സമ്മിലൂനീ.. 💞
തിരുമേനി(സ്വ) ഹിറാ ഗുഹയിൽ നിന്ന് ഭയചകിതനായി വീട്ടിലേക്ക് ഓടിയണയുമ്പോൾ ചേർത്ത് പിടിച്ചവളാണ് ഖദീജ(റ). പുതിയൊരു അനുഭവ പരിസരത്തിൽ വീർപ്പ് മുട്ടുമ്പോൾ ഖദീജയോടല്ലാതെ വേറെ ആരോടാണ് നബിക്ക് "സമ്മിലൂനീ.. എന്നെയൊന്ന് ചേർത്തണക്കാമോ" എന്ന് പറയാനാവുക..?
ഖദീജ(റ)യെ കുറിച്ചോർക്കുമ്പോൾ നബിയിൽ ആദ്യം വരുന്ന ഓർമ്മയും അതായിരുന്നല്ലോ... "അങ്ങ് ഇപ്പോഴും എന്തിന് അവരെ ഓർക്കുന്നു"വെന്ന ആയിശാബീവിയുടെ ചോദ്യത്തിന് "എല്ലാവരും കൈയൊഴിഞ്ഞപ്പോൾ എന്നെ ചേർത്ത് പിടിച്ചവളാണെന്റെ ഖദീജാ" എന്നാണ് തിരുമേനി മറുപടി പറയുന്നത്.
"പ്രിയതമാ.. അങ്ങ് ദു:ഖിക്കരുത്, നാഥൻ താങ്കളെ കൈവിടില്ല" എന്ന വാക്കുകൾ എത്രമാത്രം ആശ്വാസമാകാം പകർന്നിട്ടുണ്ടാവുക.. ഇസ്ലാമിക പ്രബോധന വീഥിയിൽ തിരുമേനിക്ക് ആവേശം പകർന്നതും ഈ വാക്കുകളായിരുന്നല്ലോ!
ഓരോ ആത്മാവും കൊതിക്കുന്നുണ്ട് അത്രമേൽ പ്രിയപ്പെട്ടവർ ഒന്ന് വാരിപ്പുണർന്നുവെങ്കിലെന്ന്.... ഓരോ ആത്മാവും വിളിച്ചു പറയുന്നു സമ്മിലൂനീ....
എന്നിട്ടും നമ്മൾ എന്തേ ആ വാക്ക് കേൾക്കാതെ പോയി..?
ജോലി നഷ്ടപ്പെട്ട ഭർത്താവിന് ഭാര്യ ഞെട്ടലായിത്തീർന്നതും അവൾക്ക് പിണഞ്ഞ അബദ്ധത്തിൽ അവൻ ക്രുദ്ധനായിത്തീർന്നതും മക്കളുടെ പേടിസ്വപ്നമായതുമെല്ലാം 'സമ്മിലൂനി'കേൾക്കാതെ പോയതാണ്. ഉള്ളു തുറന്നു സംസാരിക്കാൻ പോലും പ്രിയപ്പെട്ടവർ ഭയപ്പെടുമ്പോൾ എങ്ങിനെയാണ് നമുക്കത് കേൾക്കാനാവുക..? ഞാൻ ഭർത്താവാണ്, ഞാൻ ഭാര്യയാണ്, ഞാനാണ് ഉപ്പ, ഞാനാണ് ഉമ്മ എന്ന് പറഞ്ഞ് അവരിൽ നിന്നും അകലങ്ങൾ തീർക്കുകയല്ലേ നാം...?
എപ്പോഴും പ്രിയപ്പെട്ടവർക്ക് ഓടിയെത്താവുന്ന മക്കായിലെ ആ സ്നേഹഭവനമാകണം നമ്മൾ ഓരോരുത്തരും. നമ്മുടെ ഉള്ളിലെപ്പോഴും ഖദീജ ഉണർന്നിരിക്കണം.
മുകളിലേക്ക് പറക്കുമ്പോഴല്ല,കിതച്ച് താഴേക്ക് വീഴുമ്പോഴാണ് ഓരോ കിളിയും ചില്ലകൾ തേടുന്നത്. ഉയർച്ചയിൽ മാത്രമല്ല, ഇടർച്ചകളിലും നാം കൂടെ നിൽക്കുന്ന ചില്ലകളാവണം.
അപ്പോൾ കാതിൽ മുഴങ്ങും "സമ്മിലൂനീ..."
നാഥൻ അനുഗ്രഹിക്കട്ടെ !
Comments
Post a Comment