അർഹമു റാഹിമീൻ
എത്രയെത്ര ആഗ്രഹങ്ങളാണ് മനുഷ്യന്. റബ്ബിന് മുന്നിൽ ആശയും ആശങ്കയും പങ്കുവെക്കാൻ വെമ്പുകയാണ് വിശ്വാസി. ജോലി, വിദ്യാഭ്യാസം, കുടുംബം തുടങ്ങി നമ്മെ അലട്ടുന്ന നീറുന്ന പ്രശ്നങ്ങളോ പുലരാൻ വെമ്പുന്ന ആഗ്രഹങ്ങളോ ആണ് നമ്മുടെ പ്രാർത്ഥനയുടെ സിംഹഭാഗവും കവരുന്നത്. സ്വർഗ്ഗ നരകങ്ങളെ കുറിച്ചുള്ള പ്രാർത്ഥന പോലും മറന്നത് ഭൗതിക വിഷയങ്ങൾക്ക് പ്രാമുഖ്യം നൽകുമ്പോഴാണ്. യഥാർത്ഥത്തിൽ എന്താണ് നാം റബ്ബിനോട് പ്രാർത്ഥിക്കേണ്ടത്..?
പരീക്ഷണങ്ങളുടെ പ്രവാചകൻ അയ്യൂബ് നബി(അ)യെ ഓർക്കുകയാണ്. ശരീരമാകെ തളർന്ന് വ്രണങ്ങൾ വന്ന രോഗാതുരമായ അവസ്ഥയിലും രോഗം മാറാൻ അദ്ദേഹം പ്രാർത്ഥിച്ചില്ല! അങ്ങ് പ്രാർത്ഥിക്കുന്നില്ലേ എന്ന പ്രിയതമയുടെ ചോദ്യത്തിന് റബ്ബ് തന്ന അനുഗ്രഹങ്ങളിൽ നിന്ന് ഏതെങ്കിലുമൊന്നവൻ തിരിച്ചു വാങ്ങുമ്പോൾ ഞാൻ എങ്ങനെയാണ് വേവലാതി പറയുകയെന്നാണ് അദ്ദേഹം ചോദിക്കുന്നത്. അദ്ദേഹത്തിന്റെ പ്രാർത്ഥനകളിൽ രോഗമോ ദാരിദ്ര്യമോ കടന്നു വരാതിരുന്നത് അദ്ദേഹത്തിനതെല്ലാം ഒരു വിഷയമായി അനുഭവപ്പെടാത്തത് കൊണ്ടാണെന്ന് വേണം കരുതാൻ. അദ്ദേഹത്തിന് പ്രാർത്ഥിക്കാൻ മറ്റു കാര്യങ്ങൾ തന്നെ എത്രയോ....
പട്ടിണി അദ്ദേഹത്തിന്റെ കുടുംബത്തെ വലിഞ്ഞുമുറുക്കി കൊണ്ടിരുന്നപ്പോൾ അയൽപക്കത്തെ വീട്ടുജോലികൾ ചെയ്ത് ഭാര്യ അദ്ദേഹത്തെ പരിചരിച്ചു പോന്നു. കൊടിയ ദാരിദ്ര്യത്താൽ മുടി മുറിച്ചുവിറ്റ് അന്നം കണ്ടെത്തിയ ഭാര്യയെ കണ്ടപ്പോഴാണ് ഒരു പക്ഷേ രോഗത്തെക്കുറിച്ച് അദ്ദേഹം ആലോചിച്ചിട്ടുണ്ടാവുക!. അദ്ദേഹം പ്രാർത്ഥിച്ചു. "നാഥാ.. ഒരു ഉപദ്രവം എന്നെ നേരിയ തോതിൽ സ്പരിശിച്ചിരിക്കുന്നു. നീ കാരുണികരില്‍ വെച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ...."
മക്കളുടെ വിയോഗവും ധനനഷ്ടവും കണ്ടാലറക്കുന്ന രോഗവും 'നേരിയ ഉപദ്രവ സ്പർശം' ആയി കാണാൻ അയ്യൂബ് നബിക്കല്ലാതെ മറ്റാർക്കാണ് സാധിക്കുക.....? അപ്പോഴും രോഗം മാറാനല്ല. 'കാരുണ്യം വർഷിക്കാനാണ് പ്രാർത്ഥിക്കുന്നത്. നാഥാ എനിക്ക് നിന്റെ കാരുണ്യം മതി വ അൻത്ത അർഹമു റാഹിമീൻ...
റബ്ബിന്റെ കാരുണ്യത്തിന്റെ മന്ദമാരുതൻ മന്ദസ്മിതം പോൽ വീശിയത് പിന്നീട് ചരിത്രത്തിൽ നാം കാണുന്നു. നമ്മുടെ പ്രാർത്ഥനകളിൽ ആവർത്തിക്കപ്പെടേണ്ടത് റബ്ബിന്റെ കാരുണ്യമാണ്. കാരുണ്യമില്ലെങ്കിൽ എന്താകുമായിരുന്നു നമ്മുടെ അവസ്ഥയെന്ന് ഓർത്തിട്ടുണ്ടോ...? അമലുകൾ പോലും സ്വീകരിക്കപ്പെടുന്നത് കാരുണ്യം ഒന്നുകൊണ്ട് മാത്രമാണ്. സ്വർഗ്ഗ നരകങ്ങൾ തീരുമാനിക്കപ്പെടുന്നതും സുഖദു:ഖങ്ങൾ സമ്മാനിക്കപ്പെടുന്നതും എല്ലാം കാരുണ്യം കൊണ്ട് തന്നെ. ഒടുവിൽ പ്രിയപ്പെട്ടവന്റെ ജനാസയുടെ മുന്നിലെ മിഴിച്ചാർത്തുകളിലെ പ്രാർത്ഥനയും 'അല്ലാഹുവേ നീ അവന് പൊറുത്തു കൊടുക്കുകയും കരുണ ചൊരിയുകയും ചെയ്യേണമേ' എന്നല്ലേ..?
റഹീം, റഹ്മാൻ എന്നീ നാമങ്ങൾ എത്രയോ വട്ടമാണ് വ്യത്യസ്ത രൂപത്തിൽ ഖുർആനിൽ ആവർത്തിക്കപ്പെട്ടിരിക്കുന്നത്. പ്രവാചകന്മാരുടെ പ്രാർത്ഥനകളിൽ എപ്പോഴും കാരുണ്യം തേടുന്നത് ശ്രദ്ധിച്ചിട്ടില്ലേ..?
ഇഹപര ജീവിതം സുന്ദരമാകാൻ പടച്ച റബ്ബിന്റെ കരുണാകടാക്ഷത്തിനായി മനമുരുകി തേടുക..., റബ്ബിന്റെ കാരുണ്യം നുകരുന്നവന് തന്റെ മുന്നിലെ എത്ര വലിയ പ്രയാസവും നേർത്ത സ്പർശം പോലെ കാണാൻ സാധിക്കുന്നു.
നാഥാ.. ഞങ്ങൾക്ക് നിന്റെ കാരുണ്യം മതി...
കാരുണ്യം ചൊരിയണേ.. വ അൻത്ത അർഹമു റാഹിമീൻ
Comments
Post a Comment