വിശപ്പ്


   ലോകത്തിലെ ഏറ്റവും വലിയ സത്യം അതാണ്! ഏതൊരാളെയും കള്ളനും കൊള്ളക്കാരനുമാക്കുന്ന പരമാർത്ഥം വിശപ്പാണ്. അയ്യപ്പന്റെ കവിത നോക്കൂ.., കാറപകടത്തിൽ മരിച്ച യാത്രക്കാരന് ചുറ്റും ആളുകൾ തടിച്ചു നിൽക്കെ മരിച്ചവന്റെ പോക്കറ്റിൽ നിന്നു തെറിച്ച അഞ്ചു രൂപയിലായിരുന്നു തന്റെ കണ്ണെന്ന്  അദ്ദേഹം പറയുന്നുണ്ട്.
''ഞാനുണ്ടായിട്ടും, താലിയറുത്ത കെട്ടിയോൾ
എന്റെ കുട്ടികൾ; വിശപ്പെന്ന നോക്കുകുത്തികൾ..
ഇന്നത്തെ അത്താഴം ഇതുകൊണ്ടാവാം.'' അദ്ദേഹം ആത്മഗതം ചെയ്തു.
   വിശക്കുന്നവനെ വെയിൽ തൊടില്ല, 
മഴയും തൊടില്ലെന്ന് അദ്ദേഹം പാടിയതും ശരിയല്ലേ.?
     വിശക്കുന്നവന്റെ മുന്നിൽ ആധുനികതയും ഉത്തരാധുനികതയും നമുക്ക് സംസാരിക്കാം, വാഗ്വാദങ്ങളുമാകാം. എങ്കിലും അത്താഴപ്പട്ടിണിക്കാരന്റെ ഏറ്റവും വലിയ വിഷയം വിശപ്പ് തന്നെയാണ്.
     എത്ര നേരം നാം വിശന്നിരിക്കുമെന്ന് നമുക്കറിയില്ലെങ്കിൽ ആഫ്രിക്കൻ ഭൂഖണ്ഡങ്ങളിലെ ഉമ്മമാരോട് ചോദിക്കണമെന്നില്ല. നമുക്ക് ചുറ്റും ചിലരുണ്ട്. എച്ചിൽ കൂനയിലേക്ക് കണ്ണും നട്ട് തെരുവുനായ്ക്കളോട് മല്ലിടുന്ന കുറേ മനുഷ്യർ..
  പാവപ്പെട്ടവന്റെ വിശപ്പറിയാനായിരുന്നു നമ്മോട് നോമ്പ് നോൽക്കാൻ നാഥൻ പറഞ്ഞത്. എന്നിട്ടോ, വിശപ്പ് മാത്രം നാം അറിഞ്ഞില്ല!.  മതത്തെ കളവാക്കുന്നവൻ പാവപ്പെട്ടവന്റെ വിശപ്പകറ്റാത്തവൻ മാത്രമല്ല, ഒരു നേരത്തെ അന്നത്തിനായി പ്രോത്സാഹനം നടത്താത്തവനും കൂടിയാണെന്ന ഖുർആനിക  വചനം എന്തേ ഇപ്പോഴും നമ്മെ അലട്ടാത്തത്..?
   വിശപ്പിന്റെ വിലയറിഞ്ഞവരായിരുന്നു നബിയും സ്വഹാബത്തും. എത്രയോ രാത്രികൾ. അവർ പട്ടിണി കിടന്നിരിക്കുന്നു.  വിശപ്പിന്റെ വിളിയാളമുയർന്നപ്പോൾ തിരുമേനി നട്ടുച്ചനേരത്ത് വീട് വിട്ടിറങ്ങിയത് ഓർമ്മയില്ലേ..? പുറത്തപ്പോൾ സ്നേഹിതർ അബൂബക്കറും ഉമറും. മൂവ്വരുടേയും കാരണം ഒന്നായിരുന്നു, വിശപ്പ്!
   ഞങ്ങളുടെ വീട്ടിൽ വിളക്ക് കത്തിക്കാറില്ലെന്ന് മഹതി പറഞ്ഞപ്പോൾ എന്താണുമ്മാ നിങ്ങളുടെ വീട്ടിൽ എണ്ണയുണ്ടായിരുന്നില്ലേ എന്ന ശിഷ്യന്റെ ചോദ്യത്തിന്, എണ്ണയുണ്ടായിരുന്നെങ്കിൽ അത് കുടിച്ചെങ്കിലും വിശപ്പകറ്റുമായിരുന്നല്ലോ എന്നാണ് ആയിശുമ്മ മറുപടി പറഞ്ഞത്.
വിശപ്പ് എത്രമേൽ തീക്ഷ്ണമായ വികാരമാണല്ലേ....?
   കഴിക്കുമ്പോൾ നാഥനെ ഓർക്കുക.., വിശപ്പിന്റെ കാളലോടെ വിശന്നിരിക്കുന്നവരേയും. കറിയിൽ വെള്ളം ചേർത്തെങ്കിലും അയൽവാസിക്കു നൽകണമെന്നത് വെറും വാക്കല്ല.! 
നാഥൻ അനുഗ്രഹിക്കട്ടെ...

Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

ആസിംക്കയുടെ ചായ മക്കാനി

പദശുദ്ധികോശം