കറുപ്പും വെളുപ്പും
രാത്രിയിൽ നാം ഒരുപാട്
നേരം സംസാരിച്ചിരുന്നപ്പോഴും
ഉടലും ചൂരും ചുരന്നെടുത്തപ്പോഴും
ഞാൻ നിനക്ക് അന്യനല്ല.
ചോര ഊറ്റിക്കുടിക്കുമ്പോൾ
ഞാൻ നിനക്ക് ഭ്രഷ്ടനല്ല.
പുലർന്നപ്പോൾ ഞാൻ കറുത്തും
നീ വെളുത്തും. വെളുത്ത-
പകലിൽ നാം അന്യരായി.
എനിക്കു വേറെ, നിനക്കു
വേറെ നടപ്പാതകൾ...
വേറെ വേറെ ശൗചാലയങ്ങൾ,
സ്കൂളുകൾ, ആരാധനാലയങ്ങൾ...
ഞാൻ പറഞ്ഞതെല്ലാം കളവായി.
ഒരേ അച്ഛനമ്മമാരിൽ പിറന്നിട്ടും
നാം എങ്ങനെ രണ്ടു നിരയിലായി..?
നിന്റെ നിഴലുകൾക്ക് എന്റെ
നിറമാണ്. നിന്റെ ചോരക്ക് -
എന്റെ ചോരയുടെ ഗന്ധമാണ്.
വിശന്നാൽ നാം ഇരുവരും
കരയുന്നു. എന്നിട്ടും,
നാം എങ്ങനെ രണ്ടു വർഗ്ഗമായി..?
എടോ., ഈ കറുപ്പൊരു
വർഗ്ഗമല്ല, വർണ്ണമാണ്!
ഈ ലോകം ഞങ്ങൾ
കറുത്തവരുടേത് കൂടിയാണ്.
Comments
Post a Comment