പൊലിയാത്ത പെരുന്നാൾ പൊലിമ
ഒരു തൂവാല പോലും വാങ്ങിയില്ല. യാത്രകളൊന്നുമില്ല. പതിവായി പോകുന്ന ബീച്ചിലും പോണില്ല, ഇപ്രാവശ്യത്തെ പെരുന്നാൾ ഇങ്ങനെയൊക്കെയാണ് ! എങ്കിലും ഇന്നോളമുള്ളതിനേക്കാൾ മനോഹരമായിരുന്നു കൊറോണാ കാലത്തെ പെരുന്നാൾ. പെരുന്നാൾ പൊലിമ പൊലിയുന്നില്ലല്ലോ...! ഒരായുഷ്കാലം ഓർത്ത് വെക്കാനുതകുന്ന ഓർമ്മകൾ സമ്മാനിച്ച് നോമ്പുകാലവും കടന്നുപോയി. വീടകങ്ങൾ മസ്ജിദുകളായപ്പോൾ നമ്മുടെ തീക്ഷ്ണ വികാരമായ 'കുടുംബം' കൂടുതൽ ആസ്വാദ്യകരമാവുകയായിരുന്നു. ഓരോ നോമ്പ് പിന്നിടുമ്പോഴും ഇഴകളോരോന്നും കൂടുതൽ ഈടുറ്റതാവുകയായിരുന്നു.
''നിങ്ങളുടെ വീടുകൾ സമാധാനഗേഹങ്ങളാക്കിയിരുക്കുന്നു''(16:80), "നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു'' (30:21)
എന്നീ ഖുർആനിക വചനങ്ങളുടെ അനുഭവസാക്ഷ്യം!
കുടുംബ ബന്ധങ്ങളുടെ ആഴവും പരപ്പും കണ്ട് കടല് കണ്ട കുട്ടിയെ പോലെ നിൽക്കുകയല്ലേ നാം ഓരോരുത്തരും...?
വർഷങ്ങൾക്ക് ശേഷമുള്ള, കുടുംബത്തോടൊപ്പമുള്ള നോമ്പുകാലമായത് കൊണ്ടാകാം ഒരുപക്ഷേ ഇത്രയധികം സന്തോഷം.
അത്താഴം കഴിക്കാൻ ഒരുമിച്ചുണർന്ന പുലർകാലവേളകൾ, ഒരുമിച്ചിരുന്നു രുചി പകർന്ന തീന്മേശകൾ, പാചക പരീക്ഷണങ്ങൾ, പ്രിയപ്പെട്ടവരോടൊപ്പമുള്ള തറാവീഹുകൾ, ഉമ്മാക്ക് ഇഷ്ടമുള്ള സൂറത്തുകൾ ഓതിക്കൊടുത്ത ക്വിയാമു ലൈലുകൾ, സുദീർഘമായ ഖുർആൻ പാരായണങ്ങൾ... എത്ര മനോഹരമായിരുന്നു...
ഈ നോമ്പുകാലം തീരാതിരുന്നെങ്കിലെന്ന് കൊതിച്ചത് ഞാൻ മാത്രമായിരുന്നോ...?
വെളുപ്പാൻ കാലത്ത് തന്നെ വീട്ടിലെ പെണ്ണുങ്ങൾ പായസം വെക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച ശബ്ദങ്ങളാണ് ആ കേൾക്കുന്നത്. ഈ പാത്രങ്ങളുടെ കലപില ശബ്ദം നിലക്കാതിരുന്നെങ്കിൽ....
സാമൂഹിക അകലം നിലനിൽക്കുമ്പോൾ തന്നെ മനസ്സുകൾ തമ്മിൽ അകലം കുറഞ്ഞു നാം ഒന്നായി തീർന്നിരിക്കുന്നു. മനസ്സുകൾ തമ്മിൽ വാരിപ്പുണരാൻ കൊറോണ തടസ്സമല്ലല്ലോ..!
പ്രിയപ്പെട്ടവരുടെ സൗഹൃദ സന്ദേശങ്ങൾ അനുസ്യൂതം വന്ന് കൊണ്ടിരിക്കുന്നു. കോളുകൾ നിർത്താതെ പ്രവഹിച്ചുകൊണ്ടിരിക്കുന്നു. ആരൊക്കെയോ നമ്മെ ഓർക്കുന്നുണ്ടെന്നറിയുന്നത് എത്ര സന്തോഷമാണ്. പുതിയ കാലത്ത് ടെസ്റ്റ് മെസേജുകളിൽ പോലും സ്നേഹം കിനിഞ്ഞിറങ്ങുകയാണല്ലോ!
പ്രാർത്ഥന, പ്രതീക്ഷ, കരുതൽ എന്നീ മൂന്നു പദങ്ങളിൽ ഞാനീ ചെറിയ പെരുന്നാൾ കോർത്തു ഓർത്തുവെക്കാൻ ആഗ്രഹിക്കുന്നു.
ഏവർക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ....
നാഥൻ നമ്മെ അനുഗ്രഹിക്കട്ടെ...
Comments
Post a Comment