അല്ലാഹുവിന്‍റെ വാഗ്ദാനം എത്ര സത്യം!
ലോകം കണ്ട എക്കാലത്തേയും വലിയ ധിക്കാരിയും സ്വേച്ഛാധിപതിയുമായിരുന്നു ബി.സി. പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫറോവ (റാംസിസ് രണ്ടാമൻ). ഖുർആനിലും ബൈബിൾ പഴയ നിയമത്തിലും അതിക്രൂരമായ മർദ്ദന മുറകളിലൂടെ ഭരണം നടത്തിയിരുന്ന ഫറോവയെക്കുറിച്ച് പറയുന്നുണ്ട്.
ഉച്ചിയിൽ കയറി മൂസയുടെയും ഹാറൂണിന്റേയും റബ്ബിനെ എത്തിനോക്കാൻ തനിക്കൊരു കൂറ്റൻ ഗോപുരം നിർമ്മിച്ച് തരണമെന്ന് ഫറോവ മന്ത്രിയായ ഹാമാനോട് ആവശ്യപ്പെടുന്നുണ്ട്. സ്വയം ലോകരക്ഷിതാവെന്ന് പ്രഖ്യാപിക്കാനും തന്നിൽ വിശ്വസിക്കാത്തവരെ വകവരുത്തുവാനും അവനൊരു മടിയും ഉണ്ടായിരുന്നില്ല.
ഫറോവയുടെ ജനതയായ ഖിബ്ത്വികൾ നീലരക്തവുമായി ജനിക്കുന്നവരാണെന്നും പ്രത്യേക അവകാശങ്ങളുണ്ടെന്ന് വാദിക്കുകയും ഇസ്രയേൽ സന്തതികളെ ഖിബ്ത്വികൾക്ക് വേണ്ടി ദാസ്യവേല ചെയ്യുന്ന അടിമകളാക്കുകയും ചെയ്തു
ന്യൂനപക്ഷവും മർദിത സമൂഹവുമായ ബനൂ ഇസ്റാഈലീങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തുടർന്ന് കൊണ്ടിരിക്കെയാണ് ബനൂ ഇസ്റാഈൽ ബാലൻ തന്റെ ഘാതകനായി പിറന്നു വീഴുന്നത് അവൻ സ്വപ്നം കാണുന്നത്. ഞെട്ടിയെഴുന്നേറ്റ ഫറോവ ബനൂ ഇസ്റാഈലരിൽ ജനിക്കുന്ന ആൺകുട്ടികളെ കൊന്നുകളയാൻ തിട്ടൂരമിടുകയാണ് ആദ്യം ചെയ്തത്.
ഫറോവയുടെ പട്ടാളം ബനൂ ഇസ്രയേൽ കുടിലുകളിലേക്ക് അരിച്ചിറങ്ങി. ബനൂ ഇസ്രയേൽ സന്തതികളെ വാൾത്തരിപ്പുകൾക്കിരയാക്കി. വിശുദ്ധ ഖുർആൻ ഈ രംഗം വിശദീകരിക്കുന്നത് ഇങ്ങനെയാണ്
"തീര്‍ച്ചയായും ഫിര്‍ഔന്‍ നാട്ടില്‍ ഔന്നത്യം നടിച്ചു. അവിടത്തുകാരെ അവന്‍ വ്യത്യസ്ത കക്ഷികളാക്കിത്തീര്‍ക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ ദുര്‍ബലരാക്കിയിട്ട് അവരുടെ ആണ്‍മക്കളെ അറുകൊല നടത്തുകയും അവരുടെ പെണ്‍മക്കളെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്തുകൊണ്ട്. തീര്‍ച്ചയായും അവന്‍ നാശകാരികളില്‍ പെട്ടവനായിരുന്നു".(28:4)
ഈ നരനായാട്ട് തുടർന്ന് കൊണ്ടിരിക്കെയാണ് ഇബ്രാന്റെ ഭാര്യ ഗർഭം ധരിക്കുന്നത്. തങ്ങൾക്ക് പിറക്കുന്ന കുഞ്ഞാണായാൽ സംഭവിക്കുന്ന അത്യാഹിതമോർത്തവർ ഭയപ്പെട്ടു. എന്നാൽ ലോകരക്ഷിതാവായ പടച്ച തമ്പുരാൻ അവരിലൂടെ ഫറോവയുടെ ഘാതകന് ജന്മം നൽകാനായിരുന്നു തീരുമാനിച്ചിരുന്നത്. ഫറോവയുടെ പട്ടാളത്തിൽ നിന്നും ബനൂ ഇസ്റാഈൽ കുടിലിലേക്ക് ചുഴ്ന്നിറങ്ങുന്ന ചാരകണ്ണുകളിൽ നിന്നും ആ മാതാവ് മറയിടപ്പെട്ടു. മൂസാ നബി പിറന്നപ്പോൾ നാഥൻ ആ മാതാവിന് ഉത്ബോധനം നൽകി.
" അവന്ന് നീ മുലകൊടുത്തു കൊള്ളുക. ഇനി അവന്‍റെ കാര്യത്തില്‍ നിനക്ക് ഭയം തോന്നുകയാണെങ്കില്‍ അവനെ നീ നദിയില്‍ ഇട്ടേക്കുക. നീ ഭയപ്പെടുകയും ദുഃഖിക്കുകയും വേണ്ട. തീര്‍ച്ചയായും അവനെ നാം നിന്‍റെ അടുത്തേക്ക് തിരിച്ച് കൊണ്ട് വരുന്നതും , അവനെ ദൈവദൂതന്‍മാരില്‍ ഒരാളാക്കുന്നതുമാണ്".(28:6)
ഒട്ടും ആശങ്കപ്പെടാതെ ദൈവഹിതം പോലെ ആ മാതാവ് മകനെ തൊട്ടിലിലാക്കി നൈൽ നദിയിലൊഴുക്കി. ഓളങ്ങളിൽ ഒഴുകി വരുന്ന കുട്ടിയെ കണ്ട് ആകൃഷ്ടയായ ഫറോവയുടെ ഭാര്യ കുട്ടിയെ എടുത്തു വളർത്താൻ ഫറോവയോട് ആവശ്യപ്പെട്ടു.
ഖുർആൻ പറയുന്നു.
"ഫിര്‍ഔന്‍റെ ഭാര്യ പറഞ്ഞു: എനിക്കും അങ്ങേക്കും കണ്ണിന് കുളിര്‍മയത്രെ (ഈ കുട്ടി.) അതിനാല്‍ ഇവനെ നിങ്ങള്‍ കൊല്ലരുത്. ഇവന്‍ നമുക്ക് ഉപകരിച്ചേക്കാം. അല്ലെങ്കില്‍ ഇവനെ നമുക്ക് ഒരു മകനായി സ്വീകരിക്കാം. അവര്‍ യാഥാര്‍ത്ഥ്യം ഗ്രഹിച്ചിരുന്നില്ല".(28:9)
ഫറോവ ഭാര്യയുടെ ആവശ്യം നിരസിച്ചില്ല. അമ്മിഞ്ഞ നുകരാൻ വാവിട്ടു കരയുന്ന കുഞ്ഞിന്റെ ദാഹം അകറ്റാൻ കൊട്ടാരത്തിലെ പോറ്റമ്മമാർക്ക് കഴിയാതെ വന്നപ്പോൾ മൂസാ നബിയുടെ മാതാവിന് തന്നെ ആ ഭാഗ്യം സിദ്ധിച്ചു. അങ്ങനെ കൊട്ടാരത്തിൽ ഫറോവയുടെ ചിലവിൽ മകനെ ലാളിക്കാനും മുലയൂട്ടുവാനും അവർക്ക് കഴിഞ്ഞു. ഏറെനാൾ ഫറോവയുടെ കൊട്ടാരത്തിൻ മൂസാ നബി(അ) വളർന്നു.
അത്ഭുതകരമായ ഈ കഥാകഥനത്തിന് ശേഷം അല്ലാഹു തുടർന്ന് പറയുന്നത് ഏറെ ശ്രദ്ധേയമാണ്.
"അങ്ങനെ അവന്‍റെ മാതാവിന്‍റെ കണ്ണ് കുളിര്‍ക്കുവാനും, അവള്‍ ദുഃഖിക്കാതിരിക്കുവാനും, അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാണെന്ന് അവള്‍ മനസ്സിലാക്കുവാനും വേണ്ടി അവനെ നാം അവള്‍ക്ക് തിരിച്ചേല്‍പിച്ചു. പക്ഷെ അവരില്‍ അധികപേരും (കാര്യം) മനസ്സിലാക്കുന്നില്ല.'' (28: 13)
മകനെ തിരിച്ചുനൽകാമെന്ന റബ്ബിന്റെ വാഗ്ദാനം പുലർന്നുവെന്ന് മാത്രമല്ല. മർധിത സമൂഹത്തെ നാഥൻ കൈവെടിയുകയില്ലന്ന വാഗ്ദാനവുമാണ് ഫറോവയുടെ അന്ത്യത്തിലൂടെ പുലരുന്നത്. റബ്ബിന്റെ വാഗ്ദാനങ്ങൾ സത്യവും ഇന്നല്ലെങ്കിൽ നാളെ അത് പുലരുമെന്നുമുള്ള യാഥാർത്ഥ്യമാണ് മൂസാ ഫറോവ കഥാകഥനത്തിലൂടെ അല്ലാഹു വിശ്വാസികളെ പഠിപ്പിക്കുന്നത്.
ഫറോവയേക്കാൾ വലിയ ധിക്കാരികൾ ഉടലെടുക്കാത്ത കാലത്തോളം
"സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സഹായിക്കുന്ന പക്ഷം അവന്‍ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങള്‍ ഉറപ്പിച്ച് നിര്‍ത്തുകയും ചെയ്യുന്നതാണ്." (47:7)
എന്ന റബ്ബിന്റെ വാഗ്ദാനത്തിൽ സമാശ്വാസമടയാൻ വിശ്വാസികൾക്ക് സാധിക്കേണ്ടതുണ്ട്. അതെ,
ആകയാല്‍ നീ ക്ഷമിക്കുക. അല്ലാഹുവിന്‍റെ വാഗ്ദാനം എത്ര സത്യം!
😍
ReplyDelete