ഒന്നും വെറുതെയാകില്ല !


   നിങ്ങൾക്ക് തോന്നുന്നുണ്ടോ എല്ലാം വെറുതെ ആയെന്ന്...? തോരാത്ത കണ്ണീരും നിലക്കാത്ത പ്രാർത്ഥനയും വ്യർഥമായെന്ന് തോന്നുമ്പോൾ വിഷാദം നമ്മെ വലിഞ്ഞുമുറുക്കാറുണ്ട്.  റബ്ബിന്റെ കാരുണ്യത്തിൽ നിരാശരാകരുതെന്ന വചനമെങ്കിലും അത്തരം സന്ദർഭങ്ങളിൽ ഓർക്കുക... നിരാശയിൽ നിന്നാണ് വിഷാദമുണ്ടാകുന്നത്. പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിനെ കുറിച്ച് സക്കരിയ്യ നബി(അ)യുടെ പ്രാർത്ഥനയിൽ കാണാം ''അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, എന്‍റെ എല്ലുകള്‍ ബലഹീനമായിക്കഴിഞ്ഞിരിക്കുന്നു. തലയാണെങ്കില്‍ നരച്ചു തിളങ്ങുന്നതായിരിക്കുന്നു. നിന്നോട് പ്രാര്‍ത്ഥിച്ചിട്ട് ഞാന്‍ ഭാഗ്യം കെട്ടവനായിട്ടില്ല. (വി.ഖു 19:4)
    ഒന്നും വെറുതെയാകില്ല! വ്യഥകൾ പോലും വെറുതെയെല്ല. ചില നേരങ്ങളിൽ നെടുവീർപ്പുകളും പ്രാർത്ഥനയാകാറുണ്ട്.  ഉയർന്ന കൈകളേക്കാൾ ഉയരത്തിലുയരുന്ന കണ്ണീരും നിശബ്ദമായ പ്രാർത്ഥനയാണ്. എങ്ങനെയാണ് അവന്റെ ദാസന്റെ നിസ്സഹായമായ തേട്ടങ്ങൾ കാരുണ്യവാനായ റബ്ബിന് തിരസ്ക്കരിക്കാനാവുക..?  ആകാശത്തിന് ചുവട്ടിൽ നഷ്ടപ്പെട്ട  നിലയിൽ ഒരു ഹൃദയവും  നാഥൻ കൈവെടിയുന്നില്ലല്ലോ..!
    പ്രാർത്ഥനകൾ അവൻ വ്യത്യസ്ത രൂപത്തിലാകും സ്വീകരിക്കുക. നമ്മുടെ അനുഭവങ്ങളിൽ തന്നെയില്ലേ...?   ചോദിച്ച ഉടനെ തന്ന് നമ്മെ ആശ്ചര്യപ്പെടുത്തിയ ചിലത്. ചിലതോ, കാത്തിരിപ്പിനൊടുവിൽ സമയമാകുമ്പോൾ തന്ന് കൂടുതൽ സന്തോഷിപ്പിക്കുന്നതും. വൈകിയതെത്ര നന്നായെന്നും അപ്പോൾ നാം പറയാറുണ്ട്.     ഖൽബിലിപ്പോഴും  നീറ്റലായി അവശേഷിക്കുന്ന, പുലരാതെ പോയ പ്രാർത്ഥനകളും ഇല്ലേ...? തിരുമേനി പറഞ്ഞിട്ടുണ്ട്, വിശ്വാസി പരലോകത്ത് എത്തുമ്പോൾ സൽക്കർമ്മങ്ങളുടെ പ്രതിഫലം  കാണിക്കപ്പെടും. സൽക്കർമ്മങ്ങളേക്കാൾ ഉയർന്ന പ്രതിഫലം കാണുമ്പോൾ അവൻ ചോദിക്കും നാഥാ ഇത് എങ്ങനെയെന്ന്. ഉത്തരം ലഭിക്കാതെ പോയ പ്രാർത്ഥനകളുടെ ഉത്തരമാണിതെന്ന് കേൾക്കുമ്പോൾ  പുലരാതെ പോയ പ്രാർത്ഥനകൾ ഇനിയും ഉണ്ടായിരുന്നെങ്കിലെന്ന്, ഒന്നും പുലരേണ്ടിയിരുന്നില്ലെന്നും അവൻ ആഗ്രഹിച്ച് പോകും.
 ഉത്തരം ലഭിച്ച പ്രാർത്ഥനകളേക്കാൾ ലഭിക്കാതെ പോയ പ്രാർത്ഥനകളാണ് നാളേക്ക് കൂടുതൽ ഉപകരിക്കുകയെന്നാണ് ഈ തീരുവചനം പറയുന്നത്. ഇനി എന്തിനാണ് നാം നിരാശരാകുന്നത്...? ഉള്ളിൽ ഇപ്പോഴും നീറ്റൽ ഉണ്ടാകേണ്ടതുണ്ടോ...?
   ഒന്നും വെറുതെയാകില്ല! പ്രാർത്ഥനയും  കണ്ണീരും കാത്തിരിപ്പും ഒന്നും വെറുതെയാകില്ല.  നെടുവീർപ്പുകൾ പോലും വെറുതെയല്ല. മിഴിതോരാതെ ചോദിച്ചു കൊണ്ടിരിക്കാം.... ത്രികാലജ്ഞാനിയും കാരുണ്യവാനുമായ റബ്ബ് തരികയോ തരാതിരിക്കുകയോ ചെയ്യട്ടേ...! നാം തൃപ്തരാണ്.... 
   പ്രാർത്ഥനയുടെ പൊരുളറിയുന്ന നമുക്ക്  ഇങ്ങനെ പ്രാർത്ഥിച്ചുകൂടേ...?  ഞങ്ങളുടെ റബ്ബേ...  നീ തന്നതിനും തരാതെ കാത്തതിനും നന്ദി... വ അൻത്ത അല്ലാമുൽ ഉയൂബ്.... നീ അദൃശ്യമറിയുന്നവനത്രെ....
നാഥൻ നമ്മെ അനുഗ്രഹിക്കട്ടെ...

Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

ആസിംക്കയുടെ ചായ മക്കാനി

പദശുദ്ധികോശം