ഒഴുകികൊണ്ടിരിക്കാം
"ചലനമാണ് ജീവിതം, നിശ്ചലത മരണവും''
ഒരാൾ ജീവിച്ചിരിക്കുന്നുവെന്ന് നാം എങ്ങിനെയാണുറപ്പിക്കുക..? അയാളുടെ നാഡിമിടിപ്പുകൾ സൂക്ഷ്മമായി പരിശോധിക്കുക, ഹൃദയമിടിപ്പുകൾ അവശേഷിക്കുമ്പോൾ അയാളിൽ ജീവന്റെ കണികകൾ ബാക്കിയുണ്ട്.
ചലിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയെ ജീവിതമെന്നും നിശ്ചലമാകുന്ന അവസ്ഥയെ മരണമെന്നും നിർവചിക്കാം.
പ്രിയപ്പെട്ടവരേ,
നമ്മിൽ എത്രപേർ ചലിച്ചുകൊണ്ടിരിക്കുന്നുണ്ട്..? നിശ്ചലതയാണ് മരണമെങ്കിൽ നമ്മിൽ എത്രപേർ എന്നേ മരിച്ചിരിക്കുന്നു.!
അലസരായി ജീവിതത്തെ കാണുന്നവരൊക്കെ മരിച്ചവരാണ്. ഇടതടവില്ലാതെ ഒഴുകുന്നവർ മാത്രമേ ജീവിച്ചിരിക്കുന്നവരായുള്ളൂ വിശ്വാസിക്ക് വിശ്രമവേളകൾ പോലും ഇല്ലെന്ന് ഇസ്ലാം പറയുന്നത് അത് കൊണ്ടാണ്. ''ആകയാല്‍ നിനക്ക് ഒഴിവ് കിട്ടിയാല്‍ നീ അദ്ധ്വാനിക്കുക'' എന്ന് വിശുദ്ധ ഖുർആൻ ഉദ്ഘോഷിക്കുന്നുണ്ട്. നെറ്റിത്തടത്തിൽ വിയർപ്പുതുള്ളികളുമായാണ് വിശ്വാസി മരണപ്പെടുന്നതെന്ന തിരുവചനവും ശ്രദ്ധേയമാണ്.
മൂവ്മെന്റ് എന്ന ആംഗലേയ പദത്തിനർത്ഥം ''ചലനാത്മകം'' എന്നാണ്. കർമ്മനിരതമാകുമ്പോൾ മാത്രമാണ് നമ്മുടെ സംഘടനകൾ മൂവ്മെന്റ് ആകുന്നൊള്ളു. ഇതു പോലെ വ്യക്തികൾ മുതൽ സമൂഹം വരെ നിരന്തരം മാറ്റങ്ങൾക്കും പുരോഗമനങ്ങൾക്കും വിധേയമായി കുതിച്ചുയരുമ്പോൾ ജീവസുറ്റതാകുന്നു.
വളർച്ചയറ്റതായി നാം ഇന്ന് കാണുന്നതൊക്കെയും യഥാർത്ഥത്തിൽ വളർച്ച മുരടിച്ചവയല്ല, അന്തരാത്മാവിൻ ഒഴുക്ക് നഷ്ടപ്പെട്ട മൃതദേഹങ്ങളാണ് !
ഓരോ നദിയും വിശ്രമമില്ലാതെ ഒഴുകുകയല്ലേ..? ഒടുവിൽ കടലിൽ അലിയും വരെ മടുപ്പ് കൂടാതെ തന്റെ യാത്ര തുടരുന്നു. മണ്ണിൽ അലിയും വരെ കർമ്മ നിരതരായി നാം യാത്ര തുടരുക. നാഥൻ നിശ്ചലമാക്കും വരെ നമുക്ക് ഒഴുകികൊണ്ടിരിക്കാം...
Comments
Post a Comment