ്രാർത്ഥിച്ച് നാം തിരിച്ച് വരുമ്പോൾ  ഉറപ്പായും മഴ പെയ്യും."  മഴമുകിൽ കണ്ടവനെ പോലെ അവൻ നിഷ്കളങ്കമായി അവരോട് പറഞ്ഞു. അന്ന് ആ മഴയിൽ കുതിർന്നത് അവരുടെ  വിശ്വാസ ദുർബലത കൂടിയായിരുന്നു
   ഇപ്പോഴും ചിലരങ്ങനെ നിരന്തരം ചോദിച്ചു കൊണ്ടിരിക്കുന്നു. എന്ത് ഉറപ്പിലാണ് നീയത് ചെയ്തതെന്ന്...എന്ത് ഉറപ്പിലാണ് ഇപ്പോഴും പോകുന്നതെന്ന്... മുന്നോട്ടെടുക്കാൻ നിനക്കെങ്ങനെ ധൈര്യം വന്നതെന്ന്...
  മഴമേഘം മാനത്ത് കുട വിരിക്കും മുമ്പേ മുകളിലേക്ക് ചൂണ്ടി ആ ഇടയ ബാലൻ പറഞ്ഞത് പോലെ അപ്പോൾ അവരോട് പറഞ്ഞേക്കണം. "എന്റെ ഹൃദയമറിയുന്ന നാഥനു മുന്നിലാണ് ഞാൻ മുട്ടിയതെന്ന്, ചോദിക്കൂ തരാം എന്ന റബ്ബിന്റെ ഉറപ്പിലാണെന്റെ പ്രതീക്ഷയെന്ന്.... പിന്നെ ഞാനെന്തിന് നിരാശനാകണം..?"
   ശരിയാണ് ..ഉറപ്പോടെ തന്നെയാണ് നാഥൻ പറഞ്ഞത് ..അതും സുറത്തുൽ ബഖറയിൽ റമദാനോട് ചേർത്ത് കൊണ്ട് "നിന്നോട് എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ അവരോട് അടുത്തുള്ളവനാകുന്നുവെന്ന് പറയുവിൻ. പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാർത്ഥനക്ക് ഉത്തരം നല്‍കുന്നതാണ്‌"
  ഖൽബിൽ  പ്രതീക്ഷയുടെ കുട വിരിക്കാൻ ഇനി എന്താണ് വേണ്ടത്..?
നാഥൻ അനുഗ്രഹിക്കട്ടെ...

Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

ആസിംക്കയുടെ ചായ മക്കാനി

പദശുദ്ധികോശം