മൺപാത്രങ്ങൾ
അയാൾക്ക് രണ്ട് മൺപാത്രങ്ങൾ ഉണ്ടായിരുന്നു. കാലങ്ങളായി അവ അയാളെ തോട്ടം നനക്കാൻ സഹായിച്ചുപോന്നു. ഇതിനിടയിലെപ്പോഴോ അവയിലൊന്നിൽ നേർത്ത സുഷിരങ്ങൾ വന്നു. വെള്ളം പാഴാകുന്നുവല്ലോ എന്നോർത്ത് ആ മൺപാത്രം വിങ്ങിപ്പൊട്ടി. കൂടാതെ കൂട്ടുകാരന്റെ പരിഹാസവും അവനെ വല്ലാതെ നോവിച്ചു. ഒടുവിൽ കൂട്ടുകാരന്റെ പരാതിയിൽ, പൊട്ടിയ മൺപാത്രം ഉപേക്ഷിക്കാനുള്ള തീരുമാനം അയാൾ ഉറപ്പിച്ചു. കളയും മുമ്പ് ചിന്നിയ മൺപാത്രം കർഷകൻ ഒരിക്കൽ കൂടി ശ്രദ്ധിച്ചു. ഒരാൾ തോട്ടം മാത്രം നനക്കുമ്പോൾ ചിന്നിയ മൺപാത്രം അയാൾ നടക്കുന്ന വഴി മുഴുവൻ പൂന്തോട്ടമാക്കുന്നു. നദി മുതൽ തോട്ടം വരെ സുഗന്ധം പരത്തുന്ന വ്യത്യസ്‌തമായ പൂക്കൾ, പൊട്ടിയ മൺപാത്രം സമ്മാനിച്ചതാണെന്ന് അയാൾക്ക് മനസ്സിലായി. പിന്നീടൊരിക്കലും അയാൾ അവനെ ഉപേക്ഷിച്ചില്ല.
*മനുഷ്യരെല്ലാം ചിന്നിയ മൺപാത്രങ്ങൾ പോലെയാണ്. ന്യൂനതകളും പോരായ്മകളും ഉള്ളവരാണ്. ചിന്നിയ പാത്രത്തിലൂടെ കിളിർക്കുന്ന വെള്ളത്തെ പുഞ്ചിരിയോടെ നോക്കിക്കാണുമ്പോഴാണ് നമ്മിലെ കർഷകൻ വിജയം വരിക്കുന്നത്. എന്നാൽ നമ്മളോ.. ഒരൽപ്പം ചിന്നിയതിന്റെ പേരിൽ മൺപാത്രമാകുന്ന എത്രയോ നന്മയുള്ള മനുഷ്യരെ തച്ചുതകർത്ത് ഉപയോഗശൂന്യമാക്കുന്നു!!*
എന്തിലും നന്മയുടെ ലാവണ്യം കാണാൻ നമുക്കാവണം. പാഴ് വസ്തുക്കൾ കൊണ്ട് മനോഹരമായ ശിൽപ്പം ഉണ്ടാക്കുന്ന ചില ശിൽപ്പികളെ കണ്ടിട്ടില്ലേ..? നാം ഉപേക്ഷിക്കുന്നതെന്തും അവർക്ക് എത്ര മാത്രം പ്രിയപ്പെട്ടവയാണെന്നോ..
ഒരാളെയും നാഥൻ വെറുതെ സൃഷ്ടിച്ചിട്ടില്ല. അവരിൽ ഓരോരുത്തർക്കും ഓരോ നിയോഗമുണ്ട്. നന്മയും തിന്മയുമുണ്ട്. ഗുണങ്ങൾ തിരിച്ചറിയുന്നതിലും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിലുമാണ് നമ്മിലെ സഹയാത്രികൻ വിജയിക്കുന്നത്.
Comments
Post a Comment