എഴുതപ്പെടാത്ത അച്ഛൻ
അദ്ദേഹത്തെ കുറിച്ച് ആരും ഒന്നും പറയാറില്ലല്ലോ..? ഭാഷയിലും തിരഞ്ഞു. ചില കവിതകൾ ഒഴിച്ച്, കാര്യമായൊരിടം അവിടെയും കാണുന്നില്ല. ആ ഇടം ഉമ്മ കവർന്നതാകാനിടമില്ല. ഉമ്മ എപ്പോഴും പറഞ്ഞത് വാപ്പയെ കുറിച്ചായിരുന്നല്ലോ...
ഈയടുത്ത് ഒരു ഇൻസ്റ്റഗ്രാം പേജിൽ സംഘടിപ്പിക്കപ്പെട്ട ഒരു കവിതാ മത്സരത്തിന്റെ വിഷയമിതായിരുന്നു 'എഴുതപ്പെടാത്ത അച്ഛൻ'. എഴുത്തുകാർ പോലും അച്ഛനെ കുറിച്ച് കാര്യമായൊന്നും എഴുതുന്നില്ല. നമ്മുടെ എഴുത്തുകാർക്ക് പോലും അടുക്കാൻ ഭയമുള്ളൊരാളാണോ ശരിക്കും അച്ഛൻ..!
അമ്മ നമ്മെ പത്തു മാസം വയറ്റിൽ പേറുമ്പോൾ ഒരായുഷ്ക്കാലം തലയിൽ പേറുന്നവന്റെ പേരാണ് അച്ഛൻ. ഒടുവിൽ എപ്പോഴോ ഓടിക്കിതച്ച് വീട്ടിൽ ഇരിക്കുമ്പോൾ അവഗണനയുടെ കൈപ്പുനീർ വേണ്ടുവോളം അനുഭവിക്കാൻ വിധിക്കപ്പെട്ട ഹതഭാഗ്യന്റെ കൂടി പേര്.
പേറ്റുനോവിനെ കുറിച്ചുമ്മ പറഞ്ഞേക്കാം പോറ്റു നോവിനെ കുറിച്ചൊന്നും വാപ്പ പറയില്ല. വർണക്കടലാസിൽ മായാജാലം തീർക്കുന്ന കുഞ്ഞുനാളിലെ നമ്മുടെ സൂപ്പർ ഹീറോ എത്ര പെട്ടെന്നാണ് നമുക്ക് ഭാരമാകുന്നതല്ലേ..?
കേട്ടിട്ടില്ലേ..? ഉമ്മയെ സഹിക്കാം പക്ഷേ ഉപ്പയെ...
കത്തിയമർന്ന മെഴുകുതിരികൾക്ക് മെഴുകുതിരി നാളത്തോളം ചന്തമില്ലാത്തത് കൊണ്ടാവാം അവയെ നാം ഇഷ്ടപ്പെടാത്തത്. കത്തുമ്പോൾ ഒലിച്ചിറങ്ങുന്ന മെഴുകിന് അത്ര ഭംഗിയൊന്നുമില്ല. പ്രായമായ ഉപ്പയുടെ മെഴുകുതിരി നാളങ്ങൾ കെട്ടിരിക്കാം പക്ഷെ ഉള്ളിലൊരു അഗ്നിയെരിയുന്നുണ്ട് ഇപ്പോഴും.
ഈയടുത്ത് കണ്ട ഒരു പരസ്യമോർക്കുന്നു. മകളെ കുളിച്ചൊരുക്കി സ്കൂളിൽ അയക്കുകയാണ് പിതാവ്. വയറ് കാളുമ്പോഴും വിശപ്പില്ലെന്ന് അയാൾ കള്ളം പറയുകയാണ്. സൂപ്പർ ഹീറോയെ ഒരു ദിവസം അപ്രതീക്ഷിതമായി തെരുവിൽ കണ്ടപ്പോഴാണ് അച്ഛൻ പറഞ്ഞതെല്ലാം തന്നെ സന്തോഷിപ്പിക്കാൻ പറഞ്ഞ കള്ളങ്ങൾ ആയിരുന്നെന്ന് മകൾക്ക് മനസ്സിലാകുന്നത്.
പ്രിയപ്പെട്ടവരേ.., വിശപ്പില്ലെന്നും, ഇഷ്ടമില്ലെന്നും അങ്ങനെ എത്രയോ കള്ളങ്ങളാണ് ഓരോ പിതാവും നമ്മോട് പറയുന്നത്! ഉള്ളെരിയുന്നതിനാലാകണം ഉപ്പാക്ക് എപ്പോഴും ചൂടെന്ന് ഇനി നാം എന്നാണ് തിരിച്ചറിയുക..?
നാഥൻ അനുഗ്രഹിക്കട്ടെ..
Comments
Post a Comment