മൈലാഞ്ചി
ലൈല.., ചേലത്തുമ്പിൽ നാണവും പളുങ്കു ഭരണിയിൽ മൊഴികളും ഒളിപ്പിച്ച പതിനേഴുകാരി. കൈ തണ്ടയിലെ മൈലാഞ്ചി ചുവപ്പ് പോലെ ചുവന്നു തുടിച്ച മുഖം കാണാൻ ഒരുമാത്രയല്ലാതെ ആരെയും അവൾ അനുവദിച്ചില്ല. തട്ടത്താൽ മുഖം മറച്ചവൾ നാണം ചൂടി നിൽക്കും. അവളുടെ കൈകളെപ്പോഴും ചെഞ്ചായമണിഞ്ഞിരുന്നു. മൈലാഞ്ചി നുള്ളി അമ്മിക്കല്ലിൽ അരച്ച് പ്ലാവില കുത്തിയാണ് ഉമ്മ ബീയുമ്മ അവളെ സുന്ദരിയാക്കുന്നത്. ഉമ്മ മരിച്ചതിൽ പിന്നെ തനിയെ മൈലാഞ്ചിയിടാനും അവൾ പഠിച്ചു.
കാച്ചിയും തട്ടവുമിട്ട ലൈല പലരേയും പ്രലോഭിപ്പിച്ചിരുന്നുവെങ്കിലും ഒരാളും ഓലമേഞ്ഞ പുരയിലേക്ക് തിരക്കിവന്നില്ല. പൊന്നും പണവും പറഞ്ഞുറപ്പിച്ച് കല്യാണമുറപ്പിക്കാൻ ആരും ശ്രമിച്ചില്ല. ഉപ്പ അബൂബക്കറിന്റെ കൈയ്യിൽ ഒരു തുണ്ട് പൊന്നു പോലും ഉണ്ടാവുകയില്ലന്ന് എല്ലാവർക്കും അറിയാമായിരുന്നല്ലോ.... കുടിച്ചും മതിച്ചും ജീവിതം ആഘോഷിക്കുന്ന ഉപ്പയിൽ നിന്നുമൊരു കരിവളപോലും അവൾ ആഗ്രഹിച്ചിട്ടില്ല. ഉമ്മ മരിച്ചപ്പോൾ ഉപ്പയുടെ അടിയും തൊഴിയും കുഞ്ഞി ലൈലക്കായിരുന്നു.
മൈലാഞ്ചിയിട്ട കൈകൾ ചുവക്കുന്നത് നോക്കിയിരിക്കുന്നതു പോലെയായിരുന്നു ലൈലാക്ക് ജീവിതം. ആ ഇടവഴിയിലൂടെ ആരോ ഒരാൾ വരുന്നതും കാതോരം കാത്ത് സങ്കടക്കടലിൽ നിന്നും കോരിയെടുത്തു മഹർ മാല മാറത്ത് അണിയിക്കുന്നതും കിനാവ് കണ്ടിരുന്നവൾ
ഓരോ പെരുന്നാള് കഴിയുമ്പോഴും കൈ തണ്ടയേക്കാൾ മുഖം ചുവന്നുവന്നു. പലപ്പോഴും ദുഖമേഘങ്ങൾ മഴകണക്കെ പെയ്തിറങ്ങി.
ആണ്ടുകൾ പിന്നിടുമ്പോൾ അവളിലെ മൈലാഞ്ചിച്ചെടിയുടെ മൊഞ്ച് കുറയുന്നതും ഇലപൊഴിയുന്നതും അവളറിഞ്ഞു. പുതിയ ഇലകൾ തളിർത്തതുമില്ല. കൊഴിഞ്ഞു വീണയിലകൾ നിസ്സഹായതയോടെ അവൾ നോക്കി നിന്നു.
അന്നു രാത്രി മണവാട്ടിയെ പോലെ ഒരുങ്ങിയുറങ്ങാൻ കിടന്നവൾ പിന്നെ ഉണർന്നില്ല. പള്ളിക്കാട്ടിലെ പുതിയ പാർപ്പിടത്തിലെ മീസാൻ കല്ലിനരികിൽ തന്റെ കാമുകനെ അവൾ തിരിച്ചറിഞ്ഞു. ആരോ നട്ടൊരു 'മൈലാഞ്ചിച്ചെടി'!
Comments
Post a Comment