നല്ല ഓർമ്മകളാകണം



   തന്റെ ജീവിതം കൊണ്ട് കാര്യമായൊന്നും ചെയ്യാതെ മടങ്ങിപ്പോയവരുടെ കുഴിമാടങ്ങളിൽ ഇങ്ങനെ എഴുതിയിരുന്നെങ്കിലോ.??
'Returned Unopened'
"തുറക്കപ്പെടാതെ മടങ്ങിപ്പോയവർ"...
     യൗവന ദശയിലോ വാർദ്ധക്യത്തിലോ എപ്പോഴാകട്ടെ നാം ഈ ലോകത്തോട് വിട പറയുമ്പോൾ എന്താകും നമ്മുടെ കുഴിമാടങ്ങളിൽ എഴുതപ്പെടുക..?  വെറും കയ്യാൽ തിരിച്ചു പോയവനെന്നോ..?
   നാം ഇവിടെ ജീവിച്ചിരുന്നുവെന്നതിന് എന്തൊരു അടയാളാണ് നാം ഈ ഭൂമിയിൽ ഉപേക്ഷിക്കുന്നതെന്ന ചോദ്യം  ജീവിതത്തെ കൂടുതൽ ഗൗരവത്തോടെ കാണാൻ പ്രേരിപ്പിക്കുന്ന ഒരാത്മവിചാരമാണ്.
പി.പി.രാമചന്ദ്രന്റെ കവിത ഓർക്കുന്നു. ഒരു കിളിക്ക് 
''ഇവിടെയുണ്ടു ഞാന്‍ എന്നറിയിക്കുവാന്‍ മധുരമാമൊരു കൂവല്‍ മാത്രം മതി.
ഇവിടെയുണ്ടായിരുന്നു ഞാനെന്നതിന്നൊരു വെറും തൂവല്‍ താഴെയെട്ടാല്‍ മതി.
ഇനിയുമുണ്ടാകുമെന്നതിന്‍ സാക്ഷ്യമായ്‌ അടയിരുന്നതിന്‍ ചൂടുമാത്രം മതി''
   എന്നാൽ നമ്മൾ മനുഷ്യർ അങ്ങനെയാണോ..? ഒന്നും ചെയ്യാതെ പറയാതെ നമുക്ക് എങ്ങനെ സാന്നിധ്യം അടയാളപ്പെടുത്താനാകും..?
    നുരുമ്പിയ വസ്ത്രങ്ങളോ പഴകിയ പാത്രങ്ങളോ ഒന്നും സ്മരണകൾ നിലനിർത്തണമെന്നില്ല. നമ്മോടൊപ്പം അല്ലെങ്കിൽ ഒരുപക്ഷേ നമ്മേക്കാൾ മുമ്പേ നശിച്ചുപോകുന്നവയാണതെല്ലാം. 
ചില മനുഷ്യരുടെയെങ്കിലും നല്ല ഓർമ്മകളായി നാം മാറണം. 
   എത്രയോ അധ്യാപകർ നമ്മെ പഠിപ്പിച്ചിരിക്കുന്നു എന്നിട്ടും ചിലരുടെ പേരുകൾ മാത്രം നാം പെട്ടെന്ന് ഓർത്തെടുക്കുന്നത് എന്ത് കൊണ്ടാണ്..? ഒരദ്ധ്യാപകൻ എത്രയോ വിദ്യാർത്ഥികളെ പഠിപ്പിച്ചിരിക്കും എന്നിട്ടും ചിലരെ കുറിച്ച് പറയുമ്പോൾ അവർ വാചാലരാകുന്നത് എന്തുകൊണ്ടാണ്..? ഉത്തരം ഒന്നേയൊള്ളു. എന്നും ഓർത്തെടുക്കാനുതകുന്ന ഓർമ്മകൾ സമ്മാനിച്ചവരായിരുന്നു അവരെല്ലാം.
    അദൃശ്യമായ കരങ്ങളാൽ നമ്മുടെ ജീവിതത്തെ ചിലരിപ്പോഴും സ്വാധീനിച്ചുകൊണ്ടിരിക്കുന്നില്ലേ..?  അവരുടെ ഓർമ്മകൾ പോലും നമ്മെ സന്തോഷിപ്പിക്കും.
   നമ്മുടെ കൂടെയുള്ള മനുഷ്യരുടെ നല്ല ഓർമ്മകളാവുക. അവർ നമ്മെ എന്നും ഒരു പ്രാർത്ഥനയായി തേങ്ങലോടെയോർക്കട്ടെ!!
   

Comments

Popular posts from this blog

രാത്രിമഴ പെയ്തൊഴിഞ്ഞു.

ആസിംക്കയുടെ ചായ മക്കാനി

പദശുദ്ധികോശം