അൽവദൂദ്; ഏറെ സ്നേഹിക്കുന്നവൻ
നിരന്തരം സ്നേഹത്തെ കുറിച്ച് സംസാരിച്ചവളാണ് മാധവിക്കുട്ടി. കിളിമകളുടെ കൊഞ്ചലിനെ കലാപമാക്കിയവളെന്ന് വിശേഷിപ്പിക്കപ്പെട്ടത് അതുകൊണ്ടാണ്. മാധവിക്കുട്ടിയിൽ നിന്ന് കമലാ സുരയ്യയിലേക്ക് എത്തുമ്പോൾ അവരുടെ എഴുത്തുകളിൽ ഒരു പരിധി വരെ പ്രകടമായൊരു മാറ്റം കാണാം. 'യാ അല്ലാഹ്' അത്തരമൊരു രചനയാണ്. തന്റെ ഇലാഹിനോടുള്ള അദമ്യമായ സ്നേഹമാണ് 'യാ അല്ലാഹ്' പങ്കുവെക്കുന്നത്.
''പ്രേമിച്ച് മരിച്ച ഭര്‍ത്താവെ!
പ്രേമിച്ച് വേറിട്ട കാമുകാ!
നിങ്ങള്‍ക്കറിയില്ല,
ഞാന്‍ സുരക്ഷിതയായെന്ന്,
ഞാനും സനാഥയായെന്ന്.''
സനാഥയെന്നാൽ നാഥനുള്ളവളെന്നർത്ഥം.
താൻ കണ്ടെത്തിയ പരമാർത്ഥിക സത്യത്തെ കുറിച്ചവർ തുടരുകയാണ്...
''എന്റെ ഒരേയൊരു രക്ഷകൻ;
നിന്റെ ശിക്ഷയ്ക്കർഹയാണ് ഞാൻ
സ്നേഹത്തിന്റെ ലഹരിയും
സ്നേഹാന്ത്യത്തിന്റെ വ്യഥയും
ഞാൻ എന്നേ പഠിച്ചിരിക്കുന്നു ''
സ്നേഹത്തിന്റെ യഥാർത്ഥ ഉറവിടം അവർ തിരിച്ചറിഞ്ഞുവെന്ന് വേണം കരുതാൻ.
സ്നേഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും വാചാലമാകുന്നതിന് മുമ്പ് സ്നേഹത്തിന്റെ യഥാർത്ഥ ഉറവിടം നാം കണ്ടെത്തേണ്ടിയിരിക്കുന്നു. അവളുടെ മിഴികളിൽ സൗന്ദര്യത്തെ കണ്ടെത്തുന്നതും അവന്റെ സ്നേഹത്തിൽ അവൾ കുളിരണിയുന്നതും മക്കളുടെ കൊഞ്ചലുകളിലാനന്ദിക്കുന്നതുമെല്ലാം റബ്ബിന്റെ സ്നേഹത്തിന്റെ ബഹിർസ്ഫുരണമാണെന്ന് നാം തിരിച്ചറിയാതെ പോകുന്നു. റൂമിയുടെ കവിത ഓർമ്മിക്കാം..
''കരിമ്പിൻമധുരം മധുരിക്കുമോ
കരിമ്പിൻപാടം സൃഷ്ടിച്ചവന്റെ മധുരത്തോളം?''
സ്നേഹത്തിന്നുറവിടം പ്രപഞ്ച സ്രഷ്ടാവായ റബ്ബാണ്. അവന്റെ നാമം പോലും 'അൽവദൂദ്' - തന്റെ ദാസന്മാരെ ഏറെ സ്നേഹിക്കുന്നവനെന്നാണ്. അവൻ പകുത്തു നൽകിയ സ്നേഹമാണ് സൃഷ്ടികളായ നാം പരസ്പരം പകരുന്നതും നുകരുന്നതും. അല്ലാഹു പറയുന്നില്ലേ..? " അവൻ നിങ്ങൾക്കിടയിൽ സ്നേഹവും കാരുണ്യവും ഉണ്ടാക്കിയിരിക്കുന്നു.'' ( വി.ഖു 30:21)
പ്രിയപ്പെട്ടവർ വേദനിക്കുമ്പോൾ കണ്ണു നിറയുന്നതും അവരെ ചേർത്തണക്കുമ്പോൾ കൽബ് നിറയുന്നതും നാഥൻ തന്ന അനുഗ്രഹത്താലല്ലാതെ മറ്റെന്താണ്..? ഈ കാരുണ്യം ഇല്ലായിരുന്നെങ്കിൽ നാം വെറും 'മനുഷ്യർ ' മാത്രമായി ചുരുങ്ങുമായിരുന്നു.
''എല്ലാ കൈവഴിയും പുഴയിലേക്കൊഴുകുന്നു. പുഴയോ, മഹാസമുദ്രത്തിലേക്കും'' എന്നതുപോലെ പ്രിയപ്പെട്ടവരോടുള്ള സ്നേഹം പ്രപഞ്ചനാഥനനോടുള്ള സ്നേഹത്തിലേക്ക് എത്താനുതകണം. അവിശുദ്ധ ബന്ധങ്ങൾ കൈയൊഴിയാനും പവിത്രബന്ധങ്ങൾ ചേർത്ത് പിടിക്കാനും ഈ തിരിച്ചറിവ് മാത്രം മതി.
പ്രിയപ്പെട്ടവരോടൊപ്പമുള്ള യാത്രയിലെവിടെയോ സ്നേഹനിധിയായ നാഥനെ നാം മറന്നു പോകുന്നുണ്ടോ..? സത്യനിഷേധികൾ അവനെ പോലെയൊ അതിലേറെയോ പലരേയും സ്നേഹിക്കുമ്പോൾ, വിശ്വാസികളാവട്ടെ അല്ലാഹുവിനെ അതിരറ്റ് ശക്തമായി സ്നേഹിക്കുന്നവരാണെന്ന് ഖുർആൻ പറയുന്നുണ്ട്.
വിശ്വാസികൾക്കെന്ത് ഇഷ്ടമാണെന്നോ അവരുടെ റബ്ബിനെ...! അന്ത്യയാമങ്ങളിൽ ഉണർന്ന് ഹൃദയഭാരം പങ്കിടുമ്പോഴും പുലർകാലം മുതൽ തസ്ബീഹ് ഉരുവിടുമ്പോഴും അവർക്ക് കിട്ടുന്ന ആത്മനിർവൃതി പറഞ്ഞറിയിക്കാവതല്ല.
സുദീർഘമായ കിയാമുകളും വിശാലമായ ദാനധർമ്മങ്ങളും ദൈവ മാർഗ്ഗത്തിലെ പ്രവർത്തനങ്ങളും അവരെ തളർത്താത്തത് അത്രമേൽ പ്രിയപ്പെട്ടൊരാൾക്ക് വേണ്ടിയാകുമ്പോഴാണ്. കഴുമരത്തിലും ഖുബൈബ് സുജൂദിനൊരവസരം കേണത് അത് കൊണ്ടല്ലേ...
നാഥാ.., നിന്നെയെല്ലാതെ മറ്റാരെയാണ് ഞങ്ങൾ നിന്നോളം സ്നേഹിക്കുക.... സ്നേഹനിധിയ റബ്ബേ... നിന്റെ കരുണാകടാക്ഷം ഞങ്ങളിൽ വർഷിക്കണേ...
Comments
Post a Comment