സൗന്ദര്യത്തെ നിർവചിക്കുമ്പോൾ
സൗന്ദര്യത്തെ എങ്ങനെയാണ് നിർവചിക്കുക..? നീലക്കണ്ണുകളും വടിവാർന്ന ആകാരവും സൗന്ദര്യത്തിന്റെ ആധാരമെന്ന് ആരാണ് പറഞ്ഞത്..? സൗന്ദര്യം വെളുപ്പുമായി ഉടമ്പടിയുണ്ടാക്കിയതായും അറിവില്ല, പിന്നെ നമ്മുടെ സൗന്ദര്യ സങ്കൽപ്പങ്ങളിൽ എങ്ങനെയാണ് വെളുപ്പ് ഭംഗിയായും കറുപ്പ് അഭംഗിയായും തീർന്നതെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.
എല്ലാം ആഗിരണം ചെയ്യുന്ന മനോഹരമായൊരു വർണ്ണമാണ് കറുപ്പ്. എന്നാൽ, ബ്ലാക്ക് മണി, ബ്ലാക്ക് ടിക്കറ്റ്, കരിങ്കൊടി ഒക്കെ ആയി കറുപ്പിനെ ഭാഷ പോലും 'ബ്ലാക്ക് ലിസ്റ്റി'ലാക്കി. കറുപ്പ് എപ്പോഴും ദു:ഖ സൂചകമാണ്. ഈ വർണ്ണവിവേചനം വർണ്ണങ്ങൾ അറിഞ്ഞുവോ ആവോ..! അറിയാനിടയില്ല!
നിറം മാത്രമല്ല ആകാരവും സൗന്ദര്യ സങ്കൽപ്പത്തിലെ പ്രധാന ഘടകമാണ്. ഇംഗ്ലീഷ്കാരന്റെ കണ്ണിൽ വെള്ളക്കാരല്ലാത്തവർ വിരൂപികളും ചൈനക്കാരന്റെ കണ്ണിൽ പതിഞ്ഞ മൂക്കുകളില്ലാത്തവരും വിരൂപികളാണ്. ഒരു ആദിവാസി കോളനിയിൽ പോയി നോക്കൂ, അവർക്ക് നിങ്ങൾ വിരൂപവും 'അപരിഷ്കൃതവു'മാണ്. സൗന്ദര്യം കാഴ്ച്ചയിലല്ല. കണ്ണുകളിലാണ്. അവളുടെ സൗന്ദര്യം അവളുടെ പുരുഷന്റെ കണ്ണുകളിലാണ്. ഭൂമിയിലെ ഏറ്റവും സുന്ദരി എന്റെ അമ്മയാണെന്ന് ഇപ്പോഴും കുട്ടികൾ പറയാറില്ലേ... അവൻ ആരെയും കാണാത്തത് കൊണ്ടല്ല, കണ്ണുകൾ അത്രയും സ്നേഹാർദ്രമായ മറ്റൊരാളെയും കണ്ടെത്താത്തത് കൊണ്ടാണ്.
മലയാള പാഠാവലിയിലെ ദീനാമ്മയെ ഓർക്കുന്നു. അവളെ നോക്കുമ്പോൾ തന്നെ എല്ലാവർക്കും ദീനമായിരുന്നു. വിരൂപിയെന്ന് എത്രയോവട്ടം അവൾക്ക് കേൾക്കേണ്ടി വന്നു. അവൾക്ക് സ്വപ്നങ്ങൾ ഉണ്ടായിരുന്നു. സൗന്ദര്യത്തിന്റെ മൂടുപലകവെച്ച് കുഴിച്ചുമൂടപ്പെട്ടവയായിരുന്നു അവളുടെ സ്വപ്നങ്ങൾ! ഒടുവിലവൾ സ്വപ്നങ്ങളും മോഹങ്ങളും ഇല്ലാത്ത ഒരു പാവം പെണ്ണായി അവതരിച്ചു. അവളുടെ സൗന്ദര്യത്തെ തിരിച്ചറിയുന്ന ആരോ ഒരാൾ ആ ഇടനാഴിയിലൂടെ വരും എന്നവൾ നിനച്ചിരിക്കാം... വരും വരാതിരിക്കില്ല!
രോഗം കൊണ്ടോ മറ്റോ ഒരു നിമിഷം കൊണ്ട് വികൃതമാകാൻ കഴിയുന്ന ഒന്നാണ് സൗന്ദര്യത്തിന്റെ പുറംമോടിയെന്ന് തിരിച്ചറിയുന്നിടത്ത് അകം തെളിഞ്ഞു കാണുന്നു. യഥാർത്ഥ സൗന്ദര്യത്തിന്റെ പ്രഭാവലയം നിങ്ങളെ വലയം ചെയ്യുന്നു.
ഇഷ്ടങ്ങൾ പലതായിരിക്കാം, സ്വപ്നങ്ങൾ വ്യത്യസ്തവും. നിങ്ങളുടെ കണ്ണുകൾ ഇഷ്ടങ്ങളെ തെരഞ്ഞെടുക്കട്ടെ... സൗന്ദര്യ കൽപ്പനകൾക്ക് അപ്രാപ്യമായതെല്ലാം വിരൂപമായി വിലയിരുത്താതിരിക്കുക.
നാഥൻ അനുഗ്രഹിക്കട്ടെ..
Comments
Post a Comment