ഓർമ്മകളുടെ ഊന്നുവടികൾ
ഇപ്പോഴും തൈമാവ് പൂക്കുമ്പോൾ ആ അമ്മയുടെ കണ്ണു നിറയും. മാമ്പൂ വിരിയുമ്പോൾ ദു:ഖപുഷ്പങ്ങൾ ഉള്ളിൽ മൊട്ടിടുന്നു.
"അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതൻ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍
നാലുമാസത്തിന്‍ മുന്‍പില്‍ ഏറെ നാള്‍ കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികള്‍ വിരിയവേ...."
വൈലോപ്പിള്ളിയുടെ 'മാമ്പഴം' ഒരു അമ്മയുടെ വിലാപത്തിന്റെ കൂടി കവിതയാണ്. ഉണ്ണിയെ മാമ്പൂ പറിച്ചതിനാലാണമ്മ തല്ലിയത്. ഏതൊരമ്മയും ചെയ്യുന്നതേ ആ അമ്മയും ചെയ്തൊള്ളൂ. എന്നാൽ, അടുത്ത വർഷം മാവ് പൂത്തപ്പോൾ ഉണ്ണിയുണ്ടായിരുന്നില്ല.
"മാങ്കനി വീഴാന്‍ കാത്തു നിൽക്കാതെ
മാതാവിന്റെ പൂങ്കുയിൽ കൂടും വിട്ട്
പരലോകത്തെ പൂകി"
അതിലാണവരുടെ സങ്കടം.
ഒരു നിമിഷത്തെ പ്രവൃത്തി ഒരായുഷ്കാല വേദനയായി മാറുകയാണിവിടെ. പ്രിയപ്പെട്ടവരെ പറഞ്ഞതോർത്ത്, ചെയ്തതോർത്ത് നമുക്കിനി കരയേണ്ടി വരുമോ എന്ന ചിന്ത കൈയ്യും നാവും കൂച്ച് വിലങ്ങിടാൻ നല്ലതാണ്. പ്രിയപ്പെട്ടവരുടെ കബറിന്റെ ചാരെ ഓരം ചേർന്നു നിൽക്കുമ്പോൾ ഒന്നു ചേർത്തു പിടിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നവരുണ്ട്. ഉമ്മയുടെ ചിന്നിയ കണ്ണട നിശ്ചലമാകുമ്പോൾ അവഗണനയുടെ നീറുന്ന കാഴ്ച്ചകൾ കാണുന്നവരില്ലേ..? ഉപ്പയുടെ നീളൻ ഊന്നുവടികൾ ഓർമ്മകളാൽ അവരെ നിരന്തരം പ്രഹരിക്കുന്നു. അവരിരുന്ന ചാരുകസേര കാണുമ്പോൾ ഞാൻ അവർക്കൊന്നും ചെയ്തില്ലല്ലോ എന്നോർത്ത് വിലപിക്കുന്നതിൽ അർത്ഥമില്ല.
പ്രിയപ്പെട്ടവർക്ക് സ്നേഹ ചഷകങ്ങൾ പകരാനും സുന്ദര സ്മരണകൾ സമ്മാനിക്കാനും നല്ല വാക്കുകളാൽ ഈറനണിയിക്കാനും ശരീരം ചൂടറ്റുപോകുന്നതിന് മുമ്പ് വരെ മാത്രം നമുക്ക് അനുവാദമൊള്ളു. മരവിച്ച ശരീരത്തെ കുറിച്ചുള്ളതൊക്കെയും പിന്നെ വെറും പ്രഹസനം മാത്രം!
ആത്മാവിന്റെ ചൂട് കായുമ്പോൾ പച്ചയായ മനുഷ്യരെ ചേർത്ത് പിടിക്കുക...
Comments
Post a Comment