കൂടെ


   എന്തൊരു ആശ്വാസമുള്ള വാക്കാണ് 'കൂടെ '. കൂടെ ഞാനുണ്ടെന്നൊരാൾ പറയുമ്പോൾ എത്രമാത്രം സമാധാനമാണയാൾ നമുക്ക് സമ്മാനിക്കുന്നത്. കൂടെ ഞാനുണ്ടെന്ന വാക്ക് കേൾക്കാത്തവർ കൂടെയാരോ ഉണ്ടെന്ന വ്യർഥമായ സ്വപ്നത്തിൽ ജീവിക്കുന്നു. 
   ജീവിതം ഏതോ കൽപ്പടവിൽ തട്ടി വഴിയറിയാതിടറുമ്പോഴാണ് ഒരു 'കൂട്ട്' നാം ആഗ്രഹിക്കുക.  മുന്നിലോ പിന്നിലോ കൂടെ സഹയാത്രികർ ആരുമില്ലെന്നറിയുമ്പോൾ വീണ്ടും ഒറ്റക്ക് നടക്കാൻ തുടങ്ങും. വീഴാം, പക്ഷേ നടക്കാതിരിക്കരുത്. തിരയാതെ യാത്ര തുടരുക...
    എപ്പോഴും കൂടെ ഞാനുണ്ടെന്ന് ഒരാളേ നമ്മോട് പറയുന്നൊള്ളൂ. അതും അത്രമേൽ പ്രിയപ്പെട്ടൊരാൾ. നമ്മുടെ യാത്രയുടെ ദിശ നിർണയിക്കുന്ന പ്രപഞ്ചനാഥനായ റബ്ബ് !
     ഉമ്മയുടെ ഉദരത്തിൽ ഒളിച്ചപ്പോഴും പുറത്തിറങ്ങി നടന്നപ്പോഴും ഖബറിൽ ശാന്തനായി ഉറങ്ങുമ്പോഴും  പ്രപഞ്ചനാഥൻ മാത്രമല്ലേ എപ്പോഴും കൂട്ടു വരുന്നൊള്ളൂ. 
തുടക്കത്തിൽ കൂടെ ചുമലിൽ കയറിയവരെല്ലാം പാതിവഴിയിൽ നമ്മെ ഉപേക്ഷിച്ച് തിരിഞ്ഞുനടക്കുന്നു. പ്രിയതമയുടെ കുഴിമാടത്തിനരികിൽ കൂടുവിട്ട് കൂടുമാറി ജിബ്രാൻ തിരിഞ്ഞു നടന്നത് മരണത്തോടെ എല്ലാം അവസാനിക്കുമെന്ന യാഥാർത്ഥ്യബോധത്തോടെയാണ്. 
  ഏകാന്തത മുൾകിരീടം ചൂടുമ്പോൾ കൂട്ടിനാരുമില്ലെന്ന് വിലപിക്കുന്നതെന്തിന് നാം..? നിങ്ങൾ എവിടെയായിരുന്നാലും ഞാൻ നിങ്ങളോടൊപ്പമുണ്ടെന്ന നാഥന്റെ ഉറപ്പിനെ അവിശ്വസിക്കാതിരിക്കൂ..
 സൂക്ഷ്മത പാലിക്കുമ്പോൾ, അകവും പുറവും ശുദ്ധിയാക്കുമ്പോൾ, ക്ഷമയോടെ നാഥനെ ഭരമേൽപ്പിക്കുമ്പോഴെല്ലാം നാഥൻ കൂടെയുണ്ടെന്ന് അസന്നിഗ്ധം അവൻ വ്യക്തമാക്കിയതല്ലേ..? റബ്ബ് കൂടെയുണ്ടെങ്കിൽ വേറെ അഭയമെന്തിന്.? അവന്റെ അടിമക്ക് അവൻ പോരേ..?
  ഥൗർ ഗുഹയിലന്ന് ശത്രുവിന്റെ വാൾത്തരിപ്പിന്റെ പ്രകാശം  കാണുമ്പോഴാണ് തിരുമേനി പറഞ്ഞത്. "അബൂബക്കർ ഭയപ്പെടാതെ, നാഥൻ കൂടെയുണ്ട്!''
  പിന്നിൽ ഫറോവയും മുന്നിൽ ആർത്തിരമ്പുന്ന ചെങ്കടലും കണ്ണാലെ കാൺകെയാണ് മൂസാ നബി(അ) പറഞ്ഞത്. ''എന്റെ റബ്ബ് കൂടെയുണ്ട്, അവൻ വഴി കാണിക്കും!''
നാഥൻ കൂടെയുണ്ടെന്നത് കേവലം ഒരു വിശ്വാസമല്ല. ആർത്തിരമ്പുന്ന കടലിന് മുന്നിലും പതറാതെ നിർത്തുന്ന ആത്മസ്തൈര്യമാണ്!
ഭയപ്പെടരുത് നാഥൻ കൂടെയുണ്ട്.!

Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

ആസിംക്കയുടെ ചായ മക്കാനി

പദശുദ്ധികോശം