ഫോറിൻ മെഴുകുതിരികൾ



     വാപ്പ കൊണ്ടുവന്ന ഫോറിൻ ബോൾപ്പെന്നിലും ഉരുളൻ മിട്ടായികളിലും തുടങ്ങിയതാണ് പ്രവാസത്തോടുള്ള അടുപ്പം.  ഇപ്പോഴും മിട്ടായി പോലെ മധുരിക്കുന്ന ഓർമ്മകളാണതെല്ലാം.
   ഈ നാടിന്റെ വളർച്ചയിൽ പ്രവാസികളുടെ പങ്ക് ആർക്കും നിഷേധിക്കാനാവില്ല. *ഈ നാടിന് ഊടും പാവും നൽകാൻ അവരൊഴുക്കിയ വിയർപ്പിന് ചോരയുടെ കൂടി ഗന്ധമുണ്ട്.* പണ്ട് കാലങ്ങളിൽ പത്തേമാരികളിൽ ഓരോ ഗൾഫുകാരനും കരയടുക്കുമ്പോൾ കരപറ്റിയത്  അവർ മാത്രമല്ല, വീടും ഈ നാടും കൂടിയാണ്. 
    മക്കളുടെ പുതുവസ്ത്രമണിഞ്ഞ ചിത്രം കണ്ട് കണ്ണ് തുടച്ച് മുഷിഞ്ഞ വസ്ത്രത്തിൽ പെരുന്നാൾ ആഘോഷിക്കുന്ന എത്രയോ പേരുണ്ട്. മരുഭൂമണ്ണിലെ മരം കോച്ചുന്ന തണുപ്പിൽ വിറക്കുമ്പോഴും  കൊടും ചൂടിൽ  പൊള്ളുമ്പോഴും  ആരെയും അറിയിക്കാതെ ഞങ്ങളിവിടെ പരമസുഖത്തിലാണെന്ന് പറയുന്ന പ്രവാസി സുഹൃത്തുക്കളും നമുക്കുണ്ട്.
    ബിന്യാമീന്റെ ആടുജീവിതം വായിച്ച മരവിപ്പിലിരിക്കുമ്പോൾ എടാ ഞങ്ങളിതെല്ലാം എത്രയോ കണ്ടതാണെന്ന് നിസ്സഗതയോടെ പറഞ്ഞ അബുക്കയെ ഓർക്കുകയാണ്. നീണ്ട മുപ്പത് വർഷത്തെ പ്രവാസത്തിനൊടുവിൽ കുരച്ചും ചുമച്ചും ശിഷ്ടകാലം ആസ്വദിക്കാൻ വന്നതാണ് അമ്പത്കാരനായ അദ്ദേഹം.
 ഇവിടെ രാത്രിയും പകലുമില്ല. ഒന്നേയൊള്ളു ഡ്യൂട്ടീ ടൈമും അതിനിടയിൽ വീണ്കിട്ടുന്ന അൽപ്പം ഫ്രീടൈമും.  പക്ഷേ അധികപേരും നാട്ടിലെ പ്രാരാബ്ധങ്ങൾ തീർക്കാൻ 12 മണിക്കൂറിന് പുറമെ ഓവർടൈമും ജോലി ചെയ്യുന്നവരാണെന്ന് പറഞ്ഞ് അദ്ദേഹം വിങ്ങിപൊട്ടിയതും ഓർക്കുന്നു.
  ആടുജീവിതത്തെ വെല്ലുന്ന തിക്താനുഭവങ്ങളുടെ  എത്രയോ ഭൂഖണ്ഡങ്ങൾ ഓരോ പ്രവാസിയുടേയും 'ഫോറിൻ' ഗന്ധത്തിന് പിന്നിലുണ്ട്.  32-ാം വിവാഹ വാർഷികത്തിൽ വീട്ടിലേക്ക് വിളിച്ചപ്പോൾ  '' ഈ കാലത്തിനിടയിൽ എത്ര കാലം നമ്മൾ ഒന്നിച്ച് കഴിഞ്ഞിരിക്കും..?'' എന്ന ഭാര്യയുടെ ഹൃദയഭേദകമായ ചോദ്യം സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ച സലീം എന്ന പ്രവാസിയെ കുറിച്ച് വായിച്ചത് ഈയടുത്താണ്.
 പ്രിയപ്പെട്ടവർക്കായി വെളിച്ചം തൂകി സ്വയം ഉരുകിയൊടുങ്ങുന്ന മെഴുകുതിരികളാണ് ഓരോ പ്രവാസിയും.
   ഈ നാടിന്റെ പുരോഗമനത്തെ രണ്ട് ഘട്ടമായി തിരിക്കുമ്പോൾ  1970 കളിലെ ഗൾഫ് കുടിയേറ്റത്തിന് മുമ്പും ശേഷവും എന്ന് മാത്രം തിരിച്ചാൽ മതിയാകും. 
  ഇന്നത്തെ പ്രവാസം എസ്.എ ജമീലിന്റെ കത്തു പാട്ടുകളിൽ നിന്ന് ഏറെ മെച്ചെപ്പെട്ടിരിക്കാം. ''എത്രയും ബഹുമാനപെട്ട എന്റെ പ്രിയ ഭര്‍ത്താവ് വായിക്കുവാന്‍ സ്വന്തം ഭാര്യ എഴുതുന്നതെന്തനാല്‍ ഏറെ പിരിഷത്തില്‍ ചൊല്ലിടുന്നു വസ്സലാം...'' എന്നെഴുതുന്ന ഭാര്യമാർ ഇല്ലാതായിരിക്കാം. ''അറബി നാട്ടിൽ അകലെയെങ്ങാണ്ടും ഇരിക്കും ബാപ്പ അറിയാൻ അകമുരുകി കുറിക്കും മകൾക്കൊരുപാടുണ്ട്'' എന്നുപാടുന്ന മക്കളും ഇല്ലാതായിരിക്കാം. എങ്കിലും, നാട്ടിലെ പച്ചപ്പും കൂടപ്പിറപ്പുകളുടെ ചൂടും ചൂരും കൂടെയില്ലാത്ത കാലത്തോളം പ്രവാസം പ്രയാസമാണ്.
   പ്രവാസി സമ്മാനിച്ച അഭ്യുന്നതിയുടെ പങ്ക്പറ്റിയ ഒരാളും പ്രവാസികളെ തള്ളിപ്പറയുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യില്ല. ഞങ്ങൾ കുളിർ കൊള്ളും തണൽ മരങ്ങളെല്ലാം നിങ്ങൾ നട്ടതെന്ന് അറിവുള്ള കാലത്തോളം പ്രിയപ്പെട്ട പ്രവാസികളെ നിങ്ങളെ ഞങ്ങൾ എങ്ങനെയാണ് കൊള്ളാതെ തള്ളുന്നത്..?
   ഒരു കാലത്ത് ഗൾഫിൽ നിന്ന് വിളിക്കുന്നതും കാത്തിരുന്നവർ ഇന്ന് വിളിക്കുമ്പോൾ ക്ലിയറാവുന്നില്ല പിന്നെ വിളിക്കൂ എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുമ്പോഴും എന്നെയല്ല നിന്നെയാണെന്ന് പറഞ്ഞ് ഫോൺ കൈയൊഴിയുമ്പോഴും അവർക്ക് എല്ലാം അറിയാം. നമ്മുടെ സന്തോഷങ്ങൾ അകലെ നിന്ന് കാണാനെങ്കിലും അവരെ അനുവദിക്കുക..
   കൊറോണ ഫണം വിടർത്തിയപ്പോൾ അവർ പരിഭ്രമിച്ചത് നാട്ടിലുള്ള പ്രിയപ്പെട്ടവർക്ക് മാസാന്തം ചിലവിന് നൽകുന്നതിനെ കുറിച്ചായിരുന്നു. നാട്ടിലുള്ള നമുക്ക് പാവം പ്രവാസികളെ പ്രയാസപ്പെടുത്താതിരിക്കാം സ്വയം ചെലവ് കുറക്കാം... നമ്മുടെ പ്രാർത്ഥനകളിൽ പ്രവാസികൾ നിറഞ്ഞു നിൽക്കട്ടെ..
  
    

Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

ആസിംക്കയുടെ ചായ മക്കാനി

പദശുദ്ധികോശം