മറിയമിന്റെ കഥ


    പ്രസവവേദനയവളെ ഈന്തപ്പനത്തണലിലേക്ക് എത്തിച്ചു. ആൾരൂപത്തെ കണ്ട ഭയം നീങ്ങുന്നതിന് മുമ്പേ ഗർഭഭാരം പേറേണ്ടി വന്നവളാണവൾ. ആളുകളുടെ തുറിച്ചു നോട്ടം എത്താത്തൊരിടത്തവൾ മറപിടിച്ചിരുന്നിട്ടും ഒരു പെണ്ണും ഒരുനാളും കേൾക്കാൻ ഇഷ്ടപ്പെടാത്ത പരിഹാസ വർഷങ്ങൾ അവൾക്ക് നേരിടേണ്ടി വന്നു. അവളുടെ ചാരിത്ര്യശുദ്ധി പോലും ചോദ്യം ചെയ്യപ്പെട്ടു. നാഥാ ഇതിനു മുമ്പേ ഞാൻ മരിച്ചിരുന്നെങ്കിലെന്ന് പ്രാർത്ഥിച്ചവൾ പൊട്ടിക്കരഞ്ഞു.
   ഇംറാന്റെ പുത്രി മറിയമിന്റെ കഥയാണിത്. ഖുർആൻ സവിസ്തരം പറഞ്ഞ കഥാകഥനം.
     എന്തേ റബ്ബ് എന്നെ ഇപ്പോഴും പരീക്ഷിക്കുന്നുവെന്ന നിങ്ങളുടെ ചോദ്യത്തിനുത്തരമുണ്ടാകാം  ഒരുപക്ഷേ ഈ കഥയിൽ. ഒന്നുകൂടി കാതോർക്കൂ...
     ലോക സ്ത്രീകൾക്ക് മാതൃകയായി വാഴ്ത്തിയ മറിയമിനെ അവളുടെ റബ്ബിന് ഇഷ്ട്ടമില്ലെന്ന് തോന്നുന്നുണ്ടോ..? ഒരിക്കലുമില്ല,  ആരാണ് അവരെ ഇഷ്ടപ്പെടാത്തത്..! എങ്കിൽ നാഥൻ ഇത്രയേറെ വേദന പകർന്നത് എന്തിനാകാം..?
   കുട്ടി പിറന്നിട്ടും ആക്ഷേപങ്ങൾക്ക് അറുതി വന്നില്ല. തൊട്ടിലിൽ കിടന്ന് കുഞ്ഞ് സംസാരിക്കുന്നത് വരെ ആക്ഷേപങ്ങൾ തുടർന്ന് കൊണ്ടിരുന്നു. അത്ഭുതകരമായ ഈസാ മസീഹിന്റെ സംസാരം കേട്ടപ്പോൾ ജനം സ്തബ്ധരായി. ജനങ്ങൾക്കിടയിൽ  മറിയമിന്റെ സ്ഥാനം ഉയർന്നു. ഇപ്പോഴും ഒരു കോട്ടവും തട്ടാതെ അത് നിലകൊള്ളുന്നു.
  ക്ഷമയിലൂടെ പാനം ചെയ്യപ്പെടുന്ന സ്വർഗീയ ആസ്വാദനമാണ് ഓരോ പരീക്ഷണത്തിന് പിറകിലും. 'കുൻ' എന്ന വാക്കു കൊണ്ട് സംഭവിക്കാവുന്നതാണ് നാഥൻ ദു:ഖഭാരത്താൽ ഗർഭം ധരിച്ച മറിയമിന്റെ ഉദരങ്ങളിലൂടെ പുറത്ത് കൊണ്ടുവന്നത്.  എല്ലാം ഒരു നിയോഗമാണ്! ഓരോ പരീക്ഷണത്തിനൊടുവിലും അത്ഭുതകരമായതെന്തോ കാത്തിരിക്കുന്നുണ്ട്.
മരണവേദന സഹിച്ച് നൊന്തു പ്രസവിച്ച കുഞ്ഞിനെ ഒരു നോക്ക് കാണുമ്പോൾ അനുഭവിക്കുന്നതിനേക്കാൾ സുഖം പരീക്ഷണങ്ങൾക്ക് ഒടുവിലെ നാഥന്റെ അത്ഭുതങ്ങൾ കാണുന്ന വിശ്വാസിക്ക് ലഭിക്കുന്നുണ്ട്.
  വീണ്ടും മറിയമിലേക്ക് വരാം, വേദന കൊണ്ട് പുളയുമ്പോൾ താഴ്ഭാഗത്ത് നിന്ന് ഒരു  വിളിയാളം അവർ കേൾക്കുന്നു.,  "നീ വ്യസനിക്കരുത്, നിന്റെ റബ്ബ് താഴ്ഭാഗത്ത് അതാ ഒരു അരുവി നിനക്കായി ഒരുക്കിയിരിക്കുന്നു..  താഴെ, നിനക്ക് കഴിക്കാൻ പാകമായ ഈന്തപ്പഴവുമുണ്ട്."
   നാം വേദനിക്കുമ്പോഴെല്ലാം ഇടതടവില്ലാതെ സന്തോഷം പ്രദാനം ചെയ്യുന്ന ഒരു അരുവി നമ്മിലേക്ക് ഒഴുകുന്നുണ്ട്. നമ്മുടെ പാദങ്ങളെ അത് ചുംബിക്കുവോളം ക്ഷമയോടെ കാത്തിരിക്കുക..
നാഥൻ അനുഗ്രഹിക്കട്ടെ

Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

ആസിംക്കയുടെ ചായ മക്കാനി

പദശുദ്ധികോശം